കാസർകോട്
സംസ്ഥാന ജൈവവൈവിധ്യ സംരക്ഷണ പുരസ്‌കാരത്തിന്റെ തിളക്കത്തിൽ സത്യനാരായണ ബൊളേരി. ജൈവവൈവിധ്യ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനം കാഴ്‌ചവയ്‌ക്കുന്നവർക്ക് സംസ്ഥാന ജൈവവൈവിധ്യ ബോർഡാണ് പുരസ്‌കാരം നൽകുന്നത്. മികച്ച സംരക്ഷക കർഷകനുള്ള പുരസ്‌കാരമാണ് സത്യനാരായണയ്‌ക്ക് ലഭിച്ചത്. 650 നെല്ലിനങ്ങളുടെ വിത്തുകൾ കേടുകൂടാതെ സംരക്ഷിച്ചതിന് ബള്ളൂർ സ്വദേശിയായ സത്യനാരായണ ബൊളേരിക്ക് പത്മശ്രീ ലഭിച്ചിരുന്നു.
കയമ, രാജകയമ, തവളക്കണ്ണൻ, ഞവര, രക്തശാലി, കാളജീര തുടങ്ങിയ ഇനങ്ങളാണ് ബൊളേരി പ്രധാനമായും കൃഷിയിറക്കുന്നത്. ഗാന്ധിയൻ ചെർക്കാടി രാമചന്ദ്രരായ നൽകിയ നെൽവിത്തുകൾ ഉപയോഗിച്ചാണ് ഇദ്ദേഹം നെൽകൃഷി ആരംഭിച്ചത്. ഏടിക്കൂണി, വെള്ളത്തൊവൻ, ചിട്ടെനി, അക്രികായ, നരിക്കേല, സുഗ്ഗി കായമ, വെള്ളത്തൂവൻ, ഗന്ധശാല, രാജമുടി, ജുഗൽ കഗ്ഗ, കരിജെഡു, പരംബു ഉച്ചൻ, മൈസൂർ മല്ലിഗെ എന്നിവയാണ് ഇദ്ദേഹത്തിന്റെ ശേഖരത്തിലെ പ്രധാന നെൽ ഇനങ്ങൾ. നെൽവിത്തുകൾ കൂടാതെ അടക്ക, ജാതിക്ക, കുരുമുളക് എന്നിവയുടെയും പരമ്പരാഗത വിത്തുകളും സൂക്ഷിക്കുന്നു.
നെൽവിത്തുകൾ സംരക്ഷിക്കുമ്പോഴും പ്രതിഫലമില്ലാതെയാണ് ഗവേഷണങ്ങൾക്ക് ഇദ്ദേഹം നെൽവിത്തുകൾ അയക്കുന്നത്. നെൽകൃഷി കൂടാതെ റബർ, അടക്ക, തെങ്ങ്, വാഴകൃഷികളും ചെയ്യുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..