തിരുവല്ല
രാപകലുകളെ ധന്യമാക്കി സ്കൂൾ പ്രതിഭകളുടെ കൗമാര വസന്തോത്സവത്തിന് തുടക്കമായി. ജില്ലയിലെ ഏറ്റവും വലിയ കൗമാര മേളയായ ജില്ലാ സ്കൂൾ കലോത്സവം ചൊവ്വാഴ്ച രാവിലെ തിരുമൂലപുരത്തെ അഞ്ച് സ്കൂളുകളിയായി ആരംഭിച്ചു. നാല് ദിനരാത്രങ്ങൾ ഇനി കലയുടെ പൊടിപൂരം.
എസ്എൻ വിഎസ് ഹൈസ്കൂൾ മൈതാനിയിൽ ഒരുക്കിയ മുഖ്യവേദിയിൽ മന്ത്രി വീണാ ജോർജ് കലയുടെ കളിവിളക്ക് തെളിയിച്ചു. 10നുതന്നെ ആരംഭിച്ച ഉദ്ഘാടനച്ചടങ്ങിൽ അഡ്വ. മാത്യു ടി തോമസ് എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ആർ അജയകുമാർ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ബി ആർ അനില, മുൻസിപ്പൽ കൗൺസിലർമാരായ ജോസ് പഴയിടം, ഫിലിപ്പ് ജോർജ്, ഡോ. റെജിനോൾഡ് വർഗീസ്, ചെങ്ങന്നൂർ ആർഡിഡി വി കെ അശോക് കുമാർ, പത്തനംതിട്ട ഡിഇഒ കെ പി മൈത്രി, തിരുവല്ല ഡിഇഒ ഡി ഷൈനി, റിസപ്ഷൻ കമ്മിറ്റി കൺവീനർ സജി അലക്സാണ്ടർ എന്നിവർ സംസാരിച്ചു.
13 വേദികളിലായി 31 ഇനങ്ങളിലാണ് ആദ്യദിനം മത്സരം നടന്നത്. 1,936 കുട്ടികളാണ് ഒന്നാംദിനം അരങ്ങിലെത്തിയത്. തിരുവാതിരയും മാർഗംകളിയും കേരള നടനവും സംഘനൃത്തവും നാടൻ പാട്ടും ശാസ്ത്രീയ സംഗീതവും ചെണ്ടമേളവും എല്ലാം ഒന്നാം ദിനത്തിൽ അരങ്ങു തകർത്തു. രണ്ടാം ദിവസമായ ബുധനാഴ്ച നാടകം, മോഹിനിയാട്ടം, നാടോടിനൃത്തം, മോണോ ആക്ട്, മിമിക്രി തുടങ്ങി 25 ഇനങ്ങളിൽ മത്സരം നടക്കും. 1,326 കുട്ടികൾ ബുധനാഴ്‌ച മാറ്റുരയ്‌ക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..