കണ്ണൂർ
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ഉദ്‌ഘാടന ദിവസമായ ഒക്‌ടോബർ രണ്ടിന് ജില്ലയിൽ തുടങ്ങുന്നത് 93 മാതൃകാ പദ്ധതികൾ. ജില്ലയുടെ സുസ്ഥിര ശുചിത്വത്തിനായി നാടൊട്ടാകെ ഒറ്റക്കെട്ടായി കൈകോർക്കുകയാണ് ജനകീയ ക്യാമ്പയിനിലൂടെ.
നിടുംപൊയിൽ –-വയനാട് റോഡിൽ 29ാം മൈലിൽ 600 മീറ്റർ നീളത്തിലാണ് ശുചിത്വവേലി തീർത്തത്. കണിച്ചാർ, കോളയാട് പഞ്ചായത്തുകളിലായി പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ 30 ലക്ഷം രൂപ ചെലവഴിച്ചാണ് ശുചിത്വവേലി നിർമ്മിച്ചത്. കണിച്ചാർ പഞ്ചായത്ത് 15 ലക്ഷം രൂപ ചെലവഴിച്ച് നിടുംപൊയിൽ റോഡിൽ ഏലപ്പീടികയിൽ നിർമിച്ച ശുചിത്വ പാർക്ക് തുറന്നുനൽകും.
ചെറുതാഴം വിളയാങ്കോട് വാദിഹുദ കോളേജിനെ ഹരിത ക്യാമ്പസായി പ്രഖ്യാപിക്കും. പെരളശേരിയിൽ റിസോഴ്സ് റിക്കവറി സെന്ററിന്റെ പ്രവർത്തനം ഉദ്ഘാടനംചെയ്യും.
പായം പഞ്ചായത്തിലെ പെരുമ്പറമ്പിൽ നിർമ്മിച്ച ഇക്കോ പാർക്കിനെ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കും. മട്ടന്നൂർ നഗരസഭയിലെ മുഴുവൻ സ്കൂളുകളിലും ഹരിത വിദ്യാലയം പദ്ധതി തുടങ്ങും. കണ്ണപുരം പഞ്ചായത്ത് ഹരിതകർമ സേന ഏഴ് ഹരിതസംരംഭങ്ങൾ ആരംഭിക്കും. തുണിസഞ്ചി നിർമാണ യൂണിറ്റ്, ഇനോക്കുലം - ചകിരി കമ്പോസ്റ്റ് നിർമാണ യൂണിറ്റ്, ക്ലീനിങ് യൂണിറ്റ്, എൽഇഡി ബൾബ് റിപ്പയറിങ് യൂണിറ്റ്, ഹരിതമാംഗല്യം, - കല്യാണ വീടുകളിലും ചടങ്ങുകളിലും പൊതു പരിപാടികളിലും പ്ലാസ്റ്റിക്/ ഡിസ്പോസിബിൾ രഹിത ബദൽ ഉൽപന്നങ്ങൾ വാടകയ്ക്ക് നൽകൽ, പാഴ് വസ്തുക്കൾകൊണ്ട് പൂച്ചട്ടി നിർമാണ യൂണിറ്റ്, ഡിഷ് വാഷ് നിർമാണ യൂണിറ്റ് എന്നിവയാണ് തുടങ്ങുന്നത്. പെരളശേരിയിലെ മുഴുവൻ സ്‌കൂളുകളിലും ശുചിത്വറേഡിയോ തുടങ്ങും.
വേങ്ങാട് പാച്ചപൊയ്‌കയിൽ മുടങ്ങാതെയുള്ള ശുചീകരണവും വ്യാപാരികളുടെ സമ്പൂർണ സഹകരണവുമുള്ള മാതൃകാ ടൗൺ പ്രഖ്യാപനം. നാറാത്ത് പഞ്ചായത്തിൽ കാക്കത്തോട് നീർച്ചാലിന്റെ ഇരുകരകളിലും കൃഷി ആരംഭിക്കുന്നതിന്റെ ഉദ്‌ഘാടനം എന്നിവയും നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..