28 September Saturday
കാഞ്ഞങ്ങാട്ടും നീലേശ്വരത്തും മുക്കുപണ്ട പണയ തട്ടിപ്പ്‌

നടപടി ശക്തമാക്കി ബാങ്കുകൾ; 5 പേർക്കെതിരെ കേസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2024
നീലേശ്വരം
കാഞ്ഞങ്ങാട്ടും നീലേശ്വരത്തും സഹകരണ ബാങ്കുകളിൽ മുക്ക് പണ്ടം പണയപ്പെടുത്തി തട്ടിപ്പ്‌ നടത്തിയ കേസിൽ അഞ്ചുപേർക്കെതിരെ കേസെടുത്തു. ഹൊസ്‌ദുർഗ് സർവീസ് സഹകരണ ബാങ്കിൽ നാലും നീലേശ്വരം ബാങ്കിൽ ഒരു തട്ടിപ്പ് കേസുമാണ് റിപ്പോർട്ട് ചെയ്തത്. മുക്കുപണ്ടം പണയപ്പെടുത്തിയാണ്‌ പ്രതികൾ ലക്ഷങ്ങൾ തട്ടിയത്‌. ബാങ്ക് അധികൃതർ നൽകിയ പരാതിയിൽ ഹൊസ്‌ദുർഗ് പൊലീസ് നാല് കേസും നീലേശ്വരം പൊലീസ് ഒരു കേസുമെടുത്തു.
കാഞ്ഞങ്ങാട് പടിഞ്ഞാർ പനങ്കാവിലെ കെ ബാബുവിനെതിരെയാണ് ഒരു കേസ്. 16.760 ഗ്രാം സ്വർണം പൂശിയ രണ്ട് വള പണയപ്പെടുത്തി 69,000 രൂപയാണ്‌ ബാബു തട്ടിയെടുത്തത്‌. ബാങ്കിന്റെ ഹെഡ് ഓഫീസിൽ ജൂൺ മൂന്നിനാണ്‌ പണയം വച്ചത്‌. അസി. സെക്രട്ടറി എച്ച് ആർ പ്രദീപ്കുമാറിന്റെ പരാതിയിലാണ് കേസെടുത്തത്. 
നിലാങ്കര പഴയ പാട്ടില്ലത്ത് ബി കെ അഷറഫിനെതിരെയും കേസെടുത്തു. ഹൊസ്‌ദുർഗ് ബാങ്കിൽ 25.4 70 ഗ്രാമിന്റെ മുക്കുപണ്ടം വളകൾ സ്വർണമെന്ന വ്യാജേന പണയപ്പെടുത്തി 1,17,000 രൂപ തട്ടിയെടുക്കുകയായിരുന്നു. ആറങ്ങാടി വടക്കെ വീട്ടിൽ മുഹമ്മദ് റയീസിനെതിരെയും കേസുണ്ട്‌. ഹൊസ്‌ദുർഗ് ബാങ്കിന്റെ പ്രഭാത, സായാഹ്ന ശാഖയിൽ സ്വർണം പൂശിയ മുക്കുപണ്ടം രണ്ട് തവണയായി പണയപ്പെടുത്തി 2,77,000 രൂപ
തട്ടിയെടുത്തതിനാണ്‌ കേസ്‌. കഴിഞ്ഞ വർഷം നവംബർ ഒമ്പതിന് 33.7 ഗ്രാമുള്ള നാല് വളയും ഈ വർഷം ജനുവരി 15 ന് രണ്ട് വളയുമാണ് പണയപ്പെടുത്തിയത്. ബാങ്ക് ബ്രാഞ്ച് മാനേജർ പി സിന്ധുവിന്റെ പരാതിയിലാണ് കേസ്. മുഹമ്മദ് റയീസ് ഹൊസ്‌ദുർഗ് ബാങ്കിന്റെ ആറങ്ങാടി ബ്രാഞ്ചിലും തട്ടിപ്പ് നടത്തി ലക്ഷങ്ങൾ തട്ടിയെടുത്തു. കഴിഞ്ഞ നവംബർ 13 ന് 33 ഗ്രാമുള്ള നാലുവള പണയപ്പെടുത്തി 1,32,000 രൂപയാണ്‌ തട്ടിയത്‌. ബ്രാഞ്ച് മാനേജർ എം സുനിലിന്റെ പരാതിയിലാണ് കേസ്. നീലേശ്വരം സർവീസ് സഹകരണ ബാങ്കിന്റെ പ്രധാന ശാഖയിലാണ് മറ്റൊരു പണയതട്ടിപ്പ്.  പുത്തരിയടുക്കം പാലാത്തടത്തെ പി രാജഷിനെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. കഴിഞ്ഞ ഏപ്രിൽ 12 ന് നാലുവള പണയപ്പെടുത്തി 142000 രൂപ പ്രതി തട്ടിയെടുക്കുകയായിരുന്നു. ബാങ്കിന്റെ അസി. സെക്രട്ടറി കെ ആർ രാഘേഷിന്റെ പരാതിയിലാണ് കേസ്.
