പാനൂർ
പുതുക്കുടി പുഷ്പന്റെ വിയോഗം നോർത്ത് മേനപ്രത്തെ ശോകമൂകമാക്കി. വെടിവയ്‌പിൽ ഗുരുതര പരിക്കേറ്റ് ശയ്യാലംബിയായ പുഷ്പനെ കാണാൻ രാജ്യത്തിന്റെ നാനാഭാഗത്തു നിന്നുമെത്തുന്നവരുടെ വാഹനങ്ങളുടെ ശബ്ദം കേൾക്കാത്ത ഒരു പുലരിപോലും ഈ പ്രദേശത്തുണ്ടായിരുന്നില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന സാധാരണക്കാർമുതൽ ദേശീയ- –-സംസ്ഥാന നേതാക്കൾവരെ 30 വർഷമായി പുതുക്കുടിയിലെ സന്ദർശകരായിരുന്നു. പുഷ്പനിലൂടെ മേനപ്രവും അറിയപ്പെടുകയായിരുന്നു.
മരണവിവരം എത്തിയതോടെ പുഷ്പനുമായി സൗഹൃദം പങ്കുവയ്‌ക്കുന്ന പ്രദേശവാസികളാകെ ദുഃഖത്തിലായി. ഉച്ചയോടെ നാട്ടിലെത്തിക്കുന്ന പുഷ്പന്റെ മൃതദേഹം ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ പൊതുദർശനത്തിനുവയ്‌ക്കും. സ്‌കൂൾ മൈതാനം ഇതിനായി സജ്ജമാക്കി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി ഹരീന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗം കെ കെ പവിത്രൻ, ഏരിയാ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള, കെ പി മോഹനൻ എംഎൽഎ ഉൾപ്പെടെയുള്ളവർ വീട്ടിലെത്തി.
ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട സമരജീവിതം: ഇ പി
കണ്ണൂർ
കൂത്തുപറമ്പ് സമരപോരാളി പുഷ്‌പന്റെ വേർപാട് അത്യന്തം ദുഃഖത്തിലാഴ്‌ത്തുന്നുവെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ. ഇടതുപക്ഷ പ്രസ്ഥാനത്തിനാകെയും പ്രത്യേകിച്ച് സിപിഐ എമ്മിനും ഡിവൈഎഫ്‌ഐക്കും കനത്ത നഷ്‌ടമാണ്. വെടിയുണ്ടയെ തോൽപിച്ച പോരാട്ടവീറുമായി മൂന്ന് പതിറ്റാണ്ടോളം തികഞ്ഞ ഇച്ഛാശക്തിയോടെ പോരാടിയ ഉൾക്കരുത്തിന്റെ ആൾരൂപമായിരുന്നു പുഷ്‌പൻ. ലോകചരിത്രത്തിൽ രേഖപ്പെടുത്തേണ്ടതാണ് സമരജീവിതം. പൊരുതുന്ന യുവജന–-ഇടതുപക്ഷ പ്രസ്ഥാനത്തിനാകെ കരുത്തും ആവേശവും പകർന്ന പോരാളിയായിരുന്നു പുഷ്‌പൻ. അവസാന ശ്വാസംവരെയും പാർടിയെയും ഇടതുപക്ഷത്തെയും നെഞ്ചേറ്റി ജീവിച്ചു.
സഹോദരതുല്യനായി സ്‌നേഹിച്ച പുഷ്‌പന്റെ വേർപാട് വ്യക്തിപരമായും വലിയ വേദനയുളവാക്കുന്നതാണ് –-അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കൂത്തുപറമ്പ്, തലശേരി
മണ്ഡലങ്ങളിൽ ഇന്ന് ഹർത്താൽ
കണ്ണൂർ
പുഷ്‌പന്റെ വിയോഗത്തിൽ സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തി. ജില്ലയിൽ ശനി, ഞായർ ദിവസങ്ങളിലെ പരിപാടികൾ മാറ്റി. കൂത്തുപറമ്പ്, തലശേരി നിയോജക മണ്ഡലങ്ങളിൽ ഞായറാഴ്‌ച ഹർത്താലാചരിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..