തിരുവനന്തപുരം
അഖിലേന്ത്യാ കിസാൻ സംഘർഷ് സമിതിയുടെ ആഹ്വാന പ്രകാരം ജില്ലയിലെ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ കർഷകനേതാക്കളുടെ പ്രതിഷേധം. കോവിഡിന്റെ മറവിൽ കാർഷിക മേഖലയേയും പൊതുമേഖലാ സ്ഥാപനങ്ങളെയും സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര നയത്തിനെതിരായാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ജില്ലാകേന്ദ്രങ്ങൾക്ക് പുറമെ ഏരിയ കേന്ദ്രങ്ങളിലും പ്രതിഷേധം നടന്നു. തിരുവനന്തപുരത്ത് എജീസ് ഓഫീസിനു മുന്നിൽ നടന്ന സമരം കേരള കർഷക സംഘം സംസ്ഥാന സെക്രട്ടറി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ആത്മ നിർഭർ ഭാരത് എന്ന് ഒരു ഭാഗത്ത് പറയുകയും മറുഭാഗത്ത് രാജ്യത്തെ കോർപറേറ്റുകൾക്ക് വിൽക്കുകയുമാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സംയുക്ത കർഷക സമതി ജില്ലാ ചെയർമാൻ മാങ്കോട് രാധാകൃഷ്ണൻ അധ്യക്ഷനായി. കെ സി വിക്രമൻ, വി എസ് പത്മകുമാർ (കർഷക സംഘം) മുരളി പ്രതാപ് , എസ് വിജയകുമാർ (കിസാൻ സഭ ), സി പ്രസന്നകുമാർ (കർഷക കോൺഗ്രസ് -എസ്), പള്ളിച്ചൽ വിജയൻ (കിസാൻ ജനത) പോത്തൻകോട് വിജയൻ, തമ്പാനൂർ രാജീവ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
ടി എസ് ബിനുകുമാർ സ്വാഗതം പറഞ്ഞു. പ്രധാനമന്ത്രിയുടെ കർഷക വിരുദ്ധ നയങ്ങൾ തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഓരോ യൂണിറ്റിൽനിന്നും പ്രധാനമന്ത്രിക്ക് കത്തുകളയക്കുന്നതിനും തുടക്കമായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..