കൊല്ലം
വിദ്യാർഥികളുടെ വൈജ്ഞാനികശേഷി വർധിപ്പിക്കുന്നതിൽ അക്ഷരമുറ്റത്തിനുള്ളത് നിർണായക പങ്കാണെന്ന് മന്ത്രി ജെ ചിഞ്ചുറാണി. വെളിയം ബിആർസിയിൽ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് സീസൺ–-13 ഉപജില്ലാ മത്സരങ്ങളുടെ ജില്ലാതല ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസരംഗത്ത് സമഗ്രവികസനം കാഴ്ചവയ്‌ക്കുന്ന സംസ്ഥാനമാണ് കേരളം. ആധുനിക വിദ്യാഭ്യാസരീതികൾ ഇവിടെ നടപ്പാക്കപ്പെടുന്നു. നൂറുശതമാനം വിജയം കൊയ്യുന്നവയാണ് നമ്മുടെ സർക്കാർ സ്കൂളുകൾ. പതിനായിരക്കണിക്കിന് വിദ്യാർഥികളാണ് ഓരോ വർഷവും പൊതുവിദ്യാഭ്യാസ മേഖലയുടെ ഭാഗമാകുന്നത്. ഈ മാറ്റം വെറുതെ ഉണ്ടായതല്ല. ഉന്നതവിദ്യഭ്യാസരംഗവും മികവിന്റെ കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു. രാജ്യാന്തരതലത്തിൽ ശ്രദ്ധനേടുകയാണ് നമ്മുടെ സർവകലാശാലകളും കോളേജുകളും. വിദ്യഭ്യാസമേഖലയുടെ മുന്നേറ്റത്തിന് കാലത്തിനനുസരിച്ചുള്ള കരുത്താണ് അക്ഷരമുറ്റം പകരുന്നത്. അറിവിന്റെ വിവിധമേഖലകളിൽ സുവർണ താരങ്ങളാകാൻ കുട്ടികളെ സഹായിക്കുന്നതിൽ കൃത്യമായ ഇടവേളകളിൽ വിപുലമായി സംഘടിപ്പിക്കുന്ന അക്ഷരമുറ്റത്തിനാകുമെന്നതിൽ സംശയമില്ലെന്നും മന്ത്രി പറഞ്ഞു.
യൂണിറ്റ് മാനേജർ ഐ സെയ്ഫ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അഭിലാഷ്, കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജി കെ ഹരികുമാർ, ജില്ലാ എക്സിക്യൂട്ടീവ് അംഗം വി പി പ്രവീൺ, ജില്ലാ കോ –ഓർഡിനേറ്റർ ജയൻ ഇടയ്ക്കാട്, പഞ്ചായത്ത് പ്രസിഡന്റ് ആർ പ്രശാന്ത്, എം ബി പ്രകാശ്, ആർ രതീഷ്, വി ആർ രാജേഷ്, ലതികകുമാരി എന്നിവർ സംസാരിച്ചു. സമാപന ചടങ്ങിൽ സിപിഐ എം നെടുവത്തൂർ ഏരിയ സെക്രട്ടറി ജെ രാമാനുജൻ സമ്മാനദാനം നിർവഹിച്ചു. എം ബി പ്രകാശ് അധ്യക്ഷനായി. കുടുംബശ്രീ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ആർ വിമൽ ചന്ദ്രൻ, ദേശാഭിമാനി പരസ്യം വിഭാഗം മാനേജർ ബി ആർ ശ്രീകുമാർ, കെഎസ്ടിഎ ജില്ലാ കമ്മിറ്റി അംഗം ടി എസ് ലേഖ, എം എസ് പ്രഭാത് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..