28 December Saturday

ദേശീയപാതയിലെ സുരക്ഷ 15 ദിവസത്തിനകം 
റിപ്പോർട്ട് നൽകണം

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024
കാസർകോട്‌
ദേശീയ പാതയിൽ നടത്തുന്ന പ്രവൃത്തികളുടെ സുരക്ഷാവിവരങ്ങൾ 15ദിവസത്തിനകം നിർമാണ കരാർ ഏജൻസിയോട് ജില്ലാ വികസന സമിതിയോഗം  ആവശ്യപ്പെട്ടു. ചെങ്കള–- നീലേശ്വരം, നീലേശ്വരം–- കാലിക്കടവ് വരെ നടക്കുന്ന നിർമാണ പ്രവൃത്തികളിൽ അപകടം തടയാൻ സ്വീകരിച്ച നടപടികൾ വിശദമാക്കണമെന്നും കലക്ടർ ആവശ്യപ്പെട്ടു.
വീരമലക്കുന്നിന്‌ സമീപമുള്ള മയ്യിച്ച വളവിൽ സർവീസ് റോഡ് നിർമിക്കണം. 
മലയോര ഹൈവേയിലെ കാറ്റാം കവലയിൽ റോഡ് നവീകരണത്തിന് ഫണ്ട് ലഭിച്ചിട്ടുണ്ടെന്നും റോഡ് കോൺക്രീറ്റ് ചെയ്യുമെന്നും കെആർഎഫ്ബി എക്‌സിക്യുട്ടീവ് എൻജിനീയർ യോഗത്തിൽ അറിയിച്ചു. തൃക്കരിപ്പൂർ ഫയർ സ്റ്റേഷൻ നിർമാണത്തിന്‌  സ്ഥലം ലഭ്യമാക്കുക, കയ്യൂരിൽ ഉദ്ഘാടനം നടത്തിയ വില്ലേജ് ഓഫീസ് വേഗത്തിൽ പ്രവർത്തനം ആരംഭിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും യോഗത്തിലുയർന്നു.
തെരുവ് നായ്ക്കൾക്ക് പേ വിഷബാധയ്‌ക്കെതിരായ വാക്‌സിനേഷൻ ആരംഭിച്ചിട്ടുണ്ടെന്നും ഇതിനായി ആറ് പട്ടിപിടുത്തക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.  
ചട്ടഞ്ചാൽ 
ലൈഫ്‌ ഫ്ലാറ്റ്‌ ഉടൻ
ചട്ടഞ്ചാലിനടുത്ത്‌ പണി പുരോഗമിക്കുന്ന ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയം പൂർത്തീകരിച്ച് കൈമാറണമെന്ന് സി എച്ച് കുഞ്ഞമ്പു എംഎൽഎ ആവശ്യപ്പെട്ടു. ഒക്ടോബർ 15 ഓടെ പൂർത്തിയാകുമെന്ന് നവകേരളം കർമ പദ്ധതി ജില്ലാ കോർഡിനേറ്റർ അ്‌റിയിച്ചു. പെന്നാർ ഏജൻസിക്കാണ് നിർമ്മാണ ചുമതല. വാട്ടർ കണക്‌ഷൻ വാട്ടർ അതോറിറ്റി നൽകും. സർക്കാറിന്റെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി ഫ്‌ളാറ്റ്  സമർപ്പിക്കും.
ലഹരി വസ്തുക്കൾ തടയണം 
 ജില്ലയിൽ ലഹരി ഉൽപന്നങ്ങളുടെ വിപണനം വ്യാപകമാകുന്ന സാഹചര്യത്തിൽ അത് തടയാൻ  കൃത്യമായ ഇടപെടൽ ആവശ്യമാണെന്ന് എം രാജഗോപാലൻ എംഎൽഎ പറഞ്ഞു. ഇതര ജില്ലകളിലുള്ളവർ ലഹരി വസ്തുക്കൾ വാങ്ങിക്കുന്നതിന് കാസർകോടെത്തുവെന്നും ആരോപണമുണ്ട്. അവ ജില്ലയിൽ  എത്തിക്കുന്നതിന് റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നും ആക്ഷേപമുണ്ട്‌. ലഹരി വസ്തുക്കൾക്കെതിരെ പരിശോധന കൂടുതൽ കർശനമാക്കാൻ എക്‌സൈസ് വകുപ്പിന് കലക്ടർ നിർദ്ദേശം നൽകി.
 
