മഞ്ചേരി
ലീഗിന്റെ പിടിവാശിമൂലം ജില്ലക്ക് നഷ്ടമായത് രണ്ട് ആശുപത്രികൾ. യുഡിഎഫ് സർക്കാർ മഞ്ചേരി ജനറൽ ആശുപത്രിയെ മെഡിക്കൽ കോളേജാക്കി ഉയർത്തിയതിലൂടെ ആരോഗ്യ രംഗത്ത് വലിയ നഷ്ടമാണ് ജില്ലക്കുണ്ടായത്. പിരിവെടുത്ത് പടുത്തുയർത്തിയ ജനറൽ ആശുപത്രി കെട്ടിടവും വി എസ് സർക്കാരിന്റെ കാലത്ത് നിർമിച്ച ആധുനിക മാതൃശിശു ആശുപത്രിയും ഇല്ലാതായി. ഇതുമറച്ചുവച്ചാണ് ലീഗ് വ്യാജപ്രചാരണം നടത്തുന്നത്.
ആരോഗ്യമേഖലയിലെ വിദഗ്ധരും ഇടതുപക്ഷ മുന്നണിയും ഉയർത്തിയ പ്രതിഷേധം ഗൗനിക്കാതെയാണ് ലീഗും യുഡിഎഫ് സർക്കാരും ജനറൽ ആശുപത്രിയുടെ കടക്കൽ കത്തിവച്ചത്. സ്വകാര്യ ആശുപത്രികളെ സഹയാക്കാനായിരുന്നു ലീഗ് ശ്രമിക്കുന്നതെന്ന് അന്നേ ആക്ഷേപം ഉയർന്നിരിന്നു.
മുൻ മന്ത്രി ശ്രീമതി ടീച്ചറുടെ പ്രത്യേക ഇടപെടലിനെ തുടർന്നാണ് മഞ്ചേരി ജില്ലാ ആശുപത്രിയെ ജനറൽ ആശുപത്രി പദവി നൽകി ഉയർത്തിയത്. കുട്ടികളുടെ അമ്മമാരുടെയും ചികിത്സക്കായി 2 ന്യൂബോർ ഐസിയു, 4 ഓപറേഷൻ തിയറ്ററുകൾ, ക്രിട്ടിക്കൽ ഐസിയു, അത്യാഹിത വിഭാഗം, ലേബർ മുറികൾ ആധുനിക സൗകര്യത്തോടെയുള്ള വാർഡുകളും കെട്ടിടത്തിൽ സ്ഥാപിച്ചു. ഒരേ സമയം 500 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യവും ഒരുക്കി. വൈദ്യുതീകരണം ഉൾപ്പെടെ മുഴുവൻ പ്രവൃത്തികളും പൂർത്തിയാക്കി ഉദ്ഘാടനത്തിന് സജ്ജമായി. ഈ കെട്ടിടമാണ് മെഡിക്കൽ വിദ്യാർഥികൾക്കുള്ള ക്ലാസ് മുറികളാക്കി മാറ്റിയത്. അതോടെ ജില്ലയിൽ പതിനായിരങ്ങൾക്ക് ആശ്രയമാകുമായിരുന്ന മാതൃശിശു ആശുപത്രി ഇല്ലാതായി. ജനറൽ ആശുപത്രിയിൽനിന്ന് ലഭിക്കുമായിരുന്ന സേവനങ്ങൾക്കായി മറ്റു ആശുപത്രികളെ ആശ്രയിക്കേണ്ട ഗതിവന്നു. ഇത് ജനം തിരിച്ചറിഞ്ഞതോടെ മുസ്ലിംലീഗ് പ്രതിരോധത്തിലായി. അനുഭാവികളും നേതൃത്വത്തിനെതിരെ പ്രതിഷേധം തുടങ്ങിയതോടെ ലീഗ് വെട്ടിലായി. ഇതോടെയാണ് വസ്തുതകൾ മറച്ചുവച്ച് എൽഡിഎഫ് ജനറൽ ആശുപത്രി ഇല്ലാതാക്കിയെന്ന പ്രചാരണം നടത്താന്‍ മുസ്ലിംലീഗ് ശ്രമിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..