കൊല്ലം
വെളിയം ബിആർസിയിൽ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് സീസൺ –13 ഉപജില്ലാ മത്സരത്തിന്റെ യുപി തലം അവസാനിച്ചപ്പോൾ ഒന്നാം സ്ഥാനം നേടിയ ആറാം ക്ലാസുകാരൻ എൽപി തല പരീക്ഷ നടക്കുന്ന പ്രധാന ഹാളിലേക്ക് ഒരോട്ടം. മിനിറ്റുകളുടെ കാത്തിരിപ്പ്, ഒടുവിൽ രണ്ടാം സ്ഥാനവുമായി ഒരു നാലാം ക്ലാസുകാരി ഹാളിനു പുറത്തെത്തി. രണ്ടുപേരും കുശലം പറഞ്ഞ് പിന്നെ ഗേറ്റിനടുത്തുള്ള മരച്ചുവട്ടിലേക്ക്. അവിടെ ഇരുവരെയും കാത്തൊരാൾ. മത്സരവേളയിൽ കൗതുകക്കാഴ്ചയായി മാറിയ സഹോദരങ്ങൾ കൃഷ്ണനുണ്ണിയും കൃഷ്ണപ്രിയയും അമ്മ സവിതയുമാണ് സീനിൽ. വീട്ടിലും സ്കൂളിലും വിജയത്തില്‍ ഒരുമിച്ചാണ് ഈ കൊച്ചുകൂട്ടുകാർ. മൈലോട് ടിഇഎംവിഎച്ച്എസ്എസിലെ വിദ്യാർഥികളാണ് ഇരുവരും. പത്രം വായിച്ച് പ്രധാന കാര്യങ്ങൾ എഴുതിവച്ചായിരുന്നു രണ്ടാളുടെയും പഠനം. ഇനി ജില്ലാതല മത്സരത്തിലേക്കും ഒരുമിച്ച്. തയ്യാറെടുപ്പുകൾ ഒരുമിച്ച് തുടരുമെന്നും പരസ്പരം പറഞ്ഞ് പഠിക്കുന്നതാണ് സഹായകരമായതെന്നും അവർ പറഞ്ഞു. പൂയപ്പള്ളി പഞ്ചായത്ത് അംഗമായ അച്ഛൻ ടി ബി ജയനും അമ്മ സവിതയും എല്ലാത്തിനും ഒപ്പമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..