ആലപ്പുഴ
കളിവള്ളങ്ങളുടെ കുതിപ്പിൽ പലകുറി ജയിച്ചുകയറി. അരനൂറ്റാണ്ടിനിടെ ഒമ്പത് കിരീടങ്ങൾ. കഴിഞ്ഞ തവണ തുഴപ്പാടുകൾക്ക് മാത്രം സ്വപ്നകിരീടം കൈവിട്ടു.
ഒരുപതിറ്റാണ്ടായി അകന്ന് നിൽക്കുന്ന വിജയം സ്വന്തമാക്കണം. അതിന് ചമ്പക്കുളം ഇക്കുറി പോരിനിറങ്ങുന്നത് പുന്നമട ബോട്ട് ക്ലബിന്റെയും അത്‌ലറ്റികോ ഡി ആലപ്പിയുടെയും ചിറകിലേറിയാണ്. പുന്നമട ജെട്ടിക്ക് സമീപം തുടരുന്ന ക്യാമ്പിൽ അതിനുള്ള തയ്യാറെടുപ്പിലാണ് 110 ഓളം തുഴച്ചിലുകാർ.
19നാണ് ക്യാമ്പ് ആരംഭിച്ചത്. സൈന്യത്തിന്റെ മുൻ പരിശീലകൻ പി ജോഷിമോനാണ് പരിശീലിപ്പിക്കുന്നത്. ചലച്ചിത്ര നിർമാതാവും വ്യവസായിയുമായ സന്തോഷ് ടി കുരുവിളയാണ് ക്യാപ്റ്റൻ. ലാൽ കുമരകം ലീഡിങ് ക്യാപ്റ്റൻ. ഹാരിസ് ഒന്നാംതുഴയിലും ഷാജിമോൻ അമരത്തും തുഴയെറിയും. രാവിലെയും വൈകിട്ടും പുന്നമട കായലിലാണ് പരിശീലനം. പ്രാദേശിക താരങ്ങൾക്ക് പുറമേ വിവിധസംസ്ഥാനങ്ങളിൽനിന്ന് 15 ഓളം ദേശീയ താരങ്ങളും അത്‌ലറ്റികോ ഡി ആലപ്പി താരങ്ങളും തുഴയെറിയാനിറങ്ങും.
2007, 2008, 2009 വർഷങ്ങളിൽ അമ്പലക്കാടൻ വെപ്പ് വള്ളത്തിൽ ഹാട്രിക്ക് നേടിയതാണ് പുന്നമട ബോട്ട് ക്ലബ്. എന്നാൽ ചുണ്ടനിൽ വിജയം അകന്നുനിന്നു. അഡ്വ. കുര്യൻ ജെയിംസാണ് ക്ലബ്ബ് പ്രസിഡന്റ്, പ്രിറ്റി ചാക്കോ സെക്രട്ടറിയും. 2018 മുതൽ തുടർച്ചയായി ഫൈനലിൽ ചമ്പക്കുളം ചുണ്ടനുണ്ട്. ഇക്കുറി നെഹ്‌റുട്രോഫിയിൽ കുറഞ്ഞതൊന്നും ചമ്പക്കുളത്തിനും താരങ്ങൾക്കും മുന്നിലില്ല. 1974ൽ നീരണിഞ്ഞ ചുണ്ടൻ 1989ൽ യുബിസി കൈനകരിയുടെ കൈക്കരുത്തിൽ കളിവള്ളങ്ങളുടെ തമ്പുരാനായി. പിന്നീടുള്ള രണ്ടുവർഷങ്ങളിലും ഒന്നാമതായി യുബിസിയോടൊപ്പം ഹാട്രിക്. രണ്ടുവർഷത്തിന് ശേഷം ജെറ്റ് എയർവെയ്‌സ് ബോട്ട് ക്ലബും തുടർച്ചയായി രണ്ട് വട്ടം ആലപ്പുഴ ബോട്ട് ക്ലബും ചമ്പക്കുളത്തിൽ ജേതാക്കളായി. 1998ൽ പള്ളാത്തുരുത്തി ബോട്ട് ക്ലബിന് ആദ്യ കിരീടം സമ്മാനിക്കുന്നതും ചമ്പക്കുളമാണ്. 2009 കൊല്ലം ജീസസ് ബോട്ട് ക്ലബ് തുഴഞ്ഞ് നെഹ്‌റുട്രോഫി സ്വന്തമാക്കി. എട്ട് തവണ നെഹ്രുട്രോഫി നേടിയ പഴയ ചുണ്ടന് പകരം 2014ൽ പുതിയ വള്ളം പണിതു. മെയ് 15ന് നീരണിഞ്ഞ പുതിയ ചമ്പക്കുളം ചുണ്ടൻ യുബിസി കൈനകരിക്കൊപ്പം അക്കുറി വെള്ളിട്രോഫിയിൽ മുത്തമിട്ടു. പത്തുവർഷത്തെ ഇടവേളയ്‌ക്ക് ശേഷം വിജയവഴിയിൽ തിരിച്ചെത്താൻ ചമ്പക്കുളവും ആദ്യ നെഹ്‌റുട്രോഫി എന്ന സ്വപ്നത്തിലേക്ക് പുന്നമടയും ഇക്കുറി കുതിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..