കാസർകോട്
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചുള്ള കരുതലും കൈത്താങ്ങും താലൂക്കുതല പരാതി പരിഹാര അദാലത്തിന് ജില്ലയിൽ തുടക്കം.
മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, വി അബ്ദുറഹ്‌മാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്ന് അദാലത്തുകൾ. കാസർകോട് നഗരസഭാ ടൗൺഹാളിൽ നടന്ന കാസർകോട് താലൂക്ക് അദാലത്തിൽ തീർപ്പ് കൽപിക്കാൻ പരിഗണിച്ച ആകെയുള്ള 119 അപേക്ഷകളിൽ മന്ത്രിമാർ നേരിൽകേട്ട് പരിഹാരമുണ്ടാക്കി. അദാലത്തുദിനത്തിൽ പുതിയതായി ലഭിച്ച 46 അപേക്ഷ രണ്ട് ആഴ്ചക്കകം നടപടി സ്വീകരിക്കുന്നതാണെന്ന് കലക്ടർ കെ ഇമ്പശേഖർ അറിയിച്ചു.
അദാലത്ത് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനംചെയ്തു. ജനങ്ങളുമായി മന്ത്രിമാർ നേരിട്ട് സംവദിക്കുന്നതിലൂടെ കൂടുതൽ എളുപ്പത്തിൽ ജനങ്ങൾ അഭിമുഖീകരിക്കുന്ന പരാതികൾക്ക് പരിഹാരം കാണാനുള്ള ശ്രമമാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. കെട്ടിക്കിടക്കുന്ന ഫയലുകൾ വേഗത്തിൽ തീർപ്പാക്കും. മന്ത്രി വി അബ്ദുറഹ്‌മാൻ അധ്യക്ഷനായി.
അദാലത്തുകളിലൂടെയും നവകേരള സദസ് ഉൾപ്പെടെയുള്ള ജനസമ്പർക്ക പരിപാടികളിലൂടെയും കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണത്തിൽ ഗണ്യമായി കുറവുവരുത്താനായെന്ന് മന്ത്രി പറഞ്ഞു. 13 മുൻഗണനാ വിഭാഗങ്ങളിലുള്ള കുടുംബങ്ങൾക്ക് റേഷൻ കാർഡുകൾ മന്ത്രിമാർ വിതരണംചെയ്തു. എംഎൽഎമാരായ എൻ എ നെല്ലിക്കുന്ന്, സി എച്ച് കുഞ്ഞമ്പു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി, കാസർകോട് നഗരസഭാ ചെയർപേഴ്‌സൺ അബ്ബാസ് ബീഗം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സി എ സൈമ, സിജി മാത്യു, പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു. കലക്ടർ കെ ഇമ്പശേഖർ സ്വാഗതവും എഡിഎം പി അഖിൽ നന്ദിയും പറഞ്ഞു.
ഹൊസ്ദുർഗ് താലൂക്ക് അദാലത്ത് ജനുവരി മൂന്നിന് കാഞ്ഞങ്ങാട് മുനിസിപ്പൽ ടൗൺഹാളിലും മഞ്ചേശ്വരം താലൂക്ക് അദാലത്ത് നാലിന് ഉപ്പളയിലും വെള്ളരിക്കുണ്ട് താലൂക്ക് അദാലത്ത് ആറിന് വെള്ളരിക്കുണ്ടിലും നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..