17 September Tuesday
കെഎസ്ആർടിസി ബസ്‌ ബോർഡ്‌

ഡസ്റ്റിനേഷൻ നമ്പർ
നടപ്പാക്കിത്തുടങ്ങി

സ്വന്തം ലേഖകൻUpdated: Wednesday Aug 28, 2024
കൊല്ലം
കെഎസ്ആർടിസി ബസുകളിൽ പ്രാദേശിക ഭാഷയിലെഴുതിയ സ്ഥലനാമങ്ങൾക്കൊപ്പം ഡസ്റ്റിനേഷൻ നമ്പർ സംവിധാനം (സ്ഥല സൂചിക നമ്പർ) ജില്ലയിൽ ഭാഗികമായി നടപ്പാക്കിത്തുടങ്ങി. കുളത്തൂപ്പുഴ, കരുനാഗപ്പള്ളി ഡിപ്പോകളിലെ ബസിലാണ് ആദ്യം നമ്പർ സംവിധാനം പതിച്ചത്. ഓണത്തിനു മുമ്പ്‌ എല്ലാ ഡിപ്പോയിലെയും ബസുകളിൽ ഡസ്റ്റിനേഷൻ നമ്പർ സംവിധാനം വരും. 
ബോർഡ്‌ വായിക്കാൻ ബുദ്ധിമുട്ടുള്ളവർക്കായാണ്‌ സ്ഥലപ്പേരിനൊപ്പം നമ്പർകൂടി ചേർക്കാൻ കോർപറേഷൻ തീരുമാനിച്ചത്‌. തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന ഉൾപ്പെടെ സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന യാത്രക്കാർക്കും ഇത് സഹായകരമാകും. ഓർഡിനറി, ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ്, അന്തർസംസ്ഥാന ബസുകൾ ഉൾപ്പെടെയുള്ള എല്ലാ ബസിലും പുതിയ നമ്പർ പതിക്കും. സ്ഥലപ്പേര് ഉൾപ്പെടുത്തിയ ബോർഡിൽ ഏതു സ്ഥലത്തേക്കാണ് പോകുന്നത് എന്നതിനൊപ്പം ഓരോ സ്ഥലത്തിന്റെയും നമ്പർ ചേർക്കും. ബസ് എത്തിച്ചേരുന്ന സ്ഥലത്തെ നമ്പരുകൾ വലുതായി മഞ്ഞനിറത്തിലും കടന്നുപോകുന്ന സ്ഥലത്തെ കോഡുകൾ ചെറുതായും രേഖപ്പെടുത്തും. 
കെഎസ്ആർടിസി ബസുകളിലെ കോഡ് നമ്പരുകളും സ്ഥലങ്ങളും ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള യാത്രക്കാർക്കും വിദേശികൾക്കും മനസ്സിലാക്കാനായി ഡിപ്പോകളിൽ കോഡുകളും സ്ഥലനാമങ്ങളും വിവിധഭാഷകളിൽ എഴുതി പ്രദർശിപ്പിക്കും. ഇതിനു പുറമേ കെഎസ്ആർടിസി വെബ്‌സൈറ്റിലും സമൂഹമാധ്യമങ്ങളിലും പ്രചാരണം നൽകും. നിലവിൽ തിരുവനന്തപുരം സിറ്റി സർവീസുകളിൽ ഡസ്റ്റിനേഷൻ നമ്പർ സംവിധാനം നിലവിലുണ്ട്. ഇതര സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന ബസാണെങ്കിൽ ആ സംസ്ഥാനത്തെ കോഡ് നമ്പർ കൂടി ഉൾപ്പെടുത്തും. കോടതികൾ, സിവിൽ സ്റ്റേഷനുകൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ, മെഡിക്കൽ കോളേജുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയ്ക്ക് പ്രത്യേക കോഡ് നമ്പരുകളാണ് രേഖപ്പെടുത്തുക. ആദ്യം ജില്ലാ ഡിപ്പോയുടെ നമ്പർ, മറ്റു ഡിപ്പോ നമ്പർ, തുടർന്ന് മറ്റു സ്ഥലങ്ങളുടെ നമ്പരുകൾ എന്നിവയാണ് രേഖപ്പെടുത്തുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top