തിരുവനന്തപുരം
കല്ലിയൂർ പഞ്ചായത്തിൽ 25 ഏക്കർ തരിശഭൂമിയിൽ കാർഷിക സമൃദ്ധിക്ക് തുടക്കം കുറിച്ചു. സിപിഐ എം കല്ലിയൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വാഴ, മരച്ചീനി, നെൽകൃഷി, പച്ചക്കറി കൃഷി എന്നിവ നടപ്പാക്കുന്നത്. ഇതിനുപുറമെ ആയിരം വീടുകളിൽ മട്ടുപ്പാവ് കൃഷിയും മത്സ്യകൃഷിയും ചെയ്യും. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം വി ശിവൻകുട്ടി പദ്ധതി ഉദ്‌ഘാടനം ചെയ്‌തു. മൂന്ന് വാർഡുകളിൽ മാത്രമായി മത്സ്യകൃഷി നടപ്പാക്കും. വെള്ളായണി കാർഷിക കോളേജിലെ വിദഗ്‌ധരെ ഉൾപ്പെടുത്തി ടെക്നിക്കൽ കമ്മിറ്റി രൂപീകരിച്ചു.
മത്സ്യകൃഷി ഉദ്ഘാടനം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എം എം ബഷീറും മട്ടുപ്പാവ് കൃഷിക്കുള്ള ഗ്രോബാഗ് വിതരണം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രനും നിർവഹിച്ചു. കല്ലിയൂർ ശ്രീധരൻ , ജി വസുന്ധരൻ, ജി എൽ ഷിബുകുമാർ, എസ് വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു. പതിനഞ്ച് വർഷമായി തരിശുകിടന്ന ഭൂമി കൃഷിക്കായി വിട്ടുനൽകിയ ദിലീപിനെ ചടങ്ങിൽ ആദരിച്ചു.കോവിഡാനന്തരമുള്ള ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാനത്തെ തരിശ് ഭൂമിയിൽ കൃഷിയിറക്കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർഥനയോടൊപ്പം ചേർന്ന് നിൽക്കാനും പ്രാവർത്തികമാക്കാനുമാണ് തീരുമാനം. ലോക്കൽ മേഖലയിലെ 10 വാർഡുകളിൽ കർഷകരുടെ കൂട്ടായ്മ രൂപീകരിച്ച് വിപുലമായ കൃഷിയിറക്കലാണ് നടക്കുന്നത്.
മേലാറ്റിങ്ങലിൽ 15 ഏക്കർ
ആറ്റിങ്ങൽ
സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി മേലാറ്റിങ്ങലിൽ തരിശായി കിടന്ന 8.5 ഏക്കർ പാടശേഖരത്തിലും 7ഏക്കർ കരഭൂമിയിലും കൃഷി ആരംഭിച്ചു. കർഷക സംഘത്തിന്റെയും കർഷകത്തൊഴിലാളി യൂണിയന്റെയും നേതൃത്വത്തിലാണ് കൃഷിയിറക്കിയത്. നെൽകൃഷി സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. അഡ്വ. ബി സത്യൻ എംഎൽഎ അധ്യക്ഷനായി. കർഷകത്തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി ആർ രാജു, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ രാമു, ജില്ലാകമ്മിറ്റി അംഗം ജി സുഗുണൻ, ഏരിയ സെക്രട്ടറി അഡ്വ. എസ് ലെനിൻ, കർഷക സംഘം ഏരിയ സെക്രട്ടറി സി ദേവരാജൻ, സി ജെ രാജേഷ് കുമാർ, എം മുരളി, എസ് ബാബു, ശ്രീജിത്ത്, പുരുഷോത്തമൻ, പ്രഭാകരൻ നായർ, അനിൽകുമാർ, സുരേഷ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ റിട്ട. കൃഷി ഓഫീസർ പുരുഷോത്തമനെ ആദരിച്ചു. ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൂര്യ സോഷ്യൽ ക്ലബ് ആൻഡ് ഹൈവെ കോംബ് എന്ന സംഘടന എൻട്രൻസ് വിദ്യാർഥിനി ശരണ്യക്ക് 50000 രൂപയുടെ ധനസഹായവും നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..