ഒറിജിനലിലെ വെല്ലും 
വ്യാജ സ്വർണം പണയപ്പെടുത്തുന്നത് അപ്രൈസർമാർക്ക്‌ വലിയ വെല്ലുവിളിയാണ്‌. ഒറിജിനലിനെ വെല്ലുന്ന വ്യജ ആഭരണങ്ങൾ ഉണ്ടാക്കിയും യഥാർഥ ആഭരണത്തിന്റെ ഹാൾമാർക്ക് സീൽ അടക്കം വ്യജ ആഭരണത്തിൽ പിടിപ്പിച്ചുമാണ്‌ തട്ടിപ്പ്‌.  ഇത്തരം ആഭരണം മുറിച്ചുനോക്കിയാലേ മനസ്സിലാക്കാൻ പറ്റൂ.  ഇത്തരം വ്യാജ ആഭരണം അപ്രൈസർമാരുടെ തൊഴിലിനും ഭീഷണിയാണ്‌. മുൻകാലങ്ങളിൽ സ്വർണാഭരണങ്ങൾക്ക് സ്വർണനിറമായിരുന്നു. ഇപ്പോൾ മഞ്ഞനിറംപൂശിയാണ്‌ പലതരത്തിൽ ആഭരണം ഉണ്ടാക്കുന്നത്‌. ഫലത്തിൽ തട്ടിപ്പുകാർക്ക്‌ ഇത്‌ ഏറെ ഗുണകരമാണ്‌. 
കെ സി ജയകുമാർ, കേരള ബാങ്ക് അപ്രൈസേഴ്സ് 
യൂണിയൻ ജില്ലാ സെക്രട്ടറി
ഉരച്ചാൽ തനി സ്വർണം; പിന്നിൽ വൻ റാക്കറ്റ്‌
നീലേശ്വരം
ചെറുവത്തൂർ, നീലേശ്വരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെ വിവിധ സഹകരണ ബാങ്കുകളിൽ സ്വർണപ്പണയ തട്ടിപ്പ് നടത്തിയതിന് പിന്നിൽ വൻ റാക്കറ്റെന്ന് സംശയം. ബാങ്കുകളിൽ പണയത്തിനായി ഉപയോഗിച്ചത് ചെമ്പിൽ കട്ടിയിൽ സ്വർണം പൂശിയതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 10 ഗ്രാമും 100 മില്ലിയും തൂക്കം വരുന്ന വളകളിൽ 2.5 ഗ്രാം മുതൽ 3 ഗ്രാം വരെ സ്വർണം പൂശിയിട്ടുണ്ട്. ഇത്തരം ആഭരണങ്ങൾ ബാങ്കിലെ അപ്രെെസർമാർക്ക് ഉരച്ച് കണ്ടുപിടിക്കാൻ പറ്റില്ല. മുറിച്ചുനോക്കിയാൽ മാത്രമേ വ്യക്തമാവുവെന്ന് ബാങ്ക് സെക്രട്ടറിമാർ പറഞ്ഞു. പ്യൂരിറ്റി അനലൈസറിലും 916 രേഖപ്പെടുത്തുന്നുണ്ട്. വടകര കേന്ദ്രീകരിച്ചുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് സംശയം. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ബാങ്കുകളിൽ ഇവർ തട്ടിപ്പ് നടത്തിയിട്ടുണ്ടാവുമെന്നാണ് സംശയിക്കുന്നത്. നീലേശ്വരത്തും കാഞ്ഞങ്ങാട്ടും സ്വർണം പണയംവച്ചവരുടെ ക്രിമിനൽ പശ്ചാത്തലവും തട്ടിപ്പിന്റെ വഴി വ്യക്തമാക്കുന്നു. സ്വർണം പണയംവയ്‌ക്കുന്നവർ അതത് പ്രദേശവാസികൾതന്നെയാണ്. നീലേശ്വരത്ത് പണയം വച്ചവരിൽ മണൽ, മയക്കുമരുന്ന് കേസിലുൾപ്പെട്ടവരും ഉൾപ്പെടുന്നു. ഇവർക്ക് കമീഷനായി 30,00, 40,00 രൂപ വരെ ലഭിക്കുന്നു. ബാക്കി തുക തട്ടിപ്പുസംഘം എത്തി കൈപ്പറ്റും. നീലേശ്വരത്ത് തട്ടിപ്പ് നടത്തിയവരെക്കുറിച്ച് ബാങ്ക് നടത്തിയ അന്വേഷണത്തിലാണ് പിന്നിലെ  സംഘത്തെക്കുറിച്ച് വ്യക്തമായത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top