31 October Thursday

മലയാളദിനം, ഭരണഭാഷാ വാരാഘോഷം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 30, 2024
കോട്ടയം
മലയാളദിനം, ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച്‌ ജില്ലയിൽ സംഘടിപ്പിക്കുന്നത്‌ വിപുലമായ പരിപാടികൾ. ജില്ലാ ഭരണകേന്ദ്രത്തിന്റെയും വിവര-പൊതുജനസമ്പർക്ക വകുപ്പിന്റെയും വിവിധ വകുപ്പുകളുടേയും നേതൃത്വത്തിലാണ് പരിപാടികൾ. ജില്ലാതല ഉദ്ഘാടനം നവംബർ ഒന്നിന്‌ രാവിലെ ഒമ്പതിന്‌ കലക്ടറേറ്റിലെ വിപഞ്ചിക കോൺഫറൻസ് ഹാളിൽ മന്ത്രി വി എൻ വാസവൻ നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു ‘എന്റെ വാക്ക്' കുറിക്കൽ നടത്തും. വാരാഘോഷവുമായി ബന്ധപ്പെട്ട്‌ കലക്ടർ ജോൺ വി സാമുവലിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി ആനന്ദ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ അരുൺകുമാർ എന്നിവർ സംസാരിച്ചു.
 
സർക്കാർ ജീവനക്കാർക്കായി മത്സരങ്ങൾ 
വാരാഘോഷത്തിന്റെ ഭാഗമായി ശനിയാഴ്ച ജില്ലയിലെ സർക്കാർ ജീവനക്കാർക്കായി സാഹിത്യരചനാ മത്സരങ്ങൾ നടത്തും. വിപഞ്ചിക ഹാളിൽ പകൽ 11ന് കഥാരചന, രണ്ടിന് കവിതാരചനാ മത്സരങ്ങൾ നടക്കും. ഞായറാഴ്ച ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ പ്രഭാഷണം നടക്കും. പകൽ 1.30ന് കോട്ടയം ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ‘ഭാഷയും ഭരണകൂടവും’ എന്ന വിഷയത്തിൽ സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ എ ജി ഒലീന സംസാരിക്കും.
 
വിദ്യാലയങ്ങളിലും 
ഓഫീസുകളിലും പ്രതിജ്ഞ
വാരാഘോഷത്തോടനുബന്ധിച്ച്‌ വെള്ളിയാഴ്ച സർക്കാർ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഓഫീസ് തലവന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ഭരണഭാഷാ പ്രതിജ്ഞയെടുക്കും. സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർഥികളും അധ്യാപകരും മലയാളഭാഷാ പ്രതിജ്ഞയെടുക്കും.
ഓഫീസുകളിലും വിദ്യാലയങ്ങളിലും ആഘോഷത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ, സെമിനാറുകൾ, പ്രഭാഷണങ്ങൾ, ചർച്ചകൾ, സമ്മേളനങ്ങൾ, ക്ലാസുകൾ എന്നിവ സംഘടിപ്പിക്കും. ഓഫീസുകളിൽ ഭരണരംഗത്ത് ഉപയോഗിക്കുന്ന ആംഗലേയ പദങ്ങളുടെ സമാനമലയാള പദങ്ങൾ എഴുതി എല്ലാദിവസവും പ്രദർശിപ്പിക്കും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top