ഭൂപ്രശ്‌നങ്ങൾ പരിശോധിക്കണം
ഒരു ഏക്കറിൽ കൂടുതൽ ഭൂമി ഇല്ലാത്ത ഭൂരഹിത ഭവന രഹിത പട്ടികവർഗ്ഗക്കാരുടെ ഭൂമി സംബന്ധിച്ച അപേക്ഷ ഗൗരവത്തോടെ പരിശോധിക്കണമെന്ന്‌ ഇ ചന്ദ്രശേഖരൻ എംഎൽഎ ആവശ്യപ്പെട്ടു.  
പട്ടിക വർഗ്ഗ വിഭാഗക്കാർ നേരത്തെ നൽകിയ അപേക്ഷകളിൽ നിരസിച്ചവ പുന:പരിശോധിച്ച് അർഹരായവർക്ക് ഭൂമി നൽകണം. വെള്ളരിക്കുണ്ട്, മഞ്ചേശ്വരം താലൂക്കുകളിൽ എൽഎ പട്ടയം സംബന്ധിച്ച അപേക്ഷകൾ നവംബർ ഒന്നിനകം പൂർത്തീകരിച്ച് നൽകണമെന്ന്‌ കലക്ടർ നിർദേശിച്ചു.
കാഞ്ഞങ്ങാട്‌–- പാണത്തൂർ റോഡ് ഉൾപ്പടെ പ്രവൃത്തികൾ നീട്ടികൊണ്ടു പോകുന്ന കരാറുകാർ വലിയ പ്രതിസന്ധിയുണ്ടാക്കുന്നുവെന്നതായി ഇ ചന്ദ്രശേഖരൻ എംഎൽഎ പറഞ്ഞു. റോഡുകളുടെയും പാലങ്ങളുടെയും ശോചനീയാവസ്ഥ പരിഹരിക്കാൻ അടിയന്തിര ഇടപെടൽ നടത്തണം. 
കെഎസ്ഇബി ബിൽ കന്നഡയിൽ കൂടി നൽകുക, ബസ് ഫെയർ സ്റ്റേജ് അപാകത പരിഹരിക്കുക, കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെ റിസർവേഷൻ കൗണ്ടർ പുന:സ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങളും അദ്ദേഹം ഉന്നയിച്ചു.  
 
ബസ്‌ കാത്തിരിപ്പ്‌ കേന്ദ്രത്തിന്‌ അനുമതി വേണം
ദേശീയപാതയുടെ നിർമാണം പൂർത്തിയാകുന്ന മുറക്ക്‌ നിർമ്മിക്കേണ്ട ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ ലിസ്റ്റ് അതാത്‌ എംഎൽഎമാരും മറ്റ് ജന പ്രതിനിധികളുമായി  ചർച്ച ചെയ്ത് അന്തിമ രൂപം തയ്യാറാക്കി മാത്രമേ അനുമതി നൽകാവൂവെന്ന്‌ കലക്ടർ നിർദേശിച്ചു.
ജില്ലയിൽ സർക്കാർ ഭൂമിയുടെ വിനിയോഗം മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ കമ്മിറ്റി രൂപീകരിച്ചു. കലക്ടർ ചെയർമാനും ജില്ലാ ടൗൺ പ്ലാനർ കൺവീനറുമാകും.  
നീലേശ്വരം നഗരസഭയിലെ രാജാ റോഡിൽ ദേശീയ പാതാ വികസനത്തിനായി ഭൂമി വിട്ട് നൽകിയ കച്ചവടക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്ന് ചെയർപേഴ്‌സൺ ടി വി ശാന്ത ആവശ്യപ്പെട്ടു. ദേശീയപാത നിർമ്മാണത്തിനായി അടച്ച ശ്രീവത്സം റോഡ് തുറക്കണമെന്നും പള്ളിക്കര പാലത്തിന് സമീപം ബസ് കാത്തിരിപ്പ് കേന്ദ്രം ആവശ്യമാണെന്നും അവർ പറഞ്ഞു.
കാസർകോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ കലക്ടർ കെ  ഇമ്പശേഖർ അധ്യക്ഷനായി. എംഎൽഎമാരായ സി എച്ച്‌ കുഞ്ഞമ്പു, എം രാജഗോപാലൻ, ഇ ചന്ദ്രശേഖരൻ, എൻ എ നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, നഗരസഭ ചെയർമാന്മാരായ ടി വി ശാന്ത, അബ്ബാസ് ബീഗം, സബ് കലക്ടർ പ്രതീക് ജെയ്ൻ, ജില്ലാ പ്ലാനിങ് ഓഫീസർ ടി രാജേഷ് എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top