18 December Wednesday

ശുചിത്വത്തിൽ മാറ്റം സാധ്യമാണ്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024

ശാസ്‌ത്രീയ ശുചിത്വ പരിപാലനത്തിനുള്ള ശുചിത്വമിഷന്റെ അഭിനന്ദനപത്രം കലക്ടർ സ്നേഹിൽ കുമാർ സിങ്ങിൽനിന്ന്‌ പ്രൊവിഡൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഹഷ്മിത ഏറ്റുവാങ്ങുന്നു

സ്വന്തം ലേഖകൻ
കോഴിക്കോട് 
വലിച്ചെറിഞ്ഞ പാഴ്‌വസ്‌തുക്കളോ എന്തിനേറെ ഒരു മിഠായി  കടലാസുപോലും ഇവിടങ്ങളിൽ എവിടെ പരതിയാലും കണ്ടെടുക്കാനാവില്ല. അത്രയേറെ ശുചിത്വവും സുന്ദരവുമാണ്‌ കോഴിക്കോട്ടെ   ഈ മൂന്ന്‌ സ്ഥാപനങ്ങളും.  ശാസ്‌ത്രീയ ശുചിത്വപരിപാലനത്തിന്‌  സംസ്ഥാനത്ത്‌ ആദ്യമായി ഏർപ്പെടുത്തിയ  അംഗീകാരവും ഇവരെ തേടിയെത്തി.   അതെ, ശുചിത്വത്തിൽ മാറ്റം സാധ്യമാണെന്ന്‌  തെളിയിച്ച കോഴിക്കോട് പ്രൊവിഡൻസ് വുമൺസ് കോളേജും  എം വി ആർ ക്യാൻസർ സെന്ററും സി ആർ സി കേരളയുമാണ്‌  സംസ്ഥാനശുചിത്വമിഷന്റെ അഭിനന്ദനത്തിന്‌ പാത്രമായത്‌. ഹരിത ക്യാമ്പസുകളാവാൻ നടത്തിയ   പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ശുചിത്വമിഷൻ പ്രത്യേക അഭിനന്ദന പത്രം സമ്മാനിച്ചത്. പ്രെവിഡൻസ്‌ കോളജിലെ 53 ഏക്കർ ഭൂമിയും  എംവിആർ ക്യാൻസർ സെന്ററിലെ 19 ഏക്കർ ഭൂമിയും സിആർസിയിലെ മൂന്നേക്കർ ഭൂമിയും ജൈവ–-അജൈവ മാലിന്യങ്ങളില്ലാതെയാണ്‌  സംരംക്ഷിക്കുന്നത്‌. പൂർണമായും ഹരിത പ്രോട്ടോക്കോൾ പാലിച്ചാണ്‌ ശുചിത്വമുറപ്പാക്കുന്നത്‌.
 പ്ലാസ്റ്റിക് പോലുള്ള അജൈവ പാഴ്വസ്തുക്കൾ തരംതിരിച്ച് സൂക്ഷിക്കാൻ എംസിഎഫ്‌, മൈക്രോ എംസിഎഫ്‌ എന്നിവ തയ്യാറാക്കുകയും അവ തരംതിരിച്ച് സമയാസമയങ്ങളിൽ ഹരിത കർമസേനക്ക്‌ കൈമാറുകയും ചെയ്യുന്നു. ഭക്ഷണാവശിഷ്ടം  ഉൾപ്പെടെയുള്ള ജൈവാവിശിഷ്ടം  ബയോഗ്യാസ്, റിങ്‌ കമ്പോസ്റ്റ് തുടങ്ങിയവ ഉപയോഗിച്ച് വളമാക്കുന്നു. ഈ  വളം  വാഴ, പച്ചക്കറി തുടങ്ങിയ കൃഷികൾക്ക്‌ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. നിറവ് സീറോ വേസ്റ്റ് മാനേജ്മെന്റാണ്   മൂന്ന്‌ സ്ഥാപനങ്ങൾക്കും സാങ്കേതിക സഹായം നൽകുന്നത്.
 അഭിനന്ദനപത്രം കലക്ടർ  സ്നേഹിൽ കുമാർ സിങ്   കൈമാറി. പ്രൊവിഡൻസ് കോളേജ് പ്രിൻസിപ്പൽ ഡോ.സിസ്റ്റർ ഹഷ്മിത, എംവിആർ ക്യാൻസർ സെന്റർ ഡെവലപ്മെന്റ് ഓഫീസർ  കെ ജയേന്ദ്രൻ , സിആർസികെ ഡയറക്ടർ ഡോ. റോഷൻ ബിജിലി എന്നിവർ അനുമോദന പത്രം ഏറ്റുവാങ്ങി. ജില്ലാ ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ എം ഗൗതമൻ, അസി. കോ ഓർഡിനേറ്റർ സി കെ സരിത്ത്, നിറവ് ഡയറക്ടർ ബാബു പറമ്പത്ത് തുടങ്ങിയവർ പങ്കെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top