22 November Friday

ഹരിതകാന്തിയിൽ
പായം ഇക്കോപാർക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024

പായം പഞ്ചായത്തിലെ പെരുമ്പറമ്പ് ഇക്കോ പാർക്ക്

കണ്ണൂർ
 കണ്ടാലും കണ്ടാലും കൊതിതീരാക്കാഴ്‌ചകളുടെ പറുദീസയായ  ജില്ലയിൽ പുതിയൊരു ടൂറിസം കേന്ദ്രംകൂടി.  പ്രകൃതിയുടെ സൗന്ദര്യം നുകർന്ന്‌ അസുലഭനിമിഷങ്ങൾ ആസ്വദിക്കാൻ ഹരിതഭൂമികയൊരുക്കുകയാണ്‌ പായം പഞ്ചായത്ത്‌.  തദ്ദേശസ്ഥാപനങ്ങൾ ഒരു വിനോദസഞ്ചാരകേന്ദ്രമെന്ന ആശയമുയർത്തി ടൂറിസം വകുപ്പ്‌ അവതരിപ്പിച്ച ഡെസ്‌റ്റിനേഷൻ ചലഞ്ചാണ്‌ പായം പഞ്ചായത്ത്‌ സധൈര്യം ഏറ്റെടുത്തത്‌.  പെരുമ്പറമ്പിൽ നാലേക്കർ സ്ഥലത്ത്‌ അതിവിശാലമായ ഇക്കോ പാർക്ക്‌ ഒരുങ്ങുകയാണ്‌. 
അനുദിനം വളരുന്ന കേരളത്തിന്റെ വിനോദസഞ്ചാര മേഖലയെ പ്രാദേശികതലത്തിൽ ശക്തിപ്പെടുത്തുകയാണ്‌  ഡെസ്‌റ്റിനേഷൻ ചലഞ്ചിന്റെ ലക്ഷ്യം. ആഭ്യന്തര വിനോദസഞ്ചാരത്തിനും വൻസാധ്യതകളുള്ള ജില്ലയിൽ ഗ്രാമതലത്തിൽ വിനോദസഞ്ചാരകേന്ദ്രമെന്ന ആശയം പായം പഞ്ചായത്ത്‌ വിശദമായ പദ്ധതിയായി അവതരിപ്പിച്ചു. ഒന്നരവർഷം മുമ്പ്‌ ഏറ്റെടുത്ത പദ്ധതിക്ക്‌ ടൂറിസം വകുപ്പ്‌ അനുമതി ലഭിച്ചതോടെ നടപടി വേഗത്തിലായി.  
ജലവിഭവവകുപ്പിന്റെ അധീനതയിലുള്ള സ്ഥലം സാമൂഹ്യവനവൽക്കരണവിഭാഗമാണ്‌ പരിപാലിച്ചിരുന്നത്‌. നാലേക്കറിൽ വനവൽക്കണപദ്ധതിയും നടപ്പാക്കിയിരുന്നു. ഡെസ്‌റ്റിനേഷൻ ചലഞ്ചിൽ ഉൾപ്പെട്ടതോടെ ഇക്കോ പാർക്ക്‌ നിർമിക്കാൻ അമ്പത്‌ ലക്ഷം രൂപ ടൂറിസം വകുപ്പ്‌ അനുവദിച്ചു. ജില്ലാ പഞ്ചായത്ത്‌ 20 ലക്ഷവും ബ്ലോക്ക്‌ പഞ്ചായത്ത്‌ മൂന്ന്‌ ലക്ഷവും പായം പഞ്ചായത്ത്‌ 18. 5 ലക്ഷവും നൽകി.   പച്ചപ്പ്‌ നിറഞ്ഞ സ്വാഭാവികപ്രകൃതിയാണ്‌ ഇക്കോ പാർക്കിന്റെ  ആകർഷണം. ഇരിപ്പിടങ്ങൾ, ഊഞ്ഞാലുകൾ, ശിൽപ്പം, കഫ്‌റ്റേരിയ,  വാച്ച്‌ ടവർ, വയനാടൻ ഉൽപ്പന്നങ്ങളുടെ വിൽപ്പനകേന്ദ്രം തുടങ്ങിയവ പാർക്കിലുണ്ടാവും. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ  ഭാഗമായുള്ള ഹരിതടൂറിസം കേന്ദ്രമായി പെരുമ്പറമ്പ്‌ ഇക്കോ പാർക്കിനെ ഒക്‌ടോബർ രണ്ടിന്‌ പ്രഖ്യാപിക്കും. 
ഇക്കോ പാർക്കിന്റെ പ്രവൃത്തി  90 ശതമാനം  പൂർത്തിയായതായി പായം പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി രജനി പറഞ്ഞു. അനുഭവവേദ്യം ടൂറിസത്തിന്റെ വലിയ സാധ്യതകളാണ്‌ പാർക്കിനുള്ളത്‌. പാർക്ക്‌ ഡിസംബറിൽ പ്രവർത്തനം തുടങ്ങാനാകുമെന്ന്‌ പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top