21 November Thursday
ദ്വാരക എയുപിഎസിലെ ഭക്ഷ്യവിഷബാധ

ചികിത്സതേടി കൂടുതൽ വിദ്യാർഥികൾ

വെബ് ഡെസ്‌ക്‌Updated: Monday Jul 29, 2024

മന്ത്രി ഒ ആർ കേളു വയനാട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർഥികളെ സന്ദർശിക്കുന്നു

സ്വന്തം ലേഖകൻ
മാനന്തവാടി
ദ്വാരക എയുപി സ്‌കൂളിലുണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്ന് ഞായർ കൂടുതൽ കുട്ടികൾ ചികിത്സതേടി. ശനിയാഴ്‌ച മുതൽ ഇരുനൂറ്റിഅറുപതിലധകം വിദ്യാർഥികളാണ്‌ വയനാട്‌ മെഡിക്കൽ കോളേജ് ആശുപത്രിയിലും പൊരുന്നന്നൂർ പിഎച്ച്‌സി, വിവിധ സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ ചികിത്സക്കെത്തിയത്‌. രണ്ട്‌ അധ്യാപകമാരും ചികിത്സ തേടിയിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ല.  ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന്‌ ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
 ശനിയാഴ്‌ച നിരവധി വിദ്യാർഥികൾക്ക്‌ ഛർദിയും വയറിളക്കവും തളർച്ചയും അനുഭവപ്പെട്ടതോടെയാണ്‌ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്‌. ഭക്ഷ്യവിഷബാധയെന്ന വാർത്ത പരന്നതോടെ മുൻകരുതലെന്ന നിലയിലും രക്ഷിതാക്കൾ കുട്ടികളെ ആശുപത്രികളിലെത്തിച്ചു. മാനന്തവാടി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ 39 കുട്ടികളും പൊരുന്നന്നൂർ പിഎച്ച്‌സിയിലും സ്വകാര്യ ആശുപത്രികളിലുമായി 34 പേരുമാണ്‌ നിലവിൽ ചികിത്സയിലുള്ളത്‌. നിരീക്ഷണത്തിനുശേഷം പ്രശ്‌നങ്ങളില്ലാത്തവരെ ഡിസ്‌ചാർജ്‌ ചെയ്‌തു. ശനിയാഴ്‌ച നൂറിലധികം കുട്ടികൾ ചികിത്സക്കെത്തിയതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ  പ്രത്യേക വാർഡ്‌ തുറന്നിരുന്നു. ഞായറും കൂടുതൽപേരെത്തി. ന്യൂബ്ലോക്കിലെ ഒന്നാം നിലയിൽ മറ്റൊരു വാർഡുകൂടി സജ്ജീകരിച്ചു. 
വിഷബാധയ്‌ക്ക്‌ 
കാരണം തൈര് ?
ഭക്ഷ്യവിഷബാധയുടെ കാരണം ഉച്ചഭക്ഷണത്തിനൊപ്പം നൽകിയ തൈരാണെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. കുടിവെള്ളമാണോ പ്രശ്‌നമുണ്ടായതെന്നും പരിശോധിക്കുന്നുണ്ട്. കുടിവെള്ളത്തിന്റെ സാമ്പിൾ ആരോഗ്യവകുപ്പ് ശേഖരിച്ചു. പരിശോധന പൂർത്തിയായശേഷമേ യഥാർഥ കാരണം വ്യക്തമാകുകയുള്ളൂവെന്ന്‌ അധികൃതർ പറഞ്ഞു. 
ഒറ്റക്കെട്ടായി 
അണിനിരന്നു
മെഡിക്കൽകോളേജ്‌ ആശുപത്രിയിൽ വിദ്യാർഥികൾ നിറഞ്ഞതോടെ ചികിത്സ ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പും സന്നദ്ധ പ്രവർത്തകരും ഒറ്റക്കെട്ടായി അണിനിരന്നു. ശനിയാഴ്‌ച ഡ്യൂട്ടി കഴിഞ്ഞുപോയ ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയുമെല്ലാം തിരികെ എത്തിച്ചാണ്‌ എല്ലാവർക്കും ചികിത്സ ഉറപ്പാക്കിയത്‌.
മന്ത്രി ഒ ആർ കേളു ഞായറാഴ്‌ചയും ആശുപത്രിയിൽ എത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. കൂടുതൽ ആംബുലൻസുകളും മറ്റുചികിത്സ സൗകര്യങ്ങളും ഒരുക്കി. വാർഡുകളിലെത്തി ചികിത്സയിലുള്ള വിദ്യാർഥികളെ കണ്ടു. രക്ഷിതാക്കളുമായും സംസാരിച്ചു. 
 പട്ടികവർഗ വകുപ്പ്‌ ഉദ്യോഗസ്ഥർ വിദ്യാർഥികളുടെ വീടുകളിൽ എത്തി വിവരങ്ങൾ അന്വേഷിച്ചു.  വീടുകളിലുണ്ടായിരുന്ന 12 ഗോത്രവർഗ വിദ്യാർഥികളെ പ്രൊമോട്ടർമാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചു. ഉദ്യോഗസ്ഥർ ആശുപത്രിയിൽ ക്യാമ്പു ചെയ്യുന്നുണ്ട്‌.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top