23 December Monday

കേരളത്തെ വർഗീയവൽക്കരിക്കാനുള്ള 
നീക്കം ചെറുക്കണം: എ വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024

എ പത്മനാഭൻ , കെ എസ്‌ ശങ്കരൻ അനുസ്‌മരണ യോഗം എ ഐ എ ഡബ്ല്യു യു അഖിലേന്ത്യാ പ്രസിഡന്റ്‌ എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യുന്നു

തൃശൂർ
ബിജെപിയും യുഡിഎഫും ജാതി മത സംഘടനകളും ചേർന്ന്‌ കേരളത്തെ വർഗീയവൽക്കരിക്കുകയാണെന്ന്‌ കർഷകത്തൊഴിലാളി യൂണിയൻ അഖിലേന്ത്യാ പ്രസിഡന്റ്‌  എ വിജയരാഘവൻ പറഞ്ഞു. നവോത്ഥാന പോരാട്ടങ്ങളിലൂടെ കേരളം നേടിയെടുത്ത  മൂല്യ ബോധങ്ങളെ പ്രതിലോമ ശക്തികൾ തകർക്കുകയാണ്‌.  ഇതിനെതിരെ ജാഗ്രതവേണമെന്നും    അദ്ദേഹം പറഞ്ഞു.  കെഎസ്‌കെടിയു നേതാക്കളായിരുന്ന എ പത്മനാഭൻ,  കെ എസ് ശങ്കരൻ അനുസ്മരണ സമ്മേളനം തൃശൂരിൽ  ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
 കേരളത്തിൽ ഇടതുപക്ഷത്തിന്‌ തുടർഭരണം ലഭിച്ചത്‌  പ്രതിലോമശക്തികൾക്ക്‌ ഇഷ്ടപ്പെട്ടിട്ടില്ല. അതിനാൽ പുരോഗമനവിരുദ്ധ ചേരികളാകെ ഒന്നായി  ഇടതുപക്ഷത്തിനെതിരെ രംഗത്ത്‌ എത്തിയിരിക്കയാണ്‌.  യുഡിഎഫും ബിജെപിയും ചേർന്ന്‌  എല്ലാ വിഷയങ്ങളിലും ജാതീയതയും വർഗീയതയും കുത്തിനിറയ്‌ക്കുകയാണ്‌.      
ഇടതുപക്ഷം എല്ലാക്കാലത്തും മതനിരപേക്ഷതയാണ്‌ ഉയർത്തിപ്പിടിക്കുന്നത്‌. ജാതി–- മത ശക്തികളോട്‌  വിട്ടുവീഴ്‌ച ചെയ്യില്ല. എന്നാൽ ജനങ്ങളെ ജാതീയമായി ഭിന്നിപ്പിച്ച്‌ ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറ തകർക്കാനാണ്‌ ശ്രമം. ഇതിനെതിരെ പോരാട്ടങ്ങൾ ഉയരണം.
  കേരള സാമൂഹ്യ ഘടനയിൽ മാറ്റം വരുത്തിയത്‌ കർഷക–- കർഷക ത്തൊഴിലാളി പ്രസ്ഥാനങ്ങളാണ്‌.  പോരാട്ടങ്ങളിൽ എ പത്മനാഭനും കെ എസ്‌ ശങ്കരനും ത്യാഗോജ്വല പ്രവർത്തനങ്ങളാണ്‌ നടത്തിയത്‌. പുതുതലമുറ ആ ത്യാഗ സന്നദ്ധത ഏറ്റെടുക്കണമെന്നും വിജയരാഘവൻ പറഞ്ഞു.   
യോഗത്തിൽ കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ്‌ എം കെ പ്രഭാകരൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്, കെഎസ് കെടിയു സംസ്ഥാന പ്രസിഡന്റ് എൻ ആർ ബാലൻ, ജനറൽ സെക്രട്ടറി എൻ ചന്ദ്രൻ, കേന്ദ്ര വർക്കിങ് കമ്മിറ്റി അംഗം ലളിത ബാലൻ, ജില്ലാ സെക്രട്ടറി ടി കെ വാസു, ട്രഷറർ വർഗീസ്‌ കണ്ടംകുളത്തി  എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top