ഇരിട്ടി
ചരൾപ്പുഴയിലെ ചങ്ങല ഗെയിറ്റ് കടവിൽ മരണം മാടിവിളിക്കുന്ന അപകടച്ചുഴികൾ. അപകടകാരിയായ ചുഴികൾ കേന്ദ്രീകരിക്കുന്ന ഈ കടവിൽ ഇതുവരെ മരിച്ചത് പത്തിലധികംപേർ. ശനിയാഴ്ച ഒമ്പത് വയസ്സുകാരൻ ആൽവിൻ കൃഷ്ണയുടെയും വിൻസന്റിന്റെയും മരണം നാടിനെ കണ്ണീരിലാഴ്‌ത്തി. നിരന്തരം മുങ്ങി മരണമുണ്ടാകുന്ന കടവിൽ അപായ സൂചനാബോർഡില്ലാത്തത് അപരിചിതർക്ക് മരണക്കെണിയാണ്. പുറമെ ശാന്തമെന്ന് കരുതി പുഴയിലിറങ്ങുന്നവർ അപകടത്തിൽപ്പെടുമെന്ന് നാട്ടുകാർ പറയുന്നു. ഒരു കൊല്ലം മുമ്പ് രണ്ടു വിദ്യാർഥികൾ ഇവിടെ മുങ്ങി മരിച്ചിരുന്നു.
വള്ളിത്തോട്-–-ചരൾറോഡിൽനിന്ന് പുഴയിലേക്ക് ഇറങ്ങാൻ റോഡ് സൗകര്യമുണ്ട്. പല ഭാഗങ്ങളിൽനിന്നായി അപരിചിതരടക്കം ഈ കടവിലേക്ക് വാഹനത്തിലും മറ്റുമായി പുഴ കാണാൻ എത്തുന്നുണ്ട്. നല്ല നീന്തൽക്കാരല്ലെങ്കിൽ പുഴയിലിറങ്ങുന്നവർ കരയറാൻ ഏറെ ബുദ്ധിമുട്ടേണ്ടി വരുന്ന അപകടക്കടവാണിത്. രോഗബാധിതയായ അമ്മ മറിയാമ്മയെ പരിചരിക്കുന്ന സഹോദരിക്ക് തുണയേകാനാണ് കണ്ണൂർ കൊറ്റാളിയിൽനിന്ന് വിൻസന്റ് ഒരാഴ്‌ച മുമ്പ് ചരളിലെ സഹോദരി ജെസിയുടെ വീട്ടിലെത്തിയത്. മറിയാമ്മ മംഗളൂരു ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ സമയത്ത് കാണാൻ പറ്റിയില്ലെന്ന തോന്നലിലാണ് വിൻസന്റിന്റെ അയൽക്കാരി കൊറ്റാളിയിലെ സുരേഖ മകൻ ആൽവിൻ കൃഷ്ണക്കൊപ്പം ശനിയാഴ്‌ച ചരളിൽ ജെസിയുടെ വീട്ടിലെത്തിയത്.
നൊമ്പരമായി ജെറിൻ
കൊളക്കാട്
ബാവലിപ്പുഴയിൽ കുളിക്കാൻപോയ ജെറിൻ ജോസഫ് കയത്തിൽ മുങ്ങിമരിച്ചത് വിശ്വസിക്കാനാകാതെ നാട്. ബന്ധുവും സുഹൃത്തുമായ മനുവിന്റെ വിവാഹത്തോടനുബന്ധിച്ച് രണ്ടുദിവസമായി ഓടിനടന്നുള്ള ജോലിയിലായിരുന്നു ജെറിനും മറ്റു കൂട്ടുകാരും. ശനിയാഴ്ച വിവാഹച്ചടങ്ങുകൾ കഴിഞ്ഞ് കൂട്ടുകാർക്കൊപ്പം കുളിക്കാനാണ് ബാവലിപ്പുഴയിലേക്ക് പോയത്. കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെയാണ് ജെറിൻ കയത്തിൽ അക്കപെട്ടത്.
അച്ഛൻ നേരത്തെ മരിച്ചതോടെ ജെറിനെയും സഹോദരിയെയും കഷ്ടപെട്ടാണ് അമ്മ ജെസ്സി വളർത്തിയത്. പഠനത്തിൽ മികവുപുലർത്തിയ ജെറിൻ മുരിങ്ങോടി മാതൃക എൽപി സ്കൂളിൽ താൽക്കാലിക അധ്യാപകനായും ജോലി ചെയ്തിരുന്നു. സഹോദരി നഴ്സിങ് വിദ്യാർഥിയാണ്. നാടിന് സഹായമായും പൊതുപ്രവർത്തന രംഗത്തും ജെറിൻ നിറഞ്ഞുനിന്നിരിന്നു. സിപിഐ എം നെല്ലിക്കുന്ന് ബ്രാഞ്ചംഗവും കെസിവൈഎമ്മിന്റെ ഭാരവാഹിയുമാണ്. നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ സൺഡേ സ്കൂൾ അധ്യാപകനുമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..