23 December Monday

വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ നടപടി

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024
 
കൽപ്പറ്റ
ജില്ലയിൽ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ നടപടി സ്വീകരിക്കുമെന്ന് ജില്ലാ വികസന സമിതി യോഗം.  കൊഴിഞ്ഞുപോക്ക് തടയുന്നതിനായി  ബത്തേരി നഗരസഭയിൽ വിജയകരമായി നടപ്പാക്കിയ ഡ്രോപ്പ് ഔട്ട് ഫ്രീ വയനാട് പദ്ധതി ജില്ലയിൽ വ്യാപിപ്പിക്കും. പദ്ധതി മാതൃകയാക്കി മറ്റ് തദ്ദേശ സ്ഥാപനങ്ങളും പദ്ധതി നടപ്പാക്കണമെന്ന്   യോഗം ആവശ്യപ്പെട്ടു.   
കൽപ്പറ്റ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കൻ നടപടി വേണമെന്ന് ടി സിദ്ദിഖ് എംഎൽഎ ജില്ലാ വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. കൈനാട്ടി മുതൽ അയ്യപ്പക്ഷേത്രം ജങ്ഷൻ വരെയുള്ള ഗതാഗതക്കുരുക്ക് സംബന്ധിച്ച് പഠനം നടത്താനും പരിഹാര മാർഗങ്ങൾ നിർദേശിക്കുന്നതിനും ജില്ലാ കേന്ദ്രമായ കൽപ്പറ്റയിൽ സംവിധാനം ഒരുക്കണം.  ജില്ലയിലെ മനുഷ്യ–-വന്യജീവി സംഘർഷ ലഘൂകരണത്തിന് സമഗ്രമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ടെന്നും സമഗ്ര ചർച്ചയ്ക്ക് ശേഷം ഒരു മാസത്തിനുള്ളിൽ അന്തിമ ഡിപിആർ സമർപ്പിക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു.
 പടിഞ്ഞാറത്തറ- പൂഴിത്തോട് റോഡ് നിർമാണത്തിന്റെ സാധ്യതാ പഠനവുമായി ബന്ധപ്പെട്ട നടപടിപുരോഗമിക്കുന്നുണ്ടെന്ന് എക്‌സിക്യൂട്ടീവ് എൻജിനിയർ യോഗത്തെ അറിയിച്ചു. റോഡ് നിർമാണ പ്രവൃത്തി  ഉടനെ ആരംഭിക്കാൻ ഉദ്യോഗസ്ഥർക്ക് കലക്ടർ നിർദേശംനൽകി. വെള്ളമുണ്ട- തോട്ടോളിപ്പടി റോഡ് നിർമാണ പ്രവൃത്തി മഴ കുറയുന്ന മുറയ്ക്ക് പൂർത്തീകരിക്കുമെന്ന് എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. വനം വകുപ്പിന്റെ അനുമതി ലഭിച്ചശേഷം എൻആർഇജിഎ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രിയദർശിനി എസ്റ്റേറ്റിന്റെ കാഞ്ഞിരങ്ങാട് യൂണിറ്റിലേക്കുള്ള റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി നിർവഹിക്കുമെന്ന് തൊണ്ടർനാട് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.     ശുചിത്വ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് വകുപ്പുകളിൽ നടപടി സ്വീകരിക്കണമെന്നും വകുപ്പുകൾ പൂർണമായി പ്ലാസ്റ്റിക് വിമുക്തമാകണമെന്നും ജില്ലാ ശുചിത്വമിഷൻ കോ ഓർഡിനേറ്റർ അറിയിച്ചു. തെരുവുനായ ശല്യം ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിഹരിക്കുന്നതിന് ജില്ലാ തലത്തിൽ ഒരു ഫോഴ്‌സ് രൂപീക്കരിക്കണമെന്ന് ബത്തേരി നഗരസഭ ചെയർമാൻ ടി കെ രേമേശ് ആവശ്യപ്പെട്ടു. ടേക്ക് എ ബ്രേക്ക് പദ്ധതിയിലെ സാങ്കേതിക തടസ്സം നീക്കുന്നതിന് നടപടി  സ്വീകരിക്കണമെന്നും ചെയർമാൻ പറഞ്ഞു. 
  കലക്ടർ ഡി ആർ മേഘശ്രീ അധ്യക്ഷയായ ജില്ലാ വികസന സമിതി യോഗത്തിൽ അഡ്വ. ടി സിദ്ധിഖ് എംഎൽഎ, എഡിഎം കെ ദേവകി, സബ് കലക്ടർ മിസാൽ സാഗർ ഭഗത്, അസി.കലക്ടർ എസ്  ഗൗതം രാജ്, പ്ലാനിങ് ഓഫീസർ പി ആർ രത്‌നേഷ്  എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top