05 November Tuesday

അനീഷിന്‌ അതിജീവന കരുത്തേകി ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2024

ജീപ്പ്‌ കൈമാറിയ ശേഷം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫും സെക്രട്ടറി വി കെ സനോജും മറ്റ്‌ 
ഡിവൈഎഫ്‌ഐ നേതാക്കളും അനീഷിനും ഭാര്യക്കുമൊപ്പം

സ്വന്തം ലേഖകൻ
മാനിവയൽ
"ദുരന്തം നടന്ന ദിവസം മുതൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ എല്ലാ ദിവസവും വന്ന്‌  എന്തിനും കൂടെയുണ്ടെന്ന്‌ ഉറപ്പ്‌ നൽകി. തുടർജീവിതത്തിന്‌ ഇവർ നൽകിയ പിന്തുണ മറക്കാനാവില്ല. വെറും വാഗ്‌ദാനമായിരുന്നില്ല അവരുടെ വാക്കുകൾ...' ചൂരൽമല ഉരുൾപൊട്ടലിൽ മക്കളെയും അമ്മയെയുമടക്കം നഷ്‌ടപ്പെട്ടതിന്റെ കണ്ണീരോർമക്കിടയിലും അനീഷിന്റെ വാക്കുകളിൽ അതിജീവനത്തിന്റെ തെളിച്ചം.   ഭാര്യ സയനക്കൊപ്പം മാനിവയലിൽ കഴിയുന്ന അനീഷ്‌ ഡിവൈഎഫ്‌ഐ ജീപ്പ്‌ നൽകിയ ചടങ്ങിൽ സംസാരിക്കുകയായിരുന്നു. ചൂരൽമല സ്‌കൂൾ റോഡിലെ താമസക്കാരനായിരുന്ന അനീഷ്‌ വിനോദസഞ്ചാരകേന്ദ്രമായ തൊള്ളായിരം കണ്ടിയിൽ ജീപ്പോടിച്ചായിരുന്നു കുടുംബം പോറ്റിയിരുന്നത്‌. ജീപ്പോടിച്ച്‌ വീട്ടിലേക്ക്‌ തിരിച്ചു വരുമ്പോൾ  ഓടിയെത്തുന്ന മക്കളുടെ ഓർമയും അനീഷ്‌ പങ്കുവെച്ചു. 
    അനീഷിന്റെ നഷ്‌ടം നികത്താൻ കഴിയില്ലെങ്കിലും പുതിയ ജീവിതത്തിലേക്ക്‌ അനീഷിനെ കൊണ്ടുവരുന്നതിനാണ്‌ ഡിവൈഎഫ്‌ഐ കരുത്തേകുന്നതെന്ന്‌ സംസ്ഥാന  സെക്രട്ടറി വി കെ സനോജും പ്രസിഡന്റ്‌ വി വസീഫും പറഞ്ഞു.  ദുരന്തത്തിൽ 25 വീടുകളാണ്‌ ഡിവൈഎഫ്‌ഐ നിർമിക്കുന്നത്‌. 
സർക്കാർ മാർഗനിർദ്ദേശപ്രകാരമാണ്‌ വീട്‌ നിർമാണം. നിർമാണത്തിന്‌ എല്ലാ ഭാഗത്തുനിന്നും വലിയ സഹകരണമാണ്‌ ലഭിക്കുന്നത്‌. തീരുമാനിച്ചതിനേക്കാൾ കൂടുതൽ വീടുകൾ നിർമിക്കാൻ  കഴിയുമെന്നാണ്‌ പ്രതീക്ഷയെന്നും ഡിവൈഎഫ്‌ഐ നേതാക്കൾ പറഞ്ഞു.  ഡിവൈഎഫ്‌ഐ നേതാക്കൾ ദിവസങ്ങൾക്ക്‌ മുമ്പ്‌ അനീഷിന്റെ വീട്ടിലെത്തിയപ്പോഴാണ്‌ ജീപ്പ്‌ നൽകാമെന്ന  വാഗ്‌ദാനം അറിയിച്ചത്‌. പത്ത്‌ ദിവസത്തിനുള്ളിൽ വാഗ്‌ദാനം നിറവേറ്റാൻ കഴിഞ്ഞു.  
   ഉരുൾപൊട്ടലുണ്ടായ നാൾമുതൽ രക്ഷാപ്രവർത്തനത്തിൽ സജീവ സാന്നിധ്യമായ ഡിവൈഎഫ്‌ഐ ദുരിതബാധിതർക്ക്‌ ജീവിതം കെട്ടിപ്പടുക്കുന്നതിലും മുൻപന്തിയിലാണ്‌. 
ഇതിന്റെ ഭാഗമായാണ്‌ അനീഷിനെ പോലുള്ളവർക്ക്‌ താങ്ങാവുന്നതും. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ്‌, സെക്രട്ടറി കെ റഫീഖ്‌, ട്രഷറർ കെ ആർ ജിതിൻ, സി ഷംസുദ്ദീൻ, അർജുൻ ഗോപാൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top