പാലക്കാട്
മീൻവല്ലം ചെറുകിട ജലവൈദ്യുത പദ്ധതിയിൽനിന്ന് 6.83 കോടി യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിച്ച് ചരിത്രത്തിലെ ഏറ്റവുംവലിയ നേട്ടവുമായി ജില്ലാ പഞ്ചായത്ത്. ഇന്ത്യയിൽ ആദ്യമായാണ് ഒരു ജില്ലാ പഞ്ചായത്ത് സ്വന്തമായി ജലവൈദ്യുത പദ്ധതി ആരംഭിച്ചത്.
19.83 കോടി രൂപ ചെലവിൽ 10 വർഷംമുമ്പ് ആരംഭിച്ച മൂന്ന് മെഗാവാട്ട് പദ്ധതിയിൽ കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 38,28,176 രൂപ ലാഭമുണ്ടാക്കി. ജില്ലാ പഞ്ചായത്തിന്റെ 7.94 കോടി രൂപയും എട്ട് ബ്ലോക്ക് പഞ്ചായത്തുകളും 17 പഞ്ചായത്തുകളും കൂടി 83.5 ലക്ഷവും ബിആർജിഎഫിൽനിന്ന് രണ്ട് കോടിയും നബാർഡ് വായ്‌പ 7.79 കോടിയും ചേർന്നാണ് പദ്ധതി യാഥാർഥ്യമാക്കിയത്. കഴിഞ്ഞ വർഷം നബാർഡ് വായ്‌പ അടച്ചുതീർത്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് എല്ലാവർഷവും മൂന്ന് ശതമാനം ലാഭ വിഹിതം നൽകുന്നു.
പാലക്കുഴിയിൽ ജില്ലാ പഞ്ചായത്തിന്റെ രണ്ടാമത്തെ ചെറുകിട ജലവൈദ്യുത പദ്ധതി അടുത്തവർഷം പൂർത്തിയാകും. ഒരു മെഗാവാട്ട്‌ശേഷിയുള്ള പദ്ധതിക്ക് 15.8 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
മീൻവല്ലം പദ്ധതിയിൽനിന്നുള്ള ലാഭംകൊണ്ടാണ് പാലക്കുഴി പദ്ധതി പൂർത്തിയാക്കുന്നത്. മീൻവല്ലം പദ്ധതി തുടങ്ങിയ അന്നുമുതൽ ലക്ഷ്യമിട്ട ഉൽപ്പാദനം നടത്താനായി എന്നത് നേട്ടമാണ്. ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി യൂണിറ്റിന് 4.88 രൂപ നിരക്കിലാണ് കെഎസ്‌ഇബിക്ക് നൽകുന്നത്. ജില്ലാ പഞ്ചായത്തിനുകീഴിൽ പാലക്കാട് സ്മോൾ ഹൈഡ്രോ കമ്പനി ലിമിറ്റഡ് (പിഎസ്‌എച്ച്‌സിഎൽ) എന്ന കമ്പനി രൂപീകരിച്ചാണ് പദ്ധതി പ്രവർത്തനം. പാലക്കുഴിക്ക് പുറമെ മീൻവല്ലം ടൈൽ റൈസ് മൈക്രോ പദ്ധതി, ഷോളയൂരിൽ 4.5 മെഗാവാട്ട് കൂടം ചെറുകിട ജലവൈദ്യുത പദ്ധതി എന്നിവയ്‌ക്കും സർക്കാർ അനുമതി ലഭിച്ചിട്ടുണ്ട്.
ലാഭവിഹിതം കൈമാറി
പാലക്കാട്
മീൻവല്ലം ചെറുകിട ജല വൈദ്യുത പദ്ധതിയുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭവിഹിതം 38,28,176 രൂപ തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറി. വാർഷിക ജനറൽബോഡി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ ഉദ്‌ഘാടനം ചെയ്‌തു. കമ്പനി സെക്രട്ടറി പി ബി അനഘ ലക്ഷ്മി റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ ചാമുണ്ണി, കമ്പനി ഡയറക്‌ടർമാരായ ടി ആർ അജയൻ, എ രാമകൃഷ്ണൻ, എ കെ മൂസമാസ്റ്റർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശാലിനി കറുപ്പേഷ്, അനിത പോൾസൺ, റെജി ജോസ്, കമ്പനി ചീഫ് എൻജിനിയർ പ്രസാദ് മാത്യു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം രാമൻകുട്ടി എന്നിവർ സംസാരിച്ചു.
പാലക്കുഴിയിൽ
അടുത്തവർഷം ഉൽപ്പാദനം തുടങ്ങും
പാലക്കുഴി മിനി ജലവൈദ്യുതി പദ്ധതി 2025ൽ കമീഷൻ ചെയ്യും. തച്ചമ്പാറ പഞ്ചായത്തിൽ സംസ്ഥാന സർക്കാർ പുതുതായി അനുവദിച്ച 2.5 മെഗാവാട്ട് സ്ഥാപിതശേഷി വിഭാവനം ചെയ്യുന്ന ലോവർ വട്ടപ്പാറ ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങളും തുടങ്ങി.
കെ ബിനുമോൾ
പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത്
കെഎസ്‌ഇബിയുമായി കരാർ
പാലക്കുഴി ചെറുകിട ജലവൈദ്യുത പദ്ധതി കമീഷൻ ചെയ്യുന്നതോടെ വൈദ്യുതി വിൽക്കുന്നതിനായി കെഎസ്‌ഇബിയുമായി കരാർ വയ്‌ക്കും. നിരക്ക് അപ്പോൾ നിശ്‌ചയിക്കും. പദ്ധതി പൂർത്തിയാകുന്നതോടെ തദ്ദേശ സ്ഥാപനങ്ങൾക്ക് മീൻവല്ലത്തിൽനിന്നുള്ള ലാഭവിഹിതം 15 ശതമാനമായി ഉയർത്താനാകും. ഇത് പദ്ധതി പ്രവർത്തനങ്ങൾക്ക് കൂടുതൽ തുക നീക്കിവയ്‌ക്കാൻ സഹായമാകും. ഇതുവരെ മൂന്ന് ശതമാനം ലാഭവിഹതമാണ് നൽകിവരുന്നത്.
പ്രസാദ് മാത്യു,
ചീഫ് എൻജിനിയർ (പിഎസ്‌എച്ച്‌സിഎൽ)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..