കാസർകോട്
ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ മുളിയാർ എബിസി കേന്ദ്രത്തിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കാൻ ജില്ലാപഞ്ചായത്ത് ഭരണ സമിതി യോഗം തീരുമാനിച്ചു. സിൽക് സമർപ്പിച്ച അറുപത് കൂടുകൾ എന്നത് 100 ആയി വർധിപ്പിച്ച് കേന്ദ്രം ആരംഭിക്കും. പ്രീഫാബ് പദ്ധതിയിൽ ബാക്കിയുള്ള 78,57,654 രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. സർക്കാരിന്റെ നൂറു ദിന പരിപാടിയോടനുബന്ധിച്ച് കേന്ദ്രം പ്രവർത്തനം ആരംഭിക്കും. എബിസി കേന്ദ്രം കൂടു നിർമാണത്തിനുള്ള മത്സരാധിഷ്ഠിത ബിഡ് അംഗീകരിക്കുന്നതിന് യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി അധ്യക്ഷയായി.
ടാറ്റാ ആശുപത്രി
കണ്ടെയ്നറുകൾ കെെമാറും
ജില്ലാ പഞ്ചായത്ത് നിയന്ത്രണത്തിൽ ടാറ്റാ ട്രസ്റ്റ് ഗവ. ആശുപത്രിയിലെ കണ്ടെയ്നറുകൾ അനുവദിക്കുന്നതിന് തീരുമാനിച്ചു. സ്ഥലത്ത് സ്‌പെഷ്യലിറ്റി ആശുപത്രി നിർമിക്കുന്നതിനാണ് 28 കണ്ടെയ്‌നർ നീക്കം ചെയ്യുന്നത്. ബാക്കിയുള്ള നാലെണ്ണത്തിൽ രണ്ടെണ്ണം ജില്ലാ മൃഗസംരക്ഷണ ഓഫീസർക്കും രണ്ടെണ്ണം സ്‌പെഷ്യൽ തഹസിൽദാർ എൽ എ കാസർകോടിനും നൽകുന്നതിന് തീരുമാനിച്ചു. 24 എണ്ണം നീക്കം ചെയ്യാൻ നേരത്തേ അനുമതിയായിരുന്നു.
റൈസിങ് കാസർകോടിന്റെ തുടർ പ്രവർത്തനങ്ങൾ നടത്തുന്നതിന് തീരുമാനിച്ചു. ചട്ടഞ്ചാൽ വ്യവസായ പാർക്കിൽ ഉള്ള ഭൂമി ആവശ്യക്കാർക്ക് പ്ലോട്ടുകളാക്കി അനുവദിക്കും. ചട്ടഞ്ചാൽ വ്യവസായ പാർക്കിൽ സഫലം വനിതാ കശുവണ്ടി സംസ്‌കരണ യൂണിറ്റിന്റെ കരാർ പുതുക്കി നൽകുന്നതിനും യോഗം തീരുമാനിച്ചു. ചട്ടഞ്ചാൽ വ്യവസായ പാർക്കിലുള്ള ഓക്‌സിജൻ പ്ലാന്റ് പ്രവർത്തനം അടിയന്തിരമായി ആരംഭിക്കാനും തീരുമാനിച്ചു.
ജില്ലാ പഞ്ചായത്ത് കോമ്പൗണ്ട് ലാൻഡ്‌സ്‌കേപിങ്ങും ശിൽപ്പ ഉദ്യാനവും പ്രവൃത്തി ഒക്ടോബറിനകം പൂർത്തിയാക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..