23 December Monday

ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന: 
ജില്ലയിൽ 7.92 ലക്ഷം രൂപ പിഴയീടാക്കി

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024

 ആലപ്പുഴ

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനും ശുചിത്വം ഉറപ്പാക്കാത്തതിനും മൂന്ന്‌ മാസത്തിനിടെ ജില്ലയിൽ ഭക്ഷ്യസുരക്ഷാവകുപ്പ് പിഴയായി ഈടാക്കിയത് 7,92,000 രൂപ. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലായി 1151 സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ ഗുരുതരമായ പിഴവ് കണ്ടെത്തിയ 134 സ്ഥാപനത്തിനാണ് പിഴ ചുമത്തിയത്. ലൈസൻസ് രജിസ്ട്രേഷൻ ഫീസിനത്തിലും വാർഷിക റിട്ടേൺ ഫയൽ ചെയ്‌തതിന്റെ പിഴയിനത്തിലും മൂന്ന്‌ മാസത്തിൽ ജില്ലയിൽ 27,53,300 രൂപ ഈടാക്കി. 
  14 സ്ഥാപനത്തിനെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിച്ചു. 40 സ്ഥാപനത്തിനെതിരെ ആർഡിഒ മുമ്പാകെ സിവിൽ കേസ് ഫയൽചെയ്‌തു. ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെയാണ് കൂടുതലും നിയമനടപടി സ്വീകരിച്ചത്. ലൈസൻസിന് പകരം ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മാത്രം സൂക്ഷിച്ച സ്ഥാപനങ്ങളിൽനിന്ന്‌ പിഴയീടാക്കി. സ്ഥാപനങ്ങളുടെ വിറ്റുവരവിന് അനുസരിച്ചാണ് പിഴ ചുമത്തിയത്.
  അടുക്കളയിലെയും പരിസരങ്ങളിലെയും ശുചിത്വമില്ലായ്‌മ, പഴകിയ ഭക്ഷണം വിറ്റത്‌, കാലാവധി കഴിഞ്ഞ പാക്കറ്റ് ഭക്ഷണം സൂക്ഷിച്ചത്, നിലവാരം കുറഞ്ഞതും മായം ചേർത്തതുമായ ഭക്ഷണം വിറ്റത്, പാകം ചെയ്‌തതും അസംസ്‌കൃതവസ്‌തുക്കളും കൃത്യതയില്ലാതെയും അശ്രദ്ധമായും കാണപ്പെട്ടത്, ലൈസൻസ് പുതുക്കാതിരിക്കൽ, വെള്ളം പരിശോധന സർട്ടിഫിക്കറ്റ്, തൊഴിലാളികളുടെ മെഡിക്കൽ ഫിറ്റ്‌നസ് എന്നിവയിലെ പിഴവുകൾ തുടങ്ങിയവയ്‌ക്കും പിഴയിട്ടു. ഒന്നിൽ കൂടുതൽ തവണ ന്യൂനതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിച്ചു.
  കഴിഞ്ഞ സാമ്പത്തികവർഷം സമാന ന്യൂനത കണ്ടെത്തിയ സ്ഥാപനങ്ങളിൽനിന്ന് പിഴയായി 35,39,500 രൂപ ഈടാക്കിയിരുന്നു. 2023 ഏപ്രിൽമുതൽ 2024 മാർച്ചുവരെ 5022 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. 39 പ്രോസിക്യൂഷൻ കേസും ആർഡിഒ കോടതികളിൽ 88 സിവിൽ കേസും ഫയൽ ചെയ്‌തിരുന്നു. 1800 425 1125 ടോൾ ഫ്രീ നമ്പറിൽ പരാതി അറിയിക്കാം. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ foodsafetykerala എന്ന പോർട്ടലിലൂടെയും foodsafetykerala @gmail.com എന്ന ഇ–-മെയിലിലും പരാതി അറിയിക്കാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top