തളിപ്പറമ്പ്
തളിപ്പറമ്പ് മണ്ഡലത്തിലെ ആരോഗ്യ മേഖലയ്‌ക്ക് മൂന്നുവർഷത്തിനിടെ അനുവദിച്ചത് 47.23 കോടി രൂപയുടെ വികസന പദ്ധതികൾ. മേഖലയിൽ പരമാവധി അടിസ്ഥാന സൗകര്യങ്ങൾ കൊണ്ടുവരാനുള്ള ഇടപെടലാണ് എം വി ഗോവിന്ദൻ എംഎൽഎ നടത്തുന്നത്.
തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ പുതിയ ഓപ്പറേഷൻ തീയറ്റർ കോംപ്ലക്‌സിന് സർക്കാർ ഭരണാനുമതിയായിട്ടുണ്ട്. കിഫ്ബി അംഗീകാരത്തിനുള്ള പരിശോധനയിലാണ് 19.5 കോടി രൂപയുടെ പദ്ധതി. ആശുപത്രിയിൽ പുതിയ പേ വാർഡിനുള്ള മൂന്ന് കോടി രൂപയുടെ പദ്ധതിക്കും അനുമതിയായി. മാങ്ങാട്ടുപറമ്പ് മാതൃശിശു ആശുപത്രിയിൽ അഞ്ചുകോടി രൂപ ചെലവിൽ കാഷ്വാലിറ്റി ബ്ലോക്ക് നിർമാണം ത്വരിതഗതിയിൽ പുരോഗമിക്കുന്നു. ഒടുവള്ളി കുടുംബാരോഗ്യ കേന്ദ്രം ഐപി വാർഡ്- (2 കോടി), ഐസൊലേഷൻ വാർഡ് (1.74 കോടി), മയ്യിൽ കുടുംബാരോഗ്യ കേന്ദ്രം ലാബ് (65 ലക്ഷം), മാങ്ങാട്ടുപറമ്പ് മാതൃശിശു ആശുപത്രി ചിൽഡ്രൻസ് ഐസിയു (29.50 ലക്ഷം), പേ വാർഡ് (4 കോടി), അഗ്നിരക്ഷാ സംവിധാനം, പവർ സ്റ്റേഷൻ, ഓഫീസ് നവീകരണം, മഴവെള്ള സംഭരണി, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ (2.50 കോടി), തളിപ്പറമ്പ് താലൂക്ക് ആശുപത്രി മറ്റേണിറ്റി ബ്ലോക്ക് ലക്ഷ്യപ്രോജക്ട് (2.40 കോടി), ലിഫ്റ്റ് (1 കോടി) എന്നിവ പൂർത്തിയായി.
പരിയാരം ആയുർവേദ ആശുപത്രിയിൽ ഒന്നാംഘട്ട നവീകരണം പൂർത്തിയായി. 1.47 കോടിയുടെ പുതിയ കെട്ടിടം നിർമാണത്തിലാണ്. മാങ്ങാട്ടുപറമ്പ് മാതൃശിശു ആശുപത്രിയോടുചേർന്ന് ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള സമഗ്ര വികസന കേന്ദ്രത്തിന് കഴിഞ്ഞ കേരള ബജറ്റിൽ ഒരുകോടി രൂപ നീക്കിവച്ചിരുന്നു.
കൊളച്ചേരി, മലപ്പട്ടം കുടുംബാരോഗ്യകേന്ദ്രങ്ങൾക്ക് നിർമിച്ച കെട്ടിടങ്ങൾ തിങ്കളാഴ്‌ചയും പരിയാരം കുടുംബാരോഗ്യകേന്ദ്രം കെട്ടിടം ചൊവ്വാഴ്‌ചയും എംഎൽഎ ഉദ്‌ഘാടനംചെയ്യും. മൂന്ന് കോടി രൂപ ചെലവിട്ടാണ് കെട്ടിടങ്ങൾ നിർമിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..