ആലപ്പുഴ
ആർപ്പുവിളികളും വഞ്ചിപ്പാട്ടുകളും അലതല്ലിയ പുന്നമടയുടെ ഓളപരപ്പിലേക്ക് ജലചക്രവർത്തിയുടെ രാജകീയ വരവ്. 70–-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ പരിശീലനത്തിനായി ചൊവ്വാഴ്ച കാരിച്ചാൽ ചുണ്ടൻ പുന്നമടയിലെ ട്രാക്കിലേക്ക് വന്നപ്പോൾ ആവേശം ആർത്തുപൊങ്ങി.
നെഹ്‌റുവിന്റെ കൈയൊപ്പിട്ട വെള്ളി ട്രോഫി കൂടുതൽ തവണ നേടിയ കാരിച്ചാൽ ചുണ്ടനിൽ ഇക്കുറി പള്ളാത്തുരുത്തി ബോട്ട് ക്ലബാണ് അങ്കത്തിനിറങ്ങുന്നത്. തുടർച്ചയായി നാല് തവണ നെഹ്‌റുട്രോഫി നേടിയ ആത്മവിശ്വാസത്തിലാണ് പിബിസിയുടെ കുതിപ്പ്.
കപ്പുറപ്പിക്കാൻ ബോട്ടുകളിലും ചെറുവള്ളങ്ങളിലുമായി പുന്നമടയുടെ ഇരുകരകളിലും കരക്കാരും ആരാധകരുമുണ്ടായിരുന്നു. കാരിച്ചാലിന്റെ ട്രാക്കിലെ മൂന്നാം ദിവസത്തെ പരിശീലനമായിരുന്നു ഇത്. നാല് മിനിറ്റ് 41 സെക്കൻഡിലാണ് പൂർത്തിയാക്കിയത്. നിലവിൽ ട്രാക്കിൽ പരിശീലനം നടത്തിയ ചുണ്ടൻ വള്ളങ്ങളിൽ ഏറ്റവും കുറഞ്ഞ സമയം എടുത്തതും കാരിച്ചാലാണ്. ‘ദിവസം കൂടുന്തോറും വേഗത്തിൽ ഫിനിഷ് ചെയ്യാൻ പറ്റുന്നുണ്ട്. ഇക്കുറി കപ്പ് നേടുമെന്നുറപ്പാണ്’ പള്ളാത്തുരുത്തി ബോട്ട് ക്ലബ് സെക്രട്ടറി സുനീർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..