24 November Sunday
പാങ്ങോട് സമരം

കാലം മായ്ക്കാത്ത പോരാട്ടവീര്യത്തിന് നാളെ 86

ഗിരീഷ് എസ് വെഞ്ഞാറമൂട്Updated: Sunday Sep 29, 2024

കല്ലറ ജങ്‌ഷനിലെ സ്മാരകം

വെഞ്ഞാറമൂട്‌
കര്‍ഷകജനതയുടെ പോരാട്ടവീര്യ ചരിത്രമാണ്, കല്ലറ പാങ്ങോട് സമരം. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സമരശ്രേണിയിൽ 26ാം സ്ഥാനമാണ് പാങ്ങോട് സമരത്തിനുള്ളത്. 1936ല്‍ സര്‍ സി പി രാമസ്വാമി തിരുവിതാംകൂര്‍ ദിവാനായതോടെ ചന്തകളില്‍ അമിത നികുതി ഏര്‍പ്പെടുത്തി. നല്‍കാന്‍ വിസമ്മതിക്കുന്നവരെ നേരിടാന്‍ പൊലീസിനെയും ഗുണ്ടകളെയും ഇറക്കി. ജനങ്ങളെ അണിനിരത്തി 1938 ആഗസ്‌ത്‌ 26- മുതല്‍ നിയമ ലംഘന പ്രക്ഷോഭം ആരംഭിക്കാന്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തീരുമാനിച്ചു. കല്ലറ, പാങ്ങോട് പ്രദേശങ്ങളിലെ കര്‍ഷകര്‍ ഒത്തുകൂടി പിരിവ് നല്‍കേണ്ടെന്ന് തീരുമാനിച്ചു. അന്നത്തെ ചീഫ് സെക്രട്ടറി നീലകണ്ഠ അയ്യരുടെ അടുത്ത ബന്ധുവായ മങ്കൊമ്പ് ശര്‍മയ്‌ക്ക് പാങ്ങോട് ഏക്കർകണക്കിന് ഭൂമിയും വലിയ മഠവും ഉണ്ടായിരുന്നു. പൊലീസും ഗുണ്ടകളും ഒരുമിച്ച്‌ ഇവിടെ തമ്പടിച്ചു. മങ്കൊമ്പ് മഠത്തിന്റെ സഹായം സ്വീകരിച്ച് അവരെ പ്രീതിപ്പെടുത്താനായി പൊലീസും റൗഡി സംഘവും പലപ്പോഴും കണ്ണില്‍ ചോരയില്ലാതെ മര്‍ദിച്ചു. സാധനം വാങ്ങാനെത്തിയ കൊച്ചപ്പിപിള്ളയെന്ന ചെറുപ്പക്കാരനെ സമരക്കാരനെന്നാരോപിച്ച് അറസ്റ്റ് ചെയ്തു. പിള്ളയെ മോചിപ്പിക്കുന്നതിനു കര്‍ഷകര്‍ കല്ലറയിലേക്കും പാങ്ങോടിലേക്കുമെത്തി. പൊലീസുമായി സംസാരിക്കാന്‍ പ്രദേശവാസി പട്ടാളം കൃഷ്ണനെ ചുമതലപ്പെടുത്തി. ചർച്ചയ്‌ക്കൊടുവില്‍ കൊച്ചപ്പിപിള്ള മോചിതനായി. മര്‍ദനമേറ്റ പിള്ള നാട്ടുകാരെക്കണ്ട് നിലവിളിച്ചു. ഈ സമയം കല്ലറയിലെത്തിയ കുഞ്ഞുകൃഷ്ണൻ എന്ന പൊലീസുകാരനെ ലത്തീഫ് എന്നയാള്‍ കുത്തി വീഴ്ത്തി. കൊച്ചപ്പി പിള്ളയേയും കൊണ്ട് സമരക്കാർ കല്ലാറിലെത്തിയപ്പോൾ പിള്ള തന്നെ കുഞ്ഞുകൃഷ്ണനെ കൂന്താലികൊണ്ട് വെട്ടിക്കൊന്നു. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ പ്ലാങ്കീഴില്‍ കൃഷ്ണന്‍, ചെറുവാളം കൊച്ചുനാരായണനാശാരി എന്നിവർ മരിച്ചുവീണു. പാതിരാത്രിയോടെ പരിക്കേറ്റ പൊലീസുകാരെ മാറ്റിയെങ്കിലും കൃഷ്ണന്റെയും കൊച്ചുനാരായണന്റെയും മൃതദേഹങ്ങള്‍ മാറ്റാന്‍ പൊലീസ് തയ്യാറായില്ല. ഘാതകന്‍ ഗോപാലന്‍ എന്ന സമരഭടനാണ് കാക്കിധരിച്ച് സ്റ്റേഷനില്‍ കയറി ഇരുവരേയും അതിനു മുന്നില്‍ സംസ്‌ക്കരിച്ചത്. 1940 ഡിസംബര്‍ 18,19 തീയതികളില്‍ കൊച്ചപ്പിപിള്ളയേയും പട്ടാളം കൃഷ്ണനെയും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റി. മൃതദേഹം ബന്ധുക്കള്‍ക്ക് പോലും വിട്ടുകൊടുക്കാതെ അവിടെ തന്നെ കുഴിച്ചുമൂടി.
 
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top