22 November Friday
അന്താരാഷ്‍ട്ര വിനോദസഞ്ചാര ദിനം

പ്രകൃതി ലാവണ്യ ഭൂമിക

സ്വന്തം ലേഖകൻUpdated: Friday Sep 27, 2024

മൂന്നാറിലെത്തിയ സഞ്ചാരികൾ തേയിലത്തോട്ടത്തിൽ ഫോട്ടോയെടുക്കുന്നു ഫോട്ടോ: ജിഷ്ണു പൊന്നപ്പൻ

ഇടുക്കി 
സഞ്ചാരികളുടെ പറുദീസയായ ഇടുക്കിയില്‍ കാഴ്‍ചകള്‍ തീരുന്നില്ല. ഓരോദിവസവും പുതിയ കാഴ്‍ചകളൊരുക്കിയാണ് ഇടുക്കിയെന്ന മിടുക്കി സഞ്ചാരികളെ കാത്തിരിക്കുന്നത്. മറ്റൊരു വിനോദസഞ്ചാര ദിനംകൂടി കടന്നുവരുമ്പോള്‍ ലോകസഞ്ചാര ഭൂപടത്തില്‍ ഇടുക്കിയുടെ സൗന്ദര്യം വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. സംസ്ഥാന ടൂറിസം വകുപ്പ് വൈവിധ്യങ്ങളായ പദ്ധതികളിലൂടെയാണ് ഇടുക്കി കാഴ്‍ചകള്‍ ഒരുക്കുന്നത്. 
വെള്ളിയാഴ്‍ച നിരവധി ആഘോഷപരിപാടികളാണ് ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നടത്തുന്നത്. സഞ്ചാരികളെ വരവേറ്റും സ്കൂൾ, കോളേജ്, മറ്റ് സംഘടനകളുമായി സഹകരിച്ചുമാണ് പരിപാടികൾ. മൂന്നാർ ബൊട്ടാണിക്കൽ ഗാർഡനിൽ ഹിൽദാരി മൂന്നാറുമായി സഹകരിച്ച് ഫ്ലാഷ്‍മോബ്, സെമിനാർ എന്നിവ സംഘടിപ്പിക്കും. പാഞ്ചാലിമേട്ടില്‍ ഹരിതകർമ്മ സേനയുമായി ചേർന്ന് മെഗാ ക്ലീനിങ് പ്രോഗ്രാം നടത്തും. ശ്രീനാരായണപുരത്ത് സാൻജൊ കോളേജ് രാജാക്കാടുമായി സഹകരിച്ച് സെമിനാർ, അരുവിക്കുഴിയില്‍ ചക്കുപള്ളം സെന്റ് ഡോമിനിക് സ്കൂളുമായി സഹകരിച്ച് സെമിനാർ, ശുചീകരണം എന്നിവയും വാഗമൺ സാഹസിക പാര്‍ക്കില്‍ സെമിനാർ, ശുചീകരണം എന്നിവയും നടത്തും. വാഗമൺ സഞ്ചാരികൾക്ക് മധുര വിതരണം, മൊട്ടക്കുന്നില്‍ പട്ടം പറത്തൽ മത്സരം എന്നിവയുണ്ടാകും. ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും സഞ്ചാരികളെ വരവേൽക്കാൻ മധുരം വിതരണംചെയ്യും. 
 
തിരക്കേറി ഓണം
ഓണത്തോട് അനുബന്ധിച്ച് ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും സഞ്ചാരികളുടെ വലിയ തിരക്കായിരുന്നു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ പതിനായിരങ്ങളാണ് ഡിടിപിസിയുടെ വിവിധ കേന്ദ്രങ്ങളിലെത്ത് കാഴ്‍ചകള്‍ കണ്ട് മടങ്ങിയത്. മഴമാറിനിന്നതും അനുകൂല ഘടകമായി. 2023 ഓണം സീസണില്‍ അവധി തുടങ്ങിയ ആ​ഗസ്‍ത് 27 മുതല്‍ സെപ്ഡതംബര്‍ മൂന്നുവരെ 1,34,522 സഞ്ചാരികളാണ് ജില്ലയിലെത്തിയത്. എന്നാല്‍ ഇത്തവണ ഓണാവധിക്കാലമായ സെപ്തംബര്‍ 14 മുതല്‍ 22 വരെ 1,64,205 പേരെത്തി. 29,683 പേരുടെ വര്‍ധനവാണുണ്ടായത്. മാട്ടുപ്പെട്ടി, രാമക്കല്‍മേട്, അരുവിക്കുഴി എന്നിവിടങ്ങളിലൊഴികെ മറ്റെല്ലായിടത്തും സഞ്ചാരികളുടെ എണ്ണം കഴിഞ്ഞവര്‍ഷത്തേക്കാള്‍ കൂടി. വാമ​ഗമണ്‍ മൊട്ടക്കുന്നിലും സാഹസിക പാര്‍ക്കിലും മാത്രം 15,921 പേര്‍ കൂടുതലായെത്തി. ഇടുക്കി ഹില്‍വ്യൂ പാര്‍ക്കില്‍ 9297 പേരും കഴിഞ്ഞവര്‍ഷത്തേക്കാള്‍ കൂടുതലെത്തി. 
 
കാണാനേറെ
ഡിടിപിസിയുടെ കേന്ദ്രങ്ങള്‍ക്ക് പുറമേ ഇടുക്കിയില്‍ കാഴ്‍ചകളേറെയാണ്. മൂന്നാർ, കാന്തല്ലൂർ, വട്ടവട, കുമളി തുടങ്ങി നിരവധി ജനപ്രിയ ഇടങ്ങളുണ്ട്‌. ആനയടിക്കുത്ത്‌, തൊമ്മൻകുത്ത്‌, ഞണ്ടിറുക്കി, ചീയപ്പാറ, തൂവാനം, കീഴാർകുത്ത്‌, വളഞ്ഞങ്ങാനം, മദാമ്മക്കുളം, പള്ളിവാസൽ, ചെല്ലാർകോവിൽ തുടങ്ങിയ ജലപാതങ്ങള്‍ വിസ്‌മയക്കാഴ്‌ചയൊരുക്കും. ഹൈഡൽ ടൂറിസത്തിന്റെ ഭാഗമായി ജലസംഭരണികൾ കാണാം. ഇടുക്കി അണക്കെട്ടാണ്‌ കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നത്‌. മാട്ടുപ്പെട്ടി, പൊന്മുടി, നേര്യമംഗലം, കുണ്ടള, കുളമാവ്‌, കല്ലാർകുട്ടി, മൂന്നാർ ഹെഡ്‌വർക്‌സ്‌, പള്ളിവാസൽ തുടങ്ങിയ മേഖലയിലെ അണക്കെട്ടുകളും കാത്തിരിക്കുന്നു. രാമക്കൽമെട്ട്, കമ്പംമെട്ട്, ബോഡിമെട്ട്, രാജപ്പാറമെട്ട്, ചെല്ലാർകോവിൽമെട്ട്, ചതുരംഗപ്പാറമെട്ട് തുടങ്ങി മെട്ടുകൾ(മേട്‌) നിരവധിയുണ്ട് ജില്ലയിൽ. കൊളുക്കുമല, പെരിയാർ ടൈഗർ റിസർവ്‌, ഇരവികുളം ദേശീയോദ്യാനം, വട്ടവട–- കാർഷികപൈതൃകഗ്രാമം തുടങ്ങി കാണാനിറങ്ങിയാല്‍ മതിവരാത്ത അത്ര കാഴ്‍ചകളാണ് ഇടുക്കി സമ്മാനിക്കുന്നത്.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top