കണ്ണൂർ
സ്‌ക്രീനിൽ ഹോക്കി താരം പി ആർ ശ്രീജേഷിന്റെ മുഖം തെളിഞ്ഞപ്പോൾ കുഞ്ഞുമുഖങ്ങളിൽ പുഞ്ചിരി വിടർന്നു. ഇതാരാണെന്ന ക്വിസ് മാസ്‌റ്ററുടെ ചോദ്യം തീരുംമുമ്പേ ഉത്തരം പറന്നുവന്നു. കായികയിനം ഏതാണെന്ന ചോദ്യത്തിനും ഹോക്കിയെന്ന ഉത്തരം പറയാൻ താമസമുണ്ടായില്ല. ഇദ്ദേഹത്തിന് കിട്ടിയ മെഡലോ.... അതിന് വെങ്കലമെന്ന ഉത്തരവും റെഡി. അപ്പോ എന്താ മാഷേ ശരിക്കുമുള്ള ചോദ്യമെന്ന് കണ്ണുമിഴിച്ചുനിന്ന കുസൃതിക്കുടുക്കകളുടെ മുന്നിലേക്ക് ദാ ഒറിജിനൽ ചോദ്യമെത്തി. മെഡൽ നേടുമ്പോൾ പി ആർ ശ്രീജേഷ് ധരിച്ച ജേഴ്‌സിയുടെ നമ്പർ ഇനി ആർക്കും അനുവദിക്കില്ലെന്ന് ഇന്ത്യൻ ഹോക്കി ഫെഡറേഷൻ പ്രഖ്യാപിച്ചു. ഏതാണ് ആ നമ്പർ ? ഇതൽപ്പം കടുത്തുപോയല്ലോ മാഷെ എന്ന് ആദ്യം ചിലർ പരിഭവിച്ചെങ്കിലും 16 എന്ന് ശരിയുത്തരമെഴുതിയ മിടുക്കരുമുണ്ടായിരുന്നു എൽപി വിഭാഗത്തിൽ. ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റ് സീസൺ 13 സബ്‌ജില്ലാതല മത്സരങ്ങളിൽ അറിവ് ആയുധമാക്കിയ കൊച്ചുമിടുക്കരുടെ പോരാട്ടമാണ് നടന്നത്.
പൊതുവിജ്ഞാനവും സമകാലീന സംഭവങ്ങളും കലയും സാഹിത്യവും ഗണിതവുമെല്ലാം ചേരുന്ന ചോദ്യങ്ങൾ പുതിയ അറിവുകളും മത്സരാർഥികൾക്ക് സമ്മാനിച്ചു. വൈലോപ്പിള്ളി കവിതയും ടാഗോർ വചനങ്ങളും രാജാരവിവർമ ചിത്രവും ഖസാക്കിന്റെ ഇതിഹാസവും ചോദ്യങ്ങളായെത്തി. ചുറ്റും നടക്കുന്ന പുതിയ കാര്യങ്ങളെ അറിയാനും ഓർത്തുവയ്‌ക്കാനുമുള്ള പുതുതലമുറ ചുറുചുറുക്കായിരുന്നു ഉത്തരങ്ങളിൽ. ഒളിമ്പിക്‌സിൽ നൂറു ഗ്രാം അധികഭാരത്തിന്റെ പേരിൽ അർഹമായ മെഡൽ നഷ്ടപ്പെട്ട വിനേഷ് ഫോഗട്ടും സംസ്ഥാന ചലച്ചിത്രപുരസ്‌കാരം നേടിയ ബീന ആർ ചന്ദ്രനും സിനിമയിലെ സ്‌ത്രീകളുടെ പ്രശ്‌നങ്ങൾ പഠിച്ച ജസ്‌റ്റിസ് ഹേമ കമീഷനും അഞ്ചു വർഷം പൂർത്തിയാക്കി വീണ്ടും മുഖ്യമന്ത്രിയായ പിണറായി വിജയനും പുത്തനറിവുകളെ ഓർത്തുവച്ചവർക്ക് മാർക്ക് നൽകിയ ഉത്തരങ്ങളായി.
വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട വാർത്തകളെ പിന്തുടർന്ന് വായിച്ചവർക്ക് തുണയായി ചോദ്യങ്ങളെത്തി. കഠിനമായ മഴയിൽ ഉയർന്ന പ്രദേശങ്ങളിലെ മണ്ണിൽ സംഭരിക്കുന്ന ജലം അതിമർദം കാരണം കല്ലും മണ്ണും പാറക്കെട്ടുകളുമായി താഴേക്ക് പതിക്കുന്നതിന്റെ പ്രതിഭാസത്തിന് ഒറ്റവാക്കേതെന്ന ചോദ്യത്തിന് ഞൊടിയിടിലാണ് ഉത്തരം വന്നത്. ചാറ്റ് ജിപിടിക്ക് ബദലായി ഗൂഗിൾ പുറത്തിറക്കിയ ജമിനൈ, കശുമാവിന്റെ ശാസ്‌ത്രനാമം, ബ്രിട്ടീഷുകാർ നടപ്പാക്കിയ തണ്ടർ ബോൾട്ട് പദ്ധതി തുടങ്ങിയവയും ചോദ്യങ്ങളായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..