കുറ്റിപ്പുറം/ മലപ്പുറം
ദേശീയപാത 66ന്റെ ജില്ലയിലെ രണ്ട് സ്ട്രച്ചുകളുടെയും നിർമാണം അടുത്തവർഷം ഏപ്രിലോടെ പൂർത്തിയാകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കോഴിക്കോട് ജില്ലയിൽ രാമനാട്ടുകരമുതൽ വെങ്ങളംവരെയുള്ള ഒരു സ്ട്രച്ചിന്റെ പ്രവൃത്തിയും ഇതോടൊപ്പം തീരും. ബാക്കി പ്രവൃത്തികൾകൂടി പൂർത്തിയാക്കി 2025 ഡിസംബറോടെ കാസർകോട് മുതൽ എറണാകുളംവരെ 45 മീറ്റർ വീതിയുള്ള ആറുവരി ദേശീയപാത ഗതാഗതത്തിന് തുറന്നുകൊടുക്കാനാവുമെന്നും മന്ത്രി പറഞ്ഞു.
കഞ്ഞിപ്പുരയിൽ ദേശീയപാത നിർമാണ പുരോഗതി വിലയിരുത്തി സംസാരിക്കുകയായിരുന്നു മന്ത്രി. വലിയ പ്രതിസന്ധിയിൽകിടന്നിരുന്ന കഞ്ഞിപ്പുര–-മൂടാൽ ബൈപാസിന്റെ വികസനവും യാഥാർഥ്യമാവുകയാണ്. ദേശീയപാതയുടെ ഭാഗമായ 37 കിലോമീറ്റർ നീളമുള്ള ഈ സ്ട്രച്ചിന്റെ 87 ശതമാനം ജോലികളും ഇതിനകം പൂർത്തിയായി. ഏപ്രിലോടെ പ്രവൃത്തി പൂർത്തിയാക്കാനാവും.
ബുധനാഴ്ച വൈകിട്ട് സ്ഥലം സന്ദർശിച്ച മന്ത്രി ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശം നൽകി.
ദേശീയപാത നിർമാണം സംസ്ഥാന സർക്കാരും ദേശീയപാത അതോറിറ്റിയും ഒത്തൊരുമിച്ചുനിന്നാണ് പൂർത്തിയാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ദേശീയപാത വികസനം ഏറ്റവും വേഗത്തിൽ നടക്കുന്നത് കേരളത്തിലാണ്. രണ്ടാഴ്ച കൂടുമ്പോൾ അവലോകനം നടത്തുന്നുണ്ട്. ദേശീയപാതയുടെ സ്ഥലമെടുപ്പിനായി 5600 കോടി രൂപയാണ് സംസ്ഥാന സർക്കാർ ചെലവഴിച്ചത്. എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെ കക്ഷിരാഷ്ട്രീയ ഭേദമന്യേയുള്ള പിന്തുണയോടെയാണ് ചിരകാല സ്വപ്നം യാഥാർഥ്യമാവാൻ പോകുന്നതെന്നും മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..