തൃശൂർ
തൃശൂർ നഗരത്തിൽ കോർപറേഷന്റെ നേതൃത്വത്തിൽ നാലോണനാളായ സെപ്‌തംബർ18ന് സംഘടിപ്പിക്കുന്ന പുലികളിയുടെ ധനസഹായം വർധിപ്പിച്ചു. സംഘാടക സമിതി രൂപീകരണ യോഗത്തിലാണ് കോർപറേഷൻ ധനസഹായ വർധന പ്രഖ്യാപിച്ചത്. പങ്കെടുക്കുന്ന ഓരോ ടീമിനും 3,12,500-രൂപ നൽകും.1,50,000 -രൂപ അഡ്വാൻസായും ബാക്കി തുക 1,62,500 -രൂപ പുലികളിക്കുശേഷം ചെക്കായും നൽകും. സമ്മാനത്തുകയും വർധിപ്പിച്ചു. ഒന്നാം സമ്മാനം 62,500- രൂപയും രണ്ടാം സമ്മാനം 50,000-രൂപയും മൂന്നാം സമ്മാനം 43,750-രൂപയും നൽകും. ധനസഹായവും സമ്മാനത്തുകയും കഴിഞ്ഞ വർഷത്തേക്കാൾ 25 ശതമാനമാണ് വർധിപ്പിച്ചത്. സംഘാടക സമിതി രൂപീകരണ യോഗം മേയർ എം കെ വർഗീസ് ഉദ്‌ഘാടനം ചെയ്‌തു. ഡെപ്യൂട്ടി മേയർ എം എൽ റോസി അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷൻമാരായ പി കെ ഷാജൻ, വർഗീസ് കണ്ടംകുളത്തി എന്നിവർ സംസാരിച്ചു.
പങ്കെടുക്കുന്ന ടീമുകൾ ആഗസ്‌ത് അഞ്ചിന് മുമ്പായി കോർപറേഷൻ ആരോഗ്യവിഭാഗത്തിൽ പുലികളി സംഘത്തിലെ ഭാരവാഹികളുടെ ആധാർകാർഡിന്റെ കോപ്പിയും ബന്ധപ്പെട്ട കൗൺസിലറുടെ കത്ത്, സംഘത്തിന്റെ ലെറ്റർ പാഡിലുള്ള അപേക്ഷ സഹിതം രജിസ്റ്റർ ചെയ്യണം. കഴിഞ്ഞ വർഷം അഞ്ച് ടീമുകളാണ് പങ്കെടുത്തത്. ഇത്തവണ 11 ടീമുകൾ പുലികളിക്കായുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. സംഘാടക സമിതി ഭാരവാഹികൾ: മേയർ എം കെ വർഗീസ്(ചെയർമാൻ), പി കെ ഷാജൻ (വർക്കിങ് ചെയർമാൻ), അനൂപ് ഡേവിസ് കാട (ജനറൽ കൺവീനർ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..