എഴുകോൺ
കൊല്ലം–-തിരുമംഗലം ദേശീയപാതയിൽ എഴുകോണിലെ തുടർവാഹനാപകടങ്ങൾ പരിഹരിക്കുന്നതിന് ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ ഇടപെടൽ. എഴുകോണിലെ അപകടഭാഗങ്ങൾ സന്ദർശിച്ച് നാറ്റ് പാക് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൊതുപ്രവർത്തകരുമായി മന്ത്രി ചർച്ച നടത്തി. നിരന്തരം അപകടം സംഭവിക്കുന്ന ബ്ലാക്ക് സ്പോട്ട് ഒഴിവാക്കാനുള്ള സാധ്യതകൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നാറ്റ് പാക്കിനെ മന്ത്രി ചുമതലപ്പെടുത്തി.
ദേശീയപാത 744ൽ എട്ട് അപകട മേഖലകളാണ് ഉണ്ടായിരുന്നത്. അഞ്ചിടത്ത് പരിഹാരം കണ്ടു. ശേഷിക്കുന്നത് എഴുകോൺ, കൊട്ടാരക്കര പുലമൺ, കിഴക്കേതെരുവ് എന്നിവയാണ്. പഠന റിപ്പോർട്ടിന് അനുസൃതമായി റീജണൽ തലത്തിൽ പരിഹാര മാർഗങ്ങൾ നടപ്പാക്കും. അപകടങ്ങൾ നടക്കുന്നതിനുള്ള കാരണങ്ങളാണ് നാറ്റ് പാക് പരിശോധിക്കുന്നത്. എഴുകോൺ മേൽപ്പാലത്തിൽ നിരന്തരം അപകടം നടക്കുന്നത് ഒഴിവാക്കാൻ കുത്തനെയുള്ള കയറ്റിറക്കങ്ങളും വളവും പരിഹരിക്കേണ്ടതുണ്ട്. ദേശീയപാത പ്രോജക്ട് ഡയറക്ടർ ബിപിൻ മധു, എൻഎച്ച് പിഡബ്ലൂഡി ഇഇ ജോൺ കെന്നത്ത്, നാറ്റ് പാക് സയന്റിസ്റ്റുകളായ അരുൺ ചന്ദ്രൻ, ആഷിക് കെ ആസാദ്, എഴുകോൺ പഞ്ചായത്ത് പ്രസിഡന്റ് ബിജു എബ്രഹാം, സിപിഐ എം ഏരിയ സെക്രട്ടറി ജെ രാമാനുജൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ എം പി മനേക്ഷ, എസ് ഓമനക്കുട്ടൻ എന്നിവരും മന്ത്രിയ്ക്കൊപ്പമുണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..