22 December Sunday
കർക്കടകം 14

പ്രതിനായകരുടെ 
കുറുമകുടി ഇന്ന്

സയൻസൺUpdated: Monday Jul 29, 2024

കുറുമരുടെ താമസകേന്ദ്രം

കൽപ്പറ്റ
രാമായണത്തിലെ രാമന്‍ നന്മയുടെ പ്രതീകവും രാവണന്‍ തിന്മയുടെ പ്രതീകവുമാണ്. ലങ്കാധിപതിയായ രാവണന്‍ സീതയെ തട്ടിക്കൊണ്ടുപോയതാണ്‌ രാമ–-രാവണ യുദ്ധത്തിന്റെ  കാരണം. ശ്രീലങ്കക്കാരുടെ കണ്ണില്‍ അതല്ല യുദ്ധഹേതു. രാമന്റെ സഹോദരനായ ലക്ഷ്മണന്‍ രാവണന്റെ സഹോദരിയായ ശൂര്‍പ്പണഖയുടെ മൂക്കരിഞ്ഞ സംഭവമാണ് യുദ്ധത്തിലേക്ക് നയിച്ചത് എന്നത്രേ ലങ്കക്കാരുടെ  വിശ്വാസം. ഇതേ വിശ്വാസത്തിൽ തങ്ങളുടെ പിതാമഹർക്ക്‌  പിതൃപൂജയൊരുക്കുന്ന ഗോത്രവിഭാഗമുണ്ട്‌ കേരളത്തിൽ. കുറുമരുടെ വിശ്വാസമനുസരിച്ച്‌ അവർ രാവണന്റെ പിൻമുറക്കാരാണ്‌. അതുകൊണ്ട്‌ തന്നെ രാമ–-രാവണ യുദ്ധത്തിൽ രാവണൻ മരിച്ചുവീണതെന്ന്‌ വിശ്വസിക്കുന്ന കർക്കടകം 14ന്‌ ഇവർ കുറുമകുടി ആചരിക്കുന്നു. 
  രാമ–- രാവണ യുദ്ധത്തോടെ ലങ്കാപുരിയിൽനിന്ന്  തമിഴകത്തെ മധുരയിലേക്ക് പലായനം ചെയ്തുവെന്നും അവിടുന്ന്‌ വയനാട്ടിലെത്തിയവരുടെ പിന്മുറക്കാരാണ് തങ്ങളെന്നുമാണ്‌  കുറുമരുടെ വിശ്വാസം. സംസാര ഭാഷയിലെ തമിഴ് സ്വാധീനമാണ്‌  ഇതിന്‌ തെളിവായി ചൂണ്ടിക്കാട്ടപ്പെടുന്നതെന്ന് കുറുമരുടെ ജീവിതാവസ്ഥ പഠിക്കുന്ന വേലിയമ്പത്തെ കെ എം രാമചന്ദ്രൻ പറയുന്നു.  
മധുരയിൽനിന്ന്‌  നീലഗിരി നിരകൾ താണ്ടിയാണ് വയനാട്ടിലെത്തിയതെന്നും ഇവർ വിശ്വസിക്കുന്നു.   കൂട്ടംചേർന്ന്‌ താമസിക്കുന്ന കുറുമർ നടത്തുന്ന പിതൃപൂജയെയാണ്‌  കുറുമകുടി എന്ന്‌ അറിയപ്പെടുന്നത്.   ബലിതർപ്പണത്തിനുള്ള അവകാശം വീടുകളിലെ പ്രായമായ സ്ത്രീകൾക്കാണ്. കർക്കടകം 14 ന് വൈകിട്ട്‌  പുഴയിൽനിന്നോ തോട്ടിൽനിന്നോ ചടങ്ങിനാവശ്യമായ മീനും ഞണ്ടും പിടിക്കുന്നതും സ്ത്രീകളാണ്. മുളകൊണ്ട് ഉണ്ടാക്കിയ  മീൻ കൂടയാണ് മീൻ പിടിക്കാൻ ഉപയോഗിക്കുക.  
വന്യമൃഗങ്ങളെ വേട്ടയാടി കാട്ടിറച്ചി എത്തിക്കേണ്ടത്‌ ഗോത്രത്തിലെ പുരുഷൻമാരാണ്‌.  വേട്ട അനുവദിക്കാത്തതിനാൽ ഇറച്ചി  കടയിൽനിന്ന്‌  വാങ്ങാറാണ്‌ ഇപ്പോൾ.  തകര,  ചേമ്പിൻതാൾ എന്നിവ അടങ്ങിയ സദ്യയും കുറുമകുടിയിൽ ഒഴിവാക്കാനാകാത്തതാണ്‌.  രാത്രിയിലാണ്‌ ഈ ആചാരം നടക്കുക. സാധാരണ പിതൃപൂജ നടത്തുന്ന കർക്കടകവാവ്‌ ദിവസം ഇവർക്ക്‌ ചടങ്ങുകളൊന്നുമില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top