ചാരുംമൂട്
സിപിഐ എം ചാരുംമൂട് ഏരിയ സമ്മേളനത്തിന് കോടിയേരി ബാലകൃഷ്ണൻ നഗറിൽ (താമരക്കുളം തമ്പുരാൻ ലാൻഡ് ഗ്രൗണ്ട് ഓഡിറ്റോറിയം) ഉജ്വല തുടക്കം. ജില്ലാ സെക്രട്ടറി ആർ നാസർ പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്തു. വ്യാഴം വൈകിട്ട് ചുവപ്പുസേനാ മാർച്ച്, ബഹുജന റാലി, പൊതുസമ്മേളനം എന്നിവയോടെ സമാപിക്കും.
ബുധനാഴ്‌ച രാവിലെ പ്രതിനിധികൾ പ്രകടനമായെത്തി രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. മുതിർന്ന അംഗം ചത്തിയറ എൻ ഗോപിനാഥപിള്ള പതാക ഉയർത്തി. വി വിനോദ് രക്തസാക്ഷി പ്രമേയവും ബി വിശ്വൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. വി കെ അജിത്ത് (കൺവീനർ), ബി വിശ്വൻ, എ നൗഷാദ്, കെ സുമ എന്നിവരാണ് പ്രസീഡിയം. സ്വാഗതഗാനം ആലപിച്ച് പ്രതിനിധികളെ വരവേറ്റു. സ്വാഗതസംഘം ചെയർപേഴ്സൺ ജി രാജമ്മ സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി ബി ബിനു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെ രാഘവൻ, ജി ഹരിശങ്കർ, എ മഹേന്ദ്രൻ, എച്ച് സലാം എന്നിവർ പങ്കെടുത്തു.
ഉച്ചയ്‌ക്കുശേഷം പൊതുചർച്ച നടന്നു. വൈകിട്ട് പൊതുസമ്മേളന നഗരിയായ സീതാറാം യെച്ചൂരി നഗറിൽ (താമരക്കുളം ജങ്‌ഷന് കിഴക്ക്) വിവിധ കലാപരിപാടികൾ അരങ്ങേറി. സമ്മേളനം വ്യാഴാഴ്‌ചയും തുടരും. മറുപടിക്കുശേഷം പുതിയ ഏരിയ കമ്മിറ്റി അംഗങ്ങളെയും സെക്രട്ടറിയെയും ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. വൈകിട്ട് നാലിന് ചാവടി ജങ്‌ഷനിൽനിന്ന് ചുവപ്പുസേനമാർച്ചും ബഹുജനറാലിയും ആരംഭിക്കും. അഞ്ചിന് സീതാറാം യെച്ചൂരി നഗറിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം പുത്തലത്ത് ദിനേശൻ പൊതുസമ്മേളനം ഉദ്ഘാടനംചെയ്യും. സ്വാഗതസംഘം ചെയർപേഴ്സൺ ജി രാജമ്മ അധ്യക്ഷയാകും. നാടൻപാട്ടും അരങ്ങേറും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..