28 September Saturday

ഉയരുമോ, കോട്ടയം ആരവം

നെഹ്‌റു ട്രോഫി വള്ളംകളിUpdated: Saturday Sep 28, 2024

കുമരകം ടൗൺ ബോട്ട് ക്ലബ് നടുഭാഗം ചുണ്ടനിൽ പരിശീലനത്തുഴച്ചിൽ നടത്തുന്നു

കോട്ടയം
പുന്നമടക്കായലിൽ ഓളത്തിന്‌ തീപിടിപ്പിക്കാൻ കോട്ടയത്തെ ചുണ്ടൻ വള്ളങ്ങൾ റെഡി. നെഹ്രുട്രോഫി ജലമേളയിൽ ജില്ലയുടെ പ്രതീക്ഷകൾ തോളിലേറ്റി മൂന്ന്‌ ചുണ്ടന്മാർ മത്സരിക്കും. പരിശീലനം പൂർത്തിയാക്കി പോരാട്ടത്തിന്‌ സജ്ജമായ വള്ളങ്ങൾ 110 തുഴക്കാരുമായി ശനി രാവിലെ ആലപ്പുഴയിലേക്ക്‌ പുറപ്പെടും.
  കുമരകം ബോട്ട്‌ ക്ലബ്ബിനും കുമരകം ടൗൺ ബോട്ട്‌ ക്ലബ്ബിനും പുറമെ കന്നിക്കാരായ ചങ്ങനാശേരി ബോട്ട്‌ ക്ലബ്ബുമുണ്ട്‌ ഇത്തവണ ജില്ലയിൽനിന്ന്‌. വയനാട്‌ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ നെഹ്രു ട്രോഫി വള്ളംകളി മാറ്റിവയ്‌ക്കുമ്പോൾ പരിശീലനം പാരമ്യത്തിൽ നിൽക്കുകയായിരുന്നു. സെപ്‌തംബർ 28ന്‌ മത്സരം നടത്തുമെന്ന പ്രഖ്യാപനം വന്നതോടെ പരിശീലനം പുനരാരംഭിക്കുകയായിരുന്നു.
 കുമരകം ടൗൺ ബോട്ട്‌ ക്ലബ്‌ തുഴച്ചിലുകാർ വെള്ളി വൈകിട്ട്‌ കായികപരിശീലനം നടത്തി. വള്ളം പോളിഷ്‌ ചെയ്‌തു. ശനി രാവിലെ എട്ടിന്‌ കുമരകം ചന്തക്കവലയിൽനിന്ന്‌ വള്ളം പുറപ്പെടും. കുമരകം ബോട്ട്‌ ക്ലബ്‌ വെള്ളിയാഴ്‌ചയും ട്രയൽ നടത്തി. ശനി രാവിലെ എട്ടിന്‌ നാരകത്തറയിൽനിന്ന്‌ പുറപ്പെടും.
 ചങ്ങനാശേരി ബോട്ട്‌ ക്ലബ്‌ വെള്ളിയാഴ്ച തുഴച്ചിലുകാർക്ക്‌ വിശ്രമംനൽകി. ശനി രാവിലെ ആറിന്‌ കിടങ്ങറയിൽനിന്ന്‌ പുറപ്പെടും.  നെഹ്രു ട്രോഫിയിൽ രണ്ട്‌ ഹാട്രിക്കുകൾനേടിയ ചരിത്രമുണ്ട്‌ കുമരകം ബോട്ട്‌ ക്ലബ്ബിന്‌. സമീപകാലത്ത്‌ കിരീടം നേടാനായിട്ടില്ലെങ്കിലും ഇത്തവണ വാശിയിലാണ്‌ ടീം. മേൽപാടം ചുണ്ടനിലാണ്‌ ക്ലബ്‌ മത്സരിക്കുന്നത്‌. 
  കഴിഞ്ഞതവണ ആറ്‌ മൈക്രോസെക്കൻഡിന്‌ രണ്ടാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടുപോകുകയായിരുന്നു കുമരകം ടൗൺ ബോട്ട്‌ ക്ലബ്‌. ഇത്തവണ കപ്പിൽ കുറഞ്ഞ ലക്ഷ്യമൊന്നുമില്ല. നടുഭാഗം ചുണ്ടനിലാണ്‌ മത്സരിക്കുന്നത്‌. 
  പുത്തൻ ക്ലബ്ബായ ചങ്ങനാശേരി ബോട്ട്‌ ക്ലബ് വലിയ ദിവാൻജി ചുണ്ടൻവള്ളത്തിലാണ്‌ മത്സരത്തിനിറങ്ങുക. 
 
കുമരകം കാത്തിരിക്കുന്നു
കോട്ടയം
തുഴത്താളം ഹൃദയതാളമായ കുമരകത്തിന്‌ നെഹ്രു ട്രോഫി മത്സരദിനം എന്നും ആവേശമുള്ള ഓർമയാണ്‌. നെഹ്രു ട്രോഫി 1952ൽ ആരംഭിച്ചെങ്കിലും 19 വർഷത്തിന്‌ ശേഷമാണ്‌ കുമരകം നെഹ്‌റു ട്രോഫിയിൽ ആദ്യമായി മുത്തമിടുന്നത്‌. 1971ൽ കുമരകം ബോട്ട്‌ ക്ലബ്ബും പുളിങ്കുന്ന്‌ ബോട്ട്‌ ക്ലബ്ബും ചേർന്ന്‌ മത്സരിച്ച്‌ വിജയികളായി. തുടർന്ന്‌ 1972ലും 73ലും കുമരകം ബോട്ട്‌ ക്ലബ്‌ തനിച്ച്‌ ചാമ്പ്യൻമാരായി. 1982, 83, 84 വർഷങ്ങളിൽ ഹാട്രിക്‌ കിരീടം. പിന്നീട്‌ പരാജയങ്ങളുടെ നാളുകളായിരുന്നു. നീണ്ട 15 വർഷത്തിനുശേഷം 1999ൽ ടൗൺ ബോട്ട്‌ ക്ലബ്ബിലൂടെ ട്രോഫി വീണ്ടും കുമരകത്തെത്തി. 2002ൽ വീണ്ടും കുമരകം ബോട്ട്‌ ക്ലബ്‌ ഒന്നാമതെത്തി. 2004 മുതൽ 2007 വരെ തുടർച്ചയായി നാലുവർഷം നെഹ്‌റു ട്രോഫിയിൽ മുത്തമിട്ട്‌ ടൗൺ ബോട്ട്‌ ക്ലബ്‌ ചരിത്രം രചിച്ചു. 2010 ൽ ആറാമത്തെ നെഹ്‌റു ട്രോഫിയും ബോട്ട്‌ ക്ലബ്‌ തങ്ങളുടെ ഷെൽഫിലെത്തിച്ചു. 2016 ൽ വേമ്പനാട്ട്‌ ക്ലബ്ബാണ്‌ അവസാനമായി കുമരകത്തിന്റെ മണ്ണിലേക്ക്‌ നെഹ്രു ട്രോഫിയെത്തിച്ചത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top