28 October Monday

കൽപ്പറ്റ പുതിയ ബസ്‌ സ്‌റ്റാൻഡ്‌ ബിഒടി കമ്പനിക്ക്‌ ലക്ഷങ്ങളുടെ ഇളവിന്‌ 
നഗരസഭ, എതിർത്ത്‌ എൽഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024
കൽപ്പറ്റ
കൽപ്പറ്റ പുതിയ ബസ്‌ സ്‌റ്റാൻഡിന്റെ ബിഒടി കരാർ കമ്പനിക്ക്‌ തുക ഇളവ്‌ ചെയ്‌തുകൊടുക്കാനുള്ള നഗരസഭയുടെ ആസൂത്രിത നീക്കം എൽഡിഎഫ്‌ കൗൺസിലർമാരുടെ ഇടപെടലിൽ പാളി. 44,47,594 രൂപ ബിഒടി കമ്പനി നഗരസഭയ്‌ക്ക്‌ അടയ്ക്കാതെ കുടിശ്ശിക വരുത്തിയതായി ഓഡിറ്റിൽ കണ്ടെത്തിയിരുന്നു.  
കുടിശ്ശിക അടപ്പിക്കുകയോ, വ്യവസ്ഥകൾ ലംഘിച്ച കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കുകയോ ചെയ്യാതെ തുക ഇളവുചെയ്‌ത്‌ ഓഡിറ്റ്‌ തടസ്സം നീക്കാൻ യുഡിഎഫ്‌ ഭരണസമിതി നടത്തിയ വളഞ്ഞ ശ്രമമാണ്‌ വിജയിക്കാതെ പോയത്‌. 44,47,594 രൂപയുടെ കുടിശ്ശികയാണ്‌ ഓഡിറ്റിൽ കണ്ടെത്തിയത്‌. എന്നാൽ 17,74,499 രൂപയെ അടയ്‌ക്കാനുള്ളൂവെന്നാണ്‌ കരാർ കമ്പനിയുടെ നിലപാട്‌. ഇത്‌ സാധൂകരിച്ചുകൊടുക്കാൻ വിളിച്ച അടിയന്തര കൗൺസിൽ യോഗത്തിൽ എൽഡിഎഫ്‌ അംഗങ്ങൾ എതിർപ്പ്‌ ഉന്നയിച്ചതോടെ ഏക അജൻഡ തന്നെ ഉപേക്ഷിച്ച്‌ ഭരണസമിതി ഒളിച്ചോടി. 
തുക കുറവുചെയ്യാനും അടയ്‌ക്കാൻ സാവകാശം നൽകാനുമുള്ള തീരുമാനം എടുക്കാനായാണ്‌ അടിയന്തര കൗൺസിൽ വിളിച്ചതെന്ന്‌ എൽഡിഎഫ്‌ അംഗങ്ങൾ ആരോപിച്ചു. ശനി രാവിലെ 10ന്‌ കൗൺസിൽ നിശ്ചയിച്ച്‌ വെള്ളിയാഴ്‌ചയാണ്‌ കത്തുനൽകിയത്‌. കൗൺസിൽ ആരംഭിച്ചപ്പോൾതന്നെ എൽഡിഎഫ്‌ കൗൺസിലർമാർ പ്രതിഷേധം ഉയർത്തി. ആന്വിറ്റി (വർഷം അടയ്‌ക്കേണ്ട തുക) കണക്കാക്കുന്നതിൽ ഓഡിറ്റ്‌ റിപ്പോർട്ടിൽ പറയുന്ന വർഷവും കമ്പനി കണക്കാക്കിയ വർഷവും വ്യത്യസ്‌തമായതിനാൽ കാലാവധി കണക്കാക്കുന്നതിന്‌ നിയമോപദേശം തേടാനുള്ള തീരുമാനം എടുക്കണമെന്ന്‌ ചെയർമാൻ ടി ജെ ഐസക്‌ പറഞ്ഞു. നിയമവ്യവസ്ഥകൾ ലംഘിച്ചതിനാൽ ബിഒടി കരാർ റദ്ദാക്കണമെന്നും വർഷങ്ങളായി തുക അടപ്പിക്കുന്നതിൽ വീഴചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും എൽഡിഎഫ്‌ കൗൺസിലർമാർ ആവശ്യപ്പെട്ടു. നഗരസഭയ്‌ക്ക്‌ കിട്ടേണ്ട ലക്ഷങ്ങൾ പിരിച്ചെടുക്കാത്ത ഭരണസമിതി രാജിവയ്‌ക്കണമെന്നും ആവശ്യമുയർന്നതോടെ അജൻഡ മറ്റൊരു ദിവസത്തേക്ക്‌ മാറ്റിയതായി അറിയിച്ച്‌ കൗൺസിൽ യോഗം അവസാനിപ്പിച്ചു. 
 
ആർജെഡി 
ധർണ നടത്തി
കൽപ്പറ്റ
വ്യവസ്ഥകൾ ലംഘിച്ചതിനാൽ പുതിയ ബസ്‌ സ്‌റ്റാൻഡിന്റെ ബിഒടി കരാർ റദ്ദാക്കണമെന്നും കരാറുകാരന്‌ തുക ഇളവ്‌ ചെയ്‌ത്‌ കൊടുക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട്‌ ആർജെഡി നഗരസഭാ ധർണ നടത്തി. ജില്ലാ വർക്കിങ് പ്രസിഡന്റ്‌ പി കെ അനിൽ കുമാർ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ ഡി രാജൻ, പി പി ഷൈജൽ, സി കെ നൗഷാദ്‌ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top