19 September Thursday

മികവുത്സവമായി അക്ഷരമുറ്റം

സ്വന്തം ലേഖകൻUpdated: Thursday Aug 29, 2024

 കൊല്ലം

‘ഒരു സാമ്പത്തികവർഷത്തിൽ കുറഞ്ഞത് ൧൦൦ തൊഴിൽദിനം നൽകി കുടുംബങ്ങളുടെ ജീവിതസുരക്ഷ ഉറപ്പാക്കുന്ന നഗര തൊഴിലുറപ്പ് പദ്ധതിക്ക് ഏത് നവോത്ഥാന നായകന്റെ പേരാണ് നൽകിയത്‌?’ ഹയർ സെക്കൻഡറി വിഭാഗത്തിൽ ചോദ്യം അവതരിപ്പിച്ച്‌ എഴുതാനുള്ള സമയം നൽകി പേന താഴെവയ്‌ക്കാനായി ക്വിസ്‌മാസ്റ്ററുടെ നിർദേശം. ക്വിസ്‌മാസ്റ്റർ ഉത്തരം പറഞ്ഞുതീരുന്നതിനു മുമ്പുതന്നെ വന്നു വില്ലുവണ്ടി യാത്രയെയും പഞ്ചമിയെയും അനുസ്‌മരിച്ച്‌ തീവ്രതയൊട്ടുംചോരാതെ അയ്യൻകാളിയെന്ന ഉത്തരം. അയ്യൻകാളിദിനത്തിൽ അപൂർവമായൊരു സ്‌മരണപുതുക്കലായി മാറുകയായിരുന്നു ആ ചോദ്യോത്തരവേള. പാഠഭാഗങ്ങൾ തിരുത്താനുള്ള സംഘടിതനീക്കം നടക്കുന്ന കാലത്ത്‌ ചരിത്രബോധം മുറുകെപ്പിടിക്കുന്ന വേദികൂടിയായി മാറി ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ സീസൺ–-13 ഉപജില്ലാ മത്സരം. 
എൽപി മത്സരം നടക്കുന്ന ഹാളിൽ ക്വിസ് മാസ്റ്റർ ഒരു കാർഡ്‌ ഉയർത്തിക്കാട്ടി. അതിൽ എഴുതിയിരിക്കുന്നതിങ്ങനെ "കഥയിൽ ഒരു കിളി പറയുന്നു. ഇവിടം വിട്ട് പൊയ്ക്കോ, വേഗം രക്ഷപ്പെട്ടോ, ഒരു വൻദുരന്തം വരാനിരിക്കുന്നു, മലവെള്ളപ്പാച്ചിലിൽനിന്ന് ഉടൻ രക്ഷപ്പെട്ടോ' എന്ന്. വയനാടെന്നും വെള്ളാർമല സ്കൂളെന്നും വാക്കുകളിടറി മറുപടി വരുന്നുണ്ടായിരുന്നു. ക്വിസ്‌മാസ്റ്റർ തുടർന്നു. കാർഡിലെ എഴുത്ത്‌ ഏതു മാഗസിനിലേതെന്നായിരുന്നു ചോദ്യം. ‘വെള്ളാരങ്കല്ലുകൾ’ എന്നതായിരുന്നു ശരിയുത്തരം. ശരിയടയാളം വാങ്ങാനായി നിശ്ശബ്ദതയെ കൂട്ടുപിടിച്ചായിരുന്നു കൊച്ചുകൂട്ടുകാർ എഴുന്നേറ്റത്‌.
അക്ഷരമുറ്റം മത്സരം അറിവുത്സവായിമാറി. 12 കേന്ദ്രത്തിലായി നടന്ന മത്സരത്തിൽ കുട്ടികൾക്കൊപ്പം അധ്യാപകരും രക്ഷിതാക്കളും രാഷ്ട്രീയ–-സാംസ്‌കാരിക പ്രവർത്തകരുമെത്തി. പ്രൊജക്ടർ, എൽഇഡി വാൾ, ബോർഡുകൾ, മോഡലുകൾ എന്നിവ ഉപയോഗിച്ചായിരുന്നു ചോദ്യാവതരണം. 
വെളിയം ബിആർസിയിൽ മന്ത്രി ജെ ചിഞ്ചുറാണി ജില്ലാതല ഉദ്‌ഘാടനം നിർവഹിച്ചു. ആദ്യഘട്ടത്തിൽ ജില്ലയിലെ ആയിരത്തോളം സ്‌കൂളിലായി നടന്ന മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനത്തെത്തിയവരാണ്‌ ഉപജില്ലാ മത്സരത്തിൽ പങ്കെടുത്തത്‌. വിജയികൾക്ക്‌ യഥാക്രമം 1000, 500രൂപ ക്യാഷ്‌ അവാർഡും മെമന്റോയും സർട്ടിഫിക്കറ്റും സമ്മാനമായി നൽകി. ജില്ലാ മത്സരവിജയികൾക്ക്‌ യഥാക്രമം 10000, 5000 രൂപ ക്യാഷ്‌ അവാർഡും മെമന്റോയും സർട്ടിഫിക്കറ്റുമാണ്‌ സമ്മാനം. ഒക്ടോബർ 19നാണ്‌ ജില്ലാതല മത്സരം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top