25 November Monday

സോക്കർ ചാരുതയിൽ യങ്ചാലഞ്ചേഴ്‌സ്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024

മയ്യിൽ യങ്ങ്ചാലഞ്ചേഴ്സ് ക്ലബ് അംഗങ്ങൾ

മയ്യിൽ
ഫുട്‌ബോളിനെ നെഞ്ചേറ്റുന്ന നാട്ടിൽ യുവതയുടെ പ്രസരിപ്പാണ്‌ യങ്ങ്‌ചാലഞ്ചേഴ്‌സ്‌. കാൽപ്പന്തുകളിയാരവങ്ങളിലേക്ക് മയ്യിലിന്റെ യുവതയെ സ്വപ്നംകാണാൻ പഠിപ്പിച്ചതും ഈ ക്ലബ്ബാണ്‌. സോക്കർകരുത്തിൽ  കണ്ണൂരിലെ സെവൻസ് അടക്കിവാണ ചരിത്രമാണ്‌ ഇവർക്ക്‌ പറയാനുള്ളത്‌. 1970ലാണ് മയ്യിൽ യങ്ചാലഞ്ചേഴ്‌സ് ‌സ്പോർട്‌സ് ക്ലബ് രൂപംകൊള്ളുന്നത്.  കെ കുഞ്ഞിരാമൻ നായർ, എം വി കുഞ്ഞിരാമൻ നമ്പ്യാർ, യു പത്മനാഭൻ, കെ ചന്ദ്രൻ, കെ ശശിധരൻ, എൻ എ ഗംഗാധരൻ, എൽ എം കുഞ്ഞിരാമൻ, എൽ എം നാരായണൻ തുടങ്ങിയവരാണ്‌ ക്ലബ്ബിന് രൂപം നൽകിയത്. മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്‌മാരക ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടാണ്‌ ടീമിന്റെ പരിശീലനകേന്ദ്രം.  വിവിധ  കാലങ്ങളിലായി കരിവെള്ളൂർ, പയ്യന്നൂർ, ഇരിണാവ്, പിലാത്തറ, കല്യാശേരി, കണ്ണാടിപ്പറമ്പ്, ഇരിക്കൂർ തുടങ്ങിയയിടങ്ങളിലെ സെവൻസ് ഫുട്‍ബോൾ ടൂർണമെന്റുകളിൽ ഇവർ ജേതാക്കളായി. 
2008ൽ കേരളാഫുട്‍ബോൾ അസോസിയേഷനിൽ രജിസ്റ്റർ ചെയ്തതോടെ കൂടുതൽ കരുത്തോടെ ടീം പ്രവർത്തനങ്ങൾ ആരംഭിച്ചു. ക്ലബ്ബിന്റെ നേതൃത്വത്തിൽ മൂന്നരപതിറ്റാണ്ടോളം ഓപ്പൺ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ്‌ നടത്തിയിരുന്നു. ചിട്ടയായ പ്രവർത്തങ്ങളും പരിശീലനങ്ങളിലൂടെ  നിരവധി  പ്രതിഭകളെ ഉയർത്താൻ  സാധിച്ചിട്ടുണ്ട്. എഫ്‌സി കൊച്ചിൻ ടീം അംഗം ബിജുമോൻ, മഹാരാഷ്ട്രയിലെ ഓർക്കേ ടീം അംഗമായിരുന്ന പി ശശി, ടെറിട്ടോറിയൽ ആർമിയുടെ ഗോൾ കീപ്പർ സി മധുസൂദനൻ, കണ്ണൂർ പൊലീസിന് ബൂട്ടണിഞ്ഞ കെ സതീശൻ, കെ കെ പവിത്രൻ എന്നിവർ ക്ലബ്ബിന്റെ സംഭാവനകളാണ്.  
അരുൺ പവിത്രൻ, അമിത്ത് ചന്ദ്രൻ എന്നിവർ ക്ലബിൽനിന്ന്‌ മികച്ചപ്രവർത്തനം നടത്തി സംസ്ഥാനത്തെ അറിയപ്പെടുന്ന റഫറിമാരാണ്. 
നിലവിൽ എം വി കുഞ്ഞിരാമൻ നമ്പ്യാർ പ്രസിഡന്റും എ കെ വിശ്വനാഥൻ സെക്രട്ടറിയും പി പി സുഹൈൽ ട്രഷററുമാണ്. ബിനീഷ് ചന്ദ്രോത്താണ് ടീം മാനേജർ.
 യുവതീ യുവാക്കളും കുട്ടികളുമുൾപ്പെടെ ഇരുന്നൂറോളം കായികപ്രതിഭകൾ യങ് ചലഞ്ചേഴ്സിന്റെ ഭാഗമായി മയ്യിലിൽ പരിശീലനം നടത്തുന്നു. ഏഷ്യൻ ഫുട്‍ബോൾ കോൺഫെഡറേഷൻ സി ലൈസൻസ് കോച്ച് ബിജുമോന്റെ നേതൃത്വത്തിൽ ഉണ്ണികൃഷ്ണൻ, കെ കെ പവിത്രൻ, അശ്വന്ത്, സച്ചിൻ സുനിൽ എന്നിവരാണ്‌ ക്യാമ്പിന്‌ നേതൃത്വം നൽകുന്നത്‌.  ഇത്തവണ  ജില്ലാസൂപ്പർ ലീഗിൽ രണ്ടാംസ്ഥാനം നേടി. തുടർച്ചയായി ജില്ലാ ലീഗിൽ മികച്ച പ്രകടനമാണ്‌ ഇവർ നടത്തുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top