22 November Friday
ജില്ലാ വികസന സമിതി

പനി;ഡോക്ടർമാരുടെ 
സേവനം ഉറപ്പാക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024
തൃശൂർ
പനി ഉൾപ്പെടെയുള്ള രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആവശ്യമായ ഡോക്ടർമാരുടെ സേവനം സിഎച്ച്സികളിലും പിഎച്ച്സികളിലും ഉറപ്പാക്കണമെന്ന് കലക്ടർ അർജുൻ പാണ്ഡ്യൻ അധ്യക്ഷനായ ജില്ലാ വികസന സമിതി യോഗം നിർദേശം നൽകി.  
ഡിഡിസി യോഗത്തിൽ ബന്ധപ്പെട്ട വകുപ്പുകളിലെ പ്രതിനിധികൾ നിർബന്ധമായും പങ്കെടുത്ത് കൃത്യമായ മറുപടി നൽകണമെന്ന്‌ കലക്ടർ യോഗത്തെ അറിയിച്ചു. 
ദേശീയപാത 66-ൽപ്പെടുന്ന ചേറ്റുവ റോഡരികിലെ കാന നിർമിക്കുന്ന പ്രവൃത്തിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കലക്ടറുടെ നേതൃത്വത്തിൽ യോഗം വിളിച്ചു ചേർക്കും. ചാവക്കാട് സുനാമി കോളനിയിലെ പ്രശ്‌നങ്ങൾ പരിഹരിച്ച് വീടുകൾ കൈമാറുന്നതിനുള്ള നടപടി സ്വീകരിക്കും.  
സാഹിത്യ അക്കാദമി പരിസരത്തുള്ള  അപകടഭീഷണിയായ  പാലമരം വെട്ടിമാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് നിർദേശം നൽകി. 
പുന്നയൂർക്കുളം പെരിയമ്പലം ബീച്ച്, കടപ്പുറം പഞ്ചായത്തിലെ കടലോരപ്രദേശങ്ങളിലും രൂക്ഷമായ കടലാക്രമണം തടയുന്നതിനാവശ്യമായ നടപടി  സ്വീകരിക്കുന്നതിനായി ഇറിഗേഷൻ വകുപ്പിന് നിർദേശം നൽകി. ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ ഏത്തായി പട്ടികജാതി നഗറിലെ വികസന പ്രവർത്തനങ്ങൾക്കുള്ള പ്രത്യേക ഫണ്ട് വേഗത്തിൽ ലഭ്യമാക്കുന്നതിനും നിർദേശം നൽകി. എസ്എൻ പുരം, എറിയാട്, എടവിലങ്ങ്  പഞ്ചായത്തുകളിൽ ഒഴിഞ്ഞുകിടക്കുന്ന സുനാമി വീടുകൾ അർഹരായവർക്ക് നൽകുന്നതിനുള്ള നടപടി  സ്വീകരിക്കും. കനോലി കനാലിലെ ചെളി നിക്ഷേപിച്ചതു കാരണം  നാശം സംഭവിച്ച തെങ്ങുകൾക്കുള്ള നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും എൻഎച്ച് നിർമാണ പ്രവൃത്തികൾ നടക്കുന്ന പ്രദേശങ്ങളിൽ സൈൻ ബോർഡ് സ്ഥാപിക്കുന്നതിനും യോഗം നിർദേശിച്ചു.  യോഗത്തിൽ എംഎൽഎമാരായ എൻ കെ അക്ബർ, ഇ ടി ടൈസൺ, പി ബാലചന്ദ്രൻ, കെ കെ  രാമചന്ദ്രൻ, സേവ്യർ ചിറ്റിലപ്പിള്ളി, മുരളി പെരുനെല്ലി, കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പ്രതിനിധി രഘുനാഥ് സി മോനോൻ, ബെന്നി ബഹനാൻ എം പിയുടെ പ്രതിനിധി ടി എം നാസർ, സബ് കലക്ടർ മുഹമ്മദ് ഷഫീഖ്, ജില്ലാ പ്ലാനിങ് ഓഫീസർ ടി ആർ മായ തുടങ്ങിയവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top