ആലപ്പുഴ
ഭിന്നശേഷി പുനരധിവാസ ഗ്രാമങ്ങൾ എന്ന ആശയത്തിന് സർക്കാർ തുടക്കംകുറിച്ചതായും ഇത്തരം ഗ്രാമങ്ങൾ മാതൃകാപരമായി സജ്ജമാക്കുമെന്നും മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നാലാമത് നൂറുദിന കർമപരിപാടിയോടനുബന്ധിച്ച് നിർമാണം പൂർത്തിയാക്കിയ അനുയാത്ര സെന്റർ ഫോർ ഡിസബിലിറ്റി മാനേജ്മെന്റ് ജില്ലാ പ്രാരംഭ ഇടപെടൽ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. രാജ്യത്തെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റലാണ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. സംസ്ഥാനത്തെ അഞ്ച് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് റീജണൽ ഇന്റർവെൻഷൻ സെന്ററുകൾ പ്രവർത്തിക്കുന്നു. 1156 കുഞ്ഞുങ്ങളെ പൊതുവിദ്യാലയങ്ങളിലേക്ക് എത്തിക്കാൻ മോഡൽ അങ്കണവാടികളിലൂടെ കഴിഞ്ഞു. ഇവ വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. എച്ച് സലാം എംഎൽഎ അധ്യക്ഷനായി. ഡിഇഐസിയിലെ വിദ്യാർഥി ആർദവ് തയ്യാറാക്കിയ കരകൗശല ഉപഹാരം ചടങ്ങിൽ മന്ത്രിക്ക് കൈമാറി. കെട്ടിടനിർമാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ച പിഡബ്ല്യുഡി എക്‌സി. എൻജിനിയർ റംലയ്‌ക്ക് മന്ത്രി ഉപഹാരം സമ്മാനിച്ചു. 3.81 കോടി രൂപ ചെലവഴിച്ചാണ് ആലപ്പുഴ മാതൃ ശിശു ആശുപത്രിയുടെ ആർഎംഒ ക്വാർട്ടേഴ്‌സിന് സമീപം കേന്ദ്രം പ്രവർത്തനസജ്ജമാക്കിയത്. സാമൂഹ്യനീതിവകുപ്പും ആരോഗ്യവകുപ്പും ചേർന്ന് നടത്തുന്ന ആറാമത്തെ കേന്ദ്രമാണ് ആലപ്പുഴയിലേത്. ഭിന്നശേഷി മേഖലയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഈ കേന്ദ്രം വഴി ലഭ്യമാകും.
സാമൂഹിക സുരക്ഷ മിഷൻ എസ്ഐഡി സംസ്ഥാന പ്രോഗ്രാം കോ–-ഓർഡിനേറ്റർ നസീം മേടയിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുന വർഗീസ്, ആരോഗ്യ കേരളം ഡിപിഎം ഡോ. കോശി സി പണിക്കർ, വാർഡ് കൗൺസിലർ സിമി ഷാഫി ഖാൻ, ജില്ലാ സാമൂഹ്യനീതി ഓഫീസർ എ ഒ അബീൻ, കെകെഎസ്എസ്എം അസി. ഡയറക്‌ടർ സന്തോഷ് ജേക്കബ്, മാതൃ ശിശു ആശുപത്രി സൂപ്രണ്ട് ഡോ. കെ കെ ദീപ്തി എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..