കാസർകോട്
ജില്ലയിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ റോബോട്ടിക് പ്രവർത്തനങ്ങൾക്ക് ഊർജം പകരാൻ 638 ആർഡിനോ കിറ്റുകൂടി വിതരണത്തിന് തയ്യാറായി. ഇതിനു മുമ്പ് വിതരണം ചെയ്ത 748 കിറ്റുകൾക്ക് പുറമെയാണ് ഇത്രയും വിതരണം ചെയ്യുന്നത്.
മൈക്രോ കൺട്രോളർ അടിസ്ഥാനമായുള്ള ആർഡിനോ യുനോ ബോർഡും 17 ഓളം സെൻസറും സെർവോ മോട്ടറും അടങ്ങിയ മൂന്നുമുതൽ 11 വരെ കിറ്റുകളാണ് കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഓരോ യൂണിറ്റിനും വിതരണം ചെയ്യുന്നത്. സംസ്ഥാനത്താകെ 20000 കിറ്റാണ് ഈ വർഷം മാത്രം സ്കൂളുകളിലെത്തുന്നത്.
റോബോട്ടിക് മേഖലയിൽ പരിശീലനം ലഭിച്ച കുട്ടികൾ തങ്ങളുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളല്ലാത്ത കുട്ടികൾക്കുകൂടി പരിശീലനം നൽകുന്നതോടെ സ്കൂളിലെ ബഹുഭൂരിഭാഗം കുട്ടികളും റോബോട്ടിക് പഠനത്തിന്റെ ഭാഗമായി മാറും. മെഷീൻ ലേണിങും ആർട്ടിഫിഷ്യൽ ഇന്റലിജൻസും റോബോട്ടിക്സും അടുത്ത വർഷത്തെ മാറുന്ന 8, 9, 10 ക്ലാസ്സുകളിലെ ഐടി പാഠപുസ്തകത്തിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് കൈറ്റ് ലക്ഷ്യമിടുന്നത്.
അഞ്ചുശതമാനം കിറ്റുകളുടെ റാൻഡം പരിശോധന പൂർത്തിയാക്കിയാണ് സ്കൂളുകൾക്ക് നൽകുന്നത്. ടെസ്റ്റിംഗിന് കൈറ്റിലെ ടെക്നിക്കൽ അസിസ്റ്റന്റുമാരായ വരുൺ, ഷിധിൻ എന്നിവർ നേതൃത്വം നൽകി. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ഒക്ടോബർ ഒന്നിന് ഹൊസ്‌ദുർഗ് സ്‌കൂളിലും കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ ഒക്ടോബർ മൂന്നിന് കൈറ്റ് പ്രൊജക്ട് ഓഫീസിൽ കിറ്റുകൾ വിതരണം ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..