30 October Wednesday

ജയചന്ദ്രന്‌ എല്ലാം അഭിനയമല്ല

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024

ജയചന്ദ്രൻ കോട്ടക്കൊച്ചി

പുല്ലൂർ
ജീവിതദുരിതങ്ങൾക്കിടയിലും നാടകത്തെ ഒപ്പം കൂട്ടിയ ജയചന്ദ്രൻ കോട്ടക്കൊച്ചി സിനിമാ  രംഗത്തും ചുവടുറപ്പിക്കുന്നു. നൂറിലേറെ നാടകങ്ങളിൽ അഭിനയിച്ച്‌  തന്റേതായ ഇടം കണ്ടെത്തിയുണ്ട്‌ പുല്ലൂർ കൊടവലം കോട്ടക്കൊച്ചിയിലെ ഈ അമ്പത്തൊന്നുകാരൻ. 
വിനു കോളിച്ചാൽ സംവിധാനംചെയ്ത സർക്കാസ് സിർക്ക 2020 എന്ന സിനിമയിലാണ്  ആദ്യമായി അഭിനയിച്ചത്. ബിജു മേനോനും ആസിഫലിയും പ്രധാനവേഷങ്ങളിലെത്തുന്ന തലവൻ  സിനിമയിലും വേഷമിട്ടു. ടൊവിനോ തോമസ് നായകനായ അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിന്റെ ചിത്രീകരണം നടന്നുവരുന്നു. വിനു കോളിച്ചാൽ സംവിധാനം ചെയ്യുന്ന യുദ്ധാനന്തരം രുഗ്മിണി എന്ന സിനിമയിൽ പ്രധാന കഥാപാത്രത്തെയും  അവതരിപ്പിക്കുന്നു. 
കോഴിക്കോട് ചിരഞ്ജന, സൂര്യശ്രീ, യവനകേളി തുടങ്ങിയ പ്രാഫഷണൽ നാടക ട്രൂപ്പുകളുടെ നാടകങ്ങളിലാണ് ജയചന്ദ്രൻ കൂടുതൽ അഭിനയിച്ചത്. നാടകം രചിച്ചും സംവിധാനം ചെയ്തും മികവ്‌ തെളിയിച്ചിട്ടുണ്ട്. ടെക്‌നീഷ്യനായും പ്രവർത്തിച്ചു.  'കാലന്റെ കാലക്കേട് ' ജയചന്ദ്രൻ  സ്വന്തമായി  അഭിനയിച്ച നാടകമാണ്. ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂർ സംവിധാനംചെയ്ത ദൈവമക്കൾ,   ബാബുരാജ് കോടോത്തിന്റെ അതിരുകൾക്കപ്പുറം തുടങ്ങിയ ടെലിഫിലിമുകളിൽ വേഷമിട്ടു. മനോജ് അമ്പലത്തറയുടെ രണ്ട് ടെലിഫിലിമുകളിലും ശ്രദ്ധേയ വേഷംചെയ്തു. വാർത്തകൾ തുടരുന്നു  ടെലിഫിലിം ഓണത്തിന് റിലീസാവും. 
എട്ടാംക്ലാസ് മുതൽ  ജയചന്ദ്രൻ നാടകാഭിനയം തുടങ്ങി. നിരവധി സ്‌കൂൾ നാടകങ്ങളിൽ  സമ്മാനം വാരിക്കൂട്ടി. കഥകളും കവിതകളും എഴുതിയിട്ടുണ്ട്‌.  കഷ്ടപ്പാട്‌ കാരണം പെയിന്റിങ് ഉൾപ്പെടെ പല ജോലിയുംചെയ്തു. ഇതിനിടെ റോഡപകടത്തിൽ ഗുരുതര പരിക്കേറ്റ് ഏറെനാൾ ചികിത്സയിലായി.  കാൽമുട്ടിന്  ക്ഷതമേറ്റതിനാൽ ജോലിക്ക് പോകാൻ കഴിയാതായി. സുഖം പ്രാപിച്ചതോടെ നാടകത്തിൽ  സജീവമായി. നാടകഭിനയത്തിലൂടെയുള്ള വരുമാനം മാത്രമാണുള്ളത്‌. ഭാര്യ ശകുന്തള. മക്കൾ: ശ്രാവണ, സിദ്ധാർഥ്‌. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top