22 November Friday

പരിമിതികൾ മറന്ന്‌ മുന്നോട്ട്‌

എൻ കെ സുജിലേഷ്‌Updated: Sunday Jul 28, 2024

തളിപ്പറമ്പ് സർസയ്യിദ് കോളേജിൽ ജോബ് ഡ്രൈവിന്റെ ഭാഗമായി നടന്ന അഭിമുഖം

കൊളച്ചേരി പുളിമ്പറമ്പിലെ വി പി സഹനത്ത്‌ ഇപ്പോൾ എസ്‌ബിഐ അഗ്രികൾച്ചർ ലോൺ ഓഫീസറാണ്‌. തന്നെക്കൊണ്ടാവില്ലെന്ന്‌ മടിപിടിച്ചിരുന്ന ദിനങ്ങളിൽ കരിയർ കൗൺസലർമാരുടെ നിരന്തരമായ വിളികൾ ആത്മവിശ്വാസത്തിന്റെ ആകാശങ്ങളിലേക്കാണ്‌ സഹനത്തിനെ പറത്തിവിട്ടത്‌. സഹനത്തിനെയും ആന്തൂരിലെ അഷിതയെയും കുറുമാത്തൂരിലെ കാർത്തികയെയും അതുലിനെയും രജിനയെയുംപോലെ 130 പേരാണ്‌ തൊഴിലും സംരംഭകത്വവും പ്രോജക്ട്‌ വഴി എട്ടുമാസത്തിനുള്ളിൽ തൊഴിൽനേടിയത്‌. 
അഭിമുഖത്തിന്‌ 
റോബോട്ട്‌
ഡിഡബ്ല്യുഎംഎസ്‌ പോർട്ടലിൽ രജിസ്‌റ്റർചെയ്യുന്നവരെ അഞ്ച്‌ മേഖലകളിലെ പരിശീലനത്തിലൂടെയാണ്‌ വാർത്തെടുക്കുന്നത്‌.  ആശയവിനിമയശേഷിയറിഞ്ഞ്‌, അതിനനുസരിച്ച പ്രായോഗിക പരിശീലനങ്ങൾ നൽകുകയാണ്‌ ലക്ഷ്യം. ഇതിൽ ആദ്യത്തേതാണ്‌ റോബോട്ടിക്‌ ഇന്റർവ്യൂ. പ്രൊഫൈൽ വിവരങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ്‌ അഭിമുഖം. ഫോണോ കംപ്യൂട്ടറോ ഉപയോഗിച്ച്‌  പങ്കെടുക്കാം. മൂന്നുമിനിറ്റ്‌ ദൈർഘ്യമുള്ള അഭിമുഖത്തിന്റെ വീഡിയോ തൊഴിൽദാതാക്കളും പരിഗണിക്കും. നേരത്തേ അഭിമുഖങ്ങളിൽ പങ്കെടുക്കാത്തവർക്ക്‌ ഇത്‌ പ്രയോജനപ്രദമാകും.  
വിടാതെ 
കൗൺസലർമാർ 
പോർട്ടലിൽ രജിസ്‌റ്റർ ചെയ്യുന്നവരെ നിരന്തരമായി ബന്ധപ്പെടുന്നവരാണ്‌ കരിയർ കൗൺസലർമാർ. നോളജ്‌ ഇക്കണോമി മിഷന്റെ ഭാഗമായി കരിയർ കൗൺസലിങ് നടക്കുന്നുണ്ടെങ്കിലും തളിപ്പറമ്പ്‌ മണ്ഡലത്തിലെ അഭ്യസ്‌തവിദ്യരായ, മികച്ച പരിശീലനം ലഭിച്ചവരെ മുഴുവൻ സമയവും ഉപയോഗപ്പെടുത്തുന്നു. ജോബ്‌ സ്‌റ്റേഷനുകൾ കേന്ദ്രീകരിച്ചുള്ള ഇവരുടെ പ്രവർത്തനം തൊഴിലന്വേഷകരെ കൃത്യമായി വഴിയിലേക്ക്‌ തിരിച്ചുവിടുന്നതിനാണ്‌. സ്ഥാപനങ്ങളുടെ ആവശ്യകതയും തൊഴിലന്വേഷകരുടെ കഴിവും കൃത്യമായി ഒരു പോയിന്റിൽ എത്തിക്കുന്നിടത്ത്‌ ഇവർ വിജയിക്കും. നിലവിലെ  യോഗ്യതയുടെ കൂടെ ചേർക്കാവുന്നതും സാധ്യതകൾ വർധിപ്പിക്കാനാകുന്ന വഴികളും ഇവരിൽനിന്ന്‌ ലഭിക്കുന്നു. 
നമ്മളങ്ങ്‌ 
മാറിപ്പോകും
ഒരു ഗ്രൂപ്പിനെ അഭിമുഖീകരിക്കാൻ  ധൈര്യം ലഭിച്ചത്‌ വർക്ക്‌ റെഡിനെസ്‌ പ്രോഗാമിൽനിന്നാണെന്ന്‌ സഹനത്ത്‌ ഉറപ്പിച്ചുപറയും. മറ്റുള്ളവർക്ക്‌ ക്ലാസെടുക്കാനാകുമെന്ന്‌ സ്വപ്‌നത്തിൽപ്പോലും കരുതിയതല്ല. നിലവിലുള്ള ജോലിയിൽ ഏറ്റവും കൂടുതൽ വേണ്ടത്‌ ബാങ്കിലെത്തുന്നവർക്ക്‌ കാര്യങ്ങൾ കൃത്യമായി പറഞ്ഞുമനസിലാക്കിക്കൊടുക്കുകയെന്നതാണ്‌. അതിന്‌ സഹായിച്ച ഇത്തരം പരിശീലനങ്ങൾ പഠനത്തിന്റെ തന്നെ ഭാഗമാക്കണമെന്നാണ്‌ സഹനത്തിന്റെ പക്ഷം. അസാപിന്റെ സഹായത്തോടെയുള്ള മൂന്ന്‌ ദിവസത്തെ പരിശീലനമാണ്‌ വർക്ക്‌ റെഡിനെസ്‌ പ്രോഗാമിൽ നടക്കുന്നത്‌. മോക്‌ ഇന്റർവ്യൂ, ഗ്രൂപ്പ്‌ ഡിസ്‌കഷൻ തുടങ്ങിയവയിലൂടെ  മൂന്ന്‌ ദിവസത്തിനുള്ളിൽ തൊഴിലന്വേഷകരിൽ ആത്മവിശ്വാസമുയർത്തും. 
എല്ലാം ശരിയാണ്‌. പക്ഷേ ഇഗ്ലീഷിൽ സംസാരിക്കാനാകാതെ ജോലിക്കുപോയിട്ട്‌ എന്തുചെയ്യും..? വിദ്യാഭ്യാസ യോഗ്യതകളുണ്ടെങ്കിലും ഭൂരിഭാഗം പേരെയും അലട്ടുന്ന പ്രശ്‌നമിതാണ്‌. അതിനുമുണ്ട്‌ ഇവിടെ പോംവഴികൾ. 
അതേക്കുറിച്ച്‌ നാളെ...

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top