തിരുവനന്തപുരം
അപൂർവ ജനിതകരോഗ ബാധിതയായ മകളെ സുരക്ഷിതയായി താമസിപ്പിക്കുന്നതിന് കഴിയുന്നില്ലല്ലോ എന്ന വിഷമത്തിലായിരുന്നു പ്രവീണയും കുടുംബവും. അടച്ചുറപ്പുള്ള വീടെന്ന സ്വപ്നവുമായാണ് കോർപറേഷൻതല അദാലത്തിൽ എത്തിയത്.
ഇനി ഇവർക്ക് ആശ്വസിക്കാം. കോർപറേഷൻതല അദാലത്തിൽ പുഞ്ചക്കരി വാർഡ് സ്വദേശിയായ പ്രവീണയ്‌ക്ക് സുരക്ഷിതമായ വീട് ലഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ മന്ത്രി എം ബി രാജേഷ് നിർദേശം നൽകി.
നിലവിൽ 18 വർഷം പഴക്കമുള്ള നിർമാണം പാതിവഴിയിൽ നിലച്ച വീട്ടിലാണ് ഇവർ താമസിക്കുന്നത്. ലൈഫ് പിഎംഎവൈ പദ്ധതി പ്രകാരം മൂന്ന് സെന്റ് വസ്തുവിൽ വീട് വയ്‌ക്കുന്നതിന് നാല് ലക്ഷം രൂപ കോർപറേഷനിൽ നിന്ന് അനുവദിച്ചിരുന്നു.
മൊസേക് ടർണർ സിൻഡ്രോം എന്ന ജനിതകരോഗ ബാധിതയാണ് പ്രവീണയുടെ ഇളയമകൾ. ഓട്ടോറിക്ഷത്തൊഴിലാളിയായ ഭർത്താവ് ജയന്റെ വരുമാനം മാത്രമാണ് കുടുംബത്തിന് ആശ്രയം. മകളുടെ ചികിത്സയ്‌ക്ക് വലിയൊരു തുക വേണം. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്നും രോഗബാധിതയായ മകളുള്ളതിനാലും നിലവിലെ വീട് പൊളിച്ചുമാറ്റി പുതിയ വീട് വയ്‌ക്കുകയെന്നത് സാധ്യമല്ല.
അതിനാൽ, കെട്ടിടം പൊളിച്ചുമാറ്റാതെ പുതിയ കെട്ടിടം നിർമിക്കുന്നതിനുള്ള അനുമതിക്കായാണ് പ്രവീണ അദാലത്തിൽ അപേക്ഷിച്ചത്.
ലൈഫ് പദ്ധതി പ്രകാരം പുതിയ വീട് വയ്ക്കുന്നതിന് ആവശ്യമായ ധനസഹായം ഉറപ്പാക്കുന്നതിനൊപ്പം വീട് പൂർത്തീകരിക്കുന്നതിനാവശ്യമായ തുക കോർപറേഷന്റെ സ്വന്തം ഫണ്ടിൽനിന്നോ സ്‌പോൺസർഷിപ് വഴിയോ കണ്ടെത്തുന്നതിന് നിർദേശം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..