22 December Sunday

ആശ്വാസം അതിവേഗം

സ്വന്തം ലേഖകൻUpdated: Friday Aug 30, 2024

കെട്ടിട നമ്പർ ലഭിക്കുന്നതിനുള്ള സാങ്കേതിക തടസ്സ]ങ്ങൾ നീക്കണമെന്ന അപേക്ഷയുമായി എത്തിയ കുലശേഖരം സ്വദേശി ജ​ഗദമ്മ പരിഹാരം ലഭിച്ചതോടെ മന്ത്രിയോട് നന്ദി പറയുന്നു

തിരുവനന്തപുരം 
ആകുലതകളുമായി എത്തിയവർ മടങ്ങി, ചിരിച്ച മുഖവുമായി. നിയമപരമായി തീർപ്പാക്കാവുന്ന മുഴുവൻ അപേക്ഷകൾക്കും കോർപറേഷൻതല അദാലത്തിൽ പരിഹാരം കണ്ടു. 552 പരാതി തീർപ്പാക്കി. ഇതിൽ 497ഉം പരാതിക്കാർക്ക് അനുകൂലമായി. നിയമപരമായി ഒരു തരത്തിലും പരിഹാരം കാണാൻ കഴിയാത്തതിനാൽ 52 പരാതി നിരസിച്ചു. 521 അപേക്ഷയാണ്‌ ഓൺലൈനിൽ ലഭിച്ചത്‌. ഇവ മുഴുവൻ തീർപ്പാക്കി. 251 എണ്ണം അദാലത്തിൽ നേരിട്ടെത്തി. ഇവയിൽ 31 എണ്ണം തീർപ്പാക്കി. എട്ടെണ്ണം നിരസിച്ചു. ബാക്കിയുള്ളവ തുടർ പരിശോധനകൾക്ക് കൈമാറി. ഇവ രണ്ടാഴ്‌ചയ്ക്കുള്ളിൽ പരിഹരിക്കും.
റിയൽ എസ്റ്റേറ്റുകാർ നിയമവിരുദ്ധമായി വിഭജനം നടത്തിയ ഭൂമി വാങ്ങിയവർക്ക് കെട്ടിട നിർമാണ അനുമതി നിഷേധിക്കപ്പെടുന്ന പ്രവണതയുണ്ടെന്ന്‌ മന്ത്രി എം ബി രാജേഷ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ ഇത്തരത്തിൽ വസ്‌തുവാങ്ങി പ്രതിസന്ധിയിലായവർക്ക്‌ പെർമിറ്റ് അനുവദിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ റിയൽ എസ്റ്റേറ്റുകാരുടെ പക്കൽ  ശേഷിക്കുന്ന നിയമവിരുദ്ധമായി വിഭജനം നടത്തിയ ഭൂമിയിൽ നിർമാണ അനുമതി നൽകരുതെന്നും നിർദേശിച്ചിട്ടുണ്ട്. തുടർന്നുള്ള കൈമാറ്റം തടയാൻ ആവശ്യമായ നിയമഭേദഗതി കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന അദാലത്ത്‌ മന്ത്രി എം ബി രാജേഷ്‌ ഉദ്‌ഘാടനം ചെയ്‌തു.  
മേയർ ആര്യ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി കെ രാജു, തദ്ദേശ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമ, പ്രിൻസിപ്പൽ ഡയറക്ടർ എസ് സാംബശിവ റാവു, റൂറൽ ഡയറക്ടർ ദിനേശൻ ചെറുവാട്ട്, അർബൻ ഡയറക്ടർ സൂരജ് ഷാജി, ചീഫ് എൻജിനീയർ കെ ജി സന്ദീപ്‌, ചീഫ് ടൗൺ പ്ലാനർ ഷിജി ചന്ദ്രൻ, കോർപറേഷൻ സെക്രട്ടറി എസ്‌ ജഹാംഗീർ എന്നിവർ അദാലത്തിന് നേതൃത്വം നൽകി. എംഎൽഎമാരായ വി കെ പ്രശാന്ത്‌, ആന്റണി രാജു, എൽഡിഎഫ്‌ ലീഡർ ഡി ആർ അനിൽ, സ്ഥിരം സമിതി അധ്യക്ഷരായ ഷാജിത നാസർ, ക്ലൈനസ്‌ റൊസാരിയോ, ഗായത്രി ബാബു, മേടയിൽ വിക്രമൻ,  തുടങ്ങിയവർ പങ്കെടുത്തു.ഉദ്ഘാടന ചടങ്ങിൽ വച്ച് മണക്കാട്, വലിയശാല വാർഡുകളിലെ ഹരിതകർമ സേനാംഗങ്ങൾ ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രിക്ക് കൈമാറി.
 
അദാലത്തുകൾ ആവശ്യമില്ലാത്തവിധം വകുപ്പ്‌ കാര്യക്ഷമമാക്കും: മന്ത്രി 
തിരുവനന്തപുരം
കെട്ടിക്കിടക്കുന്ന പരാതികൾക്കായി അദാലത്തുകൾ നടത്തേണ്ടിവരാത്തവിധം കാര്യക്ഷമമാക്കി തദ്ദേശസ്വയംഭരണ സംവിധാനത്തെ മാറ്റിയെടുക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി എം ബി രാജേഷ്. തിരുവനന്തപുരം കോർപറേഷൻതല തദ്ദേശ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തദ്ദേശ സ്ഥാപനങ്ങളിൽ പരാതികൾ തീർപ്പാകാതെ കെട്ടിക്കിടക്കുമ്പോഴാണ് അദാലത്തുകൾ നടത്തുന്നത്. 
ഇപ്പോൾ നടത്തുന്ന തദ്ദേശ അദാലത്തുകളിലൂടെ നിയമപരമായി തീർപ്പാക്കാവുന്ന മുഴുവൻ പരാതികളും പരിഹരിക്കും. കാലതാമസമില്ലാതെ സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ തുടക്കമാണ്‌ അദാലത്തുകൾ. ഇതു കഴിഞ്ഞാൽ അദാലത്തുകളേ ആവശ്യമില്ലാത്തവിധം സംവിധാനം കാര്യക്ഷമമാക്കും.ഫയലുകളുടെ നീക്കം സുതാര്യമാക്കുകയും ഇത് ജനങ്ങൾക്ക് മനസ്സിലാക്കാൻ അവസരം ഉണ്ടാക്കുകയും ചെയ്യും. 
നിയമത്തിനകത്തുനിന്നുകൊണ്ടേ ഉത്തരവുകൾ പുറപ്പെടുവിക്കാൻ കഴിയൂ. ഇതുവരെ പൂർത്തിയായ ഏഴ് അദാലത്തുകളിലായി 90 ശതമാനം പരാതികൾക്കും തീർപ്പുണ്ടാക്കിയെന്നും മന്ത്രി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top