21 December Saturday

കുണിയേരിയിൽ ഇരയും കൂടും റെഡി

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024

ജനവാസ മേഖലയിലെ പുലിയെ പിടികൂടാൻ ഇരിയണ്ണി കുണിയേരി 
വെള്ളാട്ട് വനംവകുപ്പ് സ്ഥാപിച്ച കൂട്

ഇരിയണ്ണി 
ഒരു വർഷത്തിലേറെയായി ഇരിയണ്ണിയിലും പരിസര പ്രദേശങ്ങളിലും ഭീതി വിതയ്ക്കുന്ന പുലിയെ പിടിക്കാൻ വനം വകുപ്പിന്റെ കൂടും ഇരയും തയ്യാറായി. നിരവധി തവണ പുലിയെ കണ്ടിട്ടുള്ള ഇരിയണ്ണി കുണിയേരി വെള്ളാട്ട് വെള്ളിയാഴ്ച രാത്രിയാണ് പുലിക്കൂട് സ്ഥാപിച്ചത്. വളർത്തു നായ്ക്കളെ പിടിച്ചു കൊണ്ട് പോവുകയും നിരവധി പരാതികൾ വന്നതിനെയും തുടർന്ന് വനംവകുപ്പ് സ്ഥാപിച്ച നാലു ക്യാമറകളിലൊന്നിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെയാണു അതിനെ പിടികൂടാനുള്ള നടപടികൾ വനംവകുപ്പ് ആരംഭിച്ചത്. പുലിയെ പിടിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ചൊവ്വാഴ്ചയാണ് അനുമതി നൽകിയത്. അതിനു മുമ്പുന്നെ കാസർകോട്ട്, കൂട് വയനാട് നിന്ന് എത്തിച്ചിരുന്നു. ജില്ലയിൽ ആദ്യമായാണു വനംവകുപ്പ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നതും അതിനെ പിടികൂടാൻ കൂട് സ്ഥാപിക്കുന്നതും. ഒരു വർഷത്തോളമായി ഇരിയണ്ണിയിലും തൊട്ടടുത്ത സ്‌ഥലങ്ങളിലും പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നുണ്ടെങ്കിലും വനംവകുപ്പ് അംഗീകരിച്ചിരുന്നില്ല. കാട്ടുപൂച്ചയോ അതിനോടു സാമ്യമുള്ള മറ്റേതെങ്കിലും മൃഗങ്ങളോ ആയിരിക്കുമെന്ന നിലപാടായിരുന്നു വനംവകുപ്പിന്‌.
 കഴിഞ്ഞ വർഷം സെപ്‌തംബറിൽ ഇരിയണ്ണി-പേരടുക്കം റോഡിൽ രാത്രി ഒമ്പതിന് പുലി മുള്ളൻപന്നിയെ കടിച്ചുപോകുന്നതു കാർ യാത്രക്കാരായ നാട്ടുകാർ കണ്ടതാണ്‌. കുണിയേരി, മിന്നംകുളം, വെള്ളാട്ട്, ദർഘാസ്, ബെള്ളിപ്പാടി, തോണിപ്പള്ളം, പാണ്ടിയടുക്കം, ബേപ്പ്, പയം തുടങ്ങിയ സ്ഥലങ്ങളിലൊക്കെ നാട്ടുകാർ പുലിയെ കണ്ടിരുന്നു. ഈ പ്രദേശങ്ങളിലെ ഒട്ടേറെ വീടുകളിൽ നിന്നു വളർത്തു നായ്ക്കളെ കാണാതായി. പലരും നായയെ പുലി പിടിക്കുന്നതു നേരിട്ടു കണ്ടു. റോഡിലും പലതവണ പുലിയെ കണ്ടു. പരാതികൾ വ്യാപകമായതോടെയാണു ഡിഎഫ്ഒ കെ അഷ്റഫ്  ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാർഗനിർദേശ പ്രകാരമുള്ള വിദഗ്ധ സമിതി രൂപീകരിച്ച്‌ കൂട്‌ എത്തിച്ചത്‌. പൂർണ വളർച്ചയെത്തിയ പുലിയാണ് ദൃശ്യങ്ങളിൽ പതിഞ്ഞതെന്ന് വനംവകുപ്പ് വെറ്ററിനറി ഡോക്ടർ വനം വകുപ്പിനെ അറിയിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top