22 December Sunday

പാറശാലയില്‍ 2 റെയില്‍വേ മേല്‍പ്പാലങ്ങള്‍ക്ക് അനുമതി

സ്വന്തം ലേഖികUpdated: Sunday Sep 29, 2024
തിരുവനന്തപുരം 
പാറശാല നിയോജക മണ്ഡലത്തിൽ രണ്ട് റെയിൽവേ മേൽപ്പാലങ്ങൾ‌ നിർമിക്കാനും പരശുവയ്ക്കലിലെ മേൽപ്പാല പുനർനവീകരിക്കാനും കേന്ദ്ര റെയിൽവേ ബോർഡ് തീരുമാനിച്ചു. നിയോജക മണ്ഡലത്തിലെ അമരവിള കാരക്കോണം റോഡിലെ ഏയ്തുകൊണ്ടാൻകാണിയിലും അമരവിള ഒറ്റശേഖരമംഗലം റോഡിലെ കണ്ണൻകുഴിയിലുമാണ് മേൽപ്പാലം വരുന്നത്. സി കെ ഹരീന്ദ്രൻ എംഎൽഎയും വി ശിവദാസൻ എംപിയും കേന്ദ്ര റെയിൽവേ ബോർഡ് ചെയർമാൻ സതീഷ് കുമാറിന്  നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വിശദ പദ്ധതിരേഖ തയ്യാറാക്കി തുടർനടപടികളുമായി മുന്നോട്ടു പോകുമെന്ന് സി കെ ഹരീന്ദ്രൻ എംഎൽഎ അറിയിച്ചു.
അമരവിള –--കാരക്കോണം, അമരവിള–-- ഒറ്റശേഖരമംഗലം എന്നീ റോഡുകൾ കിഫ്ബി ഫണ്ട് വിനിയോഗിച്ച് നവീകരിക്കുന്ന പ്രവർത്തനം നടക്കുകയാണ്. ഇതിലുൾപ്പെടുത്തി മേൽപ്പാലം നിർമിക്കാൻ സംസ്ഥാന സർക്കാർ റെയിൽ‌വേ മന്ത്രാലയത്തിന് നിർദേശം സമർപ്പിച്ചിരുന്നു. എന്നാൽ, നാഗർകോവിൽ–- തിരുവനന്തപുരം റെയിൽപാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ മേൽപ്പാലത്തിന് അനുമതി ലഭിച്ചില്ല. 
 തുടർന്ന് സി കെ ഹരീന്ദ്രൻ എംഎൽഎ ഡൽഹിയിലെത്തി കേന്ദ്ര റെയിൽ മന്ത്രിയുമായും ദക്ഷിണ റെയിൽവേയുടെ ചുമതലയുള്ള സെക്രട്ടറിയുമായും നേരിൽ സംസാരിക്കുകയും മേൽപ്പാലത്തിന്റെ ആവശ്യകത വ്യക്തമാക്കി പ്രൊപ്പോസൽ സമർപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് നടത്തിയ നിരന്തര ഇടപെടലുകളുടെ ഫലമായാണ് നാഗർകോവിൽ–- തിരുവനന്തപുരം റെയിൽപാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട പദ്ധതിയിൽ തന്നെ ഇതിലേക്കായുള്ള പ്രാഥമിക അനുമതി ലഭ്യമായത്. ഇവിടെ സബ്-വേ നിർമിക്കാനായിരുന്നു റെയിൽവേയുടെ തീരുമാനമെങ്കിലും പദ്ധതിയിലെ അശാസ്ത്രീയതയും സംസ്ഥാനത്തിന്റെ ആവശ്യവും ബോധ്യപ്പെടുത്തിയാണ് അനുമതി ലഭ്യമാക്കിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top