22 December Sunday

കെഎംഎംഎല്ലിന് എതിരെയുള്ള 
വാര്‍ത്തകള്‍ കെട്ടിച്ചമച്ചത്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024

 

കൊല്ലം
കെഎംഎംഎല്ലിൽ അഴിമതി എന്ന തരത്തിൽ മലയാള മനോരമ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് മാനേജ്മന്റ് അറിയിച്ചു.  ഉൽപ്പാദന പ്രക്രിയയുടെ ഭാഗമായി ആസിഡ് റീജനറേഷൻ പ്ലാന്റിൽ (എആർപി)നിന്ന്‌ ഉണ്ടാകുന്ന അയൺ ഓക്‌സൈഡ് മലിനീകരണ നിയന്ത്രണബോർഡിന്റെ നിർദേശപ്രകാരം പ്രത്യേക പോണ്ടുകളിലാണ് സൂക്ഷിക്കുന്നത്. പോണ്ടുകൾ നിറഞ്ഞതിനാൽ ജൂലൈയിൽ എആർപിയുടെ പ്രവർത്തനം നിർത്തേണ്ട സാഹചര്യമുണ്ടായി. ഇത് കമ്പനിയുടെ പ്രവർത്തനത്തെയാകെ ബാധിക്കുന്ന സ്ഥിതിയായി. തുടർന്നാണ് മലിനീകരണ നിയന്ത്രണബോർഡിന്റെ നിർദേശാനുസരണം നിലവിൽ എആർപി പ്രവർത്തിക്കുമ്പോഴുള്ള അയൺ ഓക്‌സൈഡ് കെഇഐഎല്ലിന്റെ പൊതുസംസ്‌കരണ ഇടത്തിലേക്ക് മാറ്റുന്നതിന് രണ്ടുവർഷത്തെ കരാർ ഉണ്ടാക്കിയത്.  
  എന്നാൽ, മനോരമ വാർത്തയിൽ പറയുന്ന തരത്തിൽ ഈ കരാറിന് നിലവിൽ പോണ്ടുകളിൽ സൂക്ഷിച്ചിരിക്കുന്ന മൂന്നുലക്ഷം ടൺ അയണോക്‌സൈഡുമായി ഒരു ബന്ധവുമില്ല. അയൺ ഓക്‌സൈഡിനെ വ്യാവസായിക അടിസ്ഥാനത്തിൽ മൂല്യവർധിത ഉൽപ്പന്നമാക്കാൻ വേണ്ടിയുള്ള പദ്ധതികൾ അം​ഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്. ഇവ പ്രാവർത്തികമാകുന്നതോടെ   അയൺ ഓക്‌സൈഡ് മാലിന്യവിഷയത്തിന് ശാശ്വത പരിഹാരമാകും.
ഗ്ലോബൽ ടെൻഡറിന്‌ ഒരു കമ്പനി മാത്രം 
മലിനീകരണം ഇല്ലാതാക്കാൻ അയണോക്‌സൈഡ് പൗഡർ  നിർമിക്കുന്നതിന്  മിനിസ്ട്രി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ കീഴിലുള്ള സ്ഥാപനത്തിന്റെ റിപ്പോർട്ടിലെ ശുപാർശ പ്രകാരമാണ് നിലവിലുള്ള എആർപിയുടെ സാങ്കേതികവിദ്യ പരിഷ്‌കരിക്കാൻ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ടുതവണ ഗ്ലോബൽ ടെൻഡർ വിളിച്ചപ്പോൾ ഒരു കമ്പനി മാത്രമാണ് മുന്നോട്ടുവന്നത്. മൂന്നാമതും ടെൻഡർ വിളിക്കുകയും രണ്ടു കമ്പനികൾ പങ്കെടുക്കുകയുംചെയ്തു.
ഈ ടെൻഡറുകളുടെ സാങ്കേതികസാധ്യതാ മൂല്യനിർണയത്തിനായി എൻഐഐഎസ്ടിയെ ചുമതലപ്പെടുത്തി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇൻഡ്രോക്‌സ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിനെ തെരഞ്ഞെടുത്തു. മുൻ ടെൻഡറുകളേക്കാൾ വിലയിൽ വന്ന വർധന പരിശോധിക്കാൻ സംസ്ഥാന സർക്കാർ നിർദേശപ്രകാരം കേന്ദ്ര സർക്കാർ സ്ഥാപനമായ ഫെഡോയെ ചുമതലപ്പെടുത്തി.  പുതിയ ടെൻഡറിലേക്കു പോയാൽ വില ഇനിയും വർധിക്കുമെന്ന ഫെഡോയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇൻഡ്രോക്‌സ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡുമായി കരാർ ഉറപ്പിച്ചു.  ബിഡ് സമർപ്പിച്ച് രണ്ടുവർഷം കഴിഞ്ഞെങ്കിലും പഴയ വിലയ്‌ക്കു തന്നെയാണ് ഇപ്പോൾ പദ്ധതി നടപ്പാക്കുന്നത് .
പർച്ചേസ് ചെയ്യുന്നത് 
മാനദണ്ഡംപാലിച്ച്‌ 
കെഎംഎംഎല്ലിലേക്ക് എല്ലാ സാധനങ്ങളും പർച്ചേസ് ചെയ്യുന്നത്  മാനദണ്ഡങ്ങൾ പാലിച്ചാണ്. കൃത്യമായ ഓഡിറ്റിങ് സംവിധാനവും ഉണ്ട്. മനോരമ വാർത്തയിൽ പറഞ്ഞിരിക്കുന്ന കാലയളവിൽ വാങ്ങിയ കാൽസൈൻഡ് പെട്രോളിയം കോക്ക്, നോൺ പൾവറൈസഡ് പെട്രോളിയം കോക്ക്, പ്രൊഡക്ട് ബാഗ് എന്നിവ എല്ലാം സി ആൻഡ് എജി ഓഡിറ്റ് ഉൾപ്പെടെ കഴിഞ്ഞതാണ്. വസ്തുത ഇതായിരിക്കെ കമ്പനിയെ തകർക്കുക എന്ന ഗൂഢലക്ഷ്യത്തിന്റെ ഭാഗമാണ് വാർത്തകളെന്നും മാനേജ്മെന്റ് അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top