23 December Monday

ഗന്ധർവഗാനത്തിന്‌ 
കടലക്കാരൻ താളമിട്ടു

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024
കാഞ്ഞിരപ്പള്ളി
ഗാനഗന്ധർവൻ യേശുദാസിന്റെ വാക്കാലുള്ള അഭിനന്ദനം മനസിൽ മായാതെ സൂക്ഷിക്കുകയാണ് കടല (കപ്പലണ്ടി) കച്ചവടക്കാരനായ സലീം ഇട്ടിയമ്പാറ. 55 വർഷം മുമ്പായിരുന്നു സംഭവം.കാഞ്ഞിരപ്പള്ളി മണ്ണാറക്കയത്തുള്ള ജനതാ ക്ലബ്ബിനോടനുബന്ധിച്ചുള്ള സ്റ്റേഡിയം ഉദ്‌ഘാടനത്തിന്‌ എത്തിയതായിരുന്നു യേശുദാസ്. തുറന്നജീപ്പിൽ കാഞ്ഞിരപ്പള്ളി റാണി ആശുപത്രി പടിക്കൽനിന്ന്‌ മണ്ണാറക്കയത്തെ ജനതാ ക്ലബ്ബിലേക്ക് സ്വീകരിച്ച് ആനയിച്ചു. അന്ന് 18 വയസ് മാത്രമുള്ള സലീം തന്റെ കടലവണ്ടിയും തള്ളി റാലിയോടൊപ്പം പോയി.  യേശുദാസ് സ്റ്റേഡിയം ഉദ്‌ഘാടനംചെയ്ത് പ്രസംഗം അവസാനിപ്പിക്കുമ്പോൾ ഒരു പാട്ടുപാടണമെന്ന് സദസിൽനിന്ന്‌ ആവശ്യമുയർന്നു. താളമേളങ്ങൾ ഇല്ലാതെ പാടാൻ ബുദ്ധിമുട്ടാണെന്ന് യേശുദാസ് പറഞ്ഞു.  ആവശ്യം ശക്തമായതോടെ ലങ്കാദഹനം എന്ന ചിത്രത്തിലെ 'ഈശ്വരനൊരിക്കൽ വിരുന്നിന്നുപോയി' എന്ന ഗാനം പാടി. കടല  കച്ചവടത്തിലേർപ്പെട്ടിരുന്ന സലിം യേശുദാസിന്റെ പാട്ടിന്‌ താളമിട്ടു. കടലവറക്കുന്ന ചീനച്ചട്ടിയിൽ ചട്ടുകംകൊണ്ട്‌ കൊട്ടിയായിരുന്നു താളംപിടിച്ചത്‌. ഗാനം അവസാനിച്ചതോടെ യേശുദാസ് മൈക്കിലൂടെ പറഞ്ഞു ‘‘സംഗീത ഉപകരണങ്ങൾ ഇല്ലെങ്കില്ലെന്താ കപ്പലണ്ടി കച്ചവടക്കാരന്റെ ചീനച്ചട്ടിയിലെ താളം സഹായിച്ചു’’ അപ്പോഴാണ്‌ കടലവണ്ടിക്കാരനാണ്‌ താളം പിടിച്ചതെന്ന്‌ ശ്രോതാക്കൾ മനസിലാക്കിയത്.  നാട്ടുകാർ സലീമിനെ അഭിനന്ദിച്ചു. ഈ സമയം ലങ്കാദഹനം സിനിമ കാത്തിരപ്പള്ളി ബേബി തിയറ്ററിൽ കളിക്കുന്നുണ്ടായിരുന്നു.
കാഞ്ഞിരപ്പള്ളി നഗരത്തോടുചേർന്ന ആനിത്തോട്ടം ലെയ്നിൽ ഇട്ടിയമ്പാറ വീട്ടിൽ താമസിക്കുന്ന സലീം പത്താം വയസിലാണ്‌ കടല കച്ചവടം തുടങ്ങിയത്. ഇപ്പോൾ ഈരാറ്റുപേട്ട റോഡിലുള്ള ആനക്കല്ലിൽ മസാല കട നടത്തുകയാണ്.